കരുതൽ വേണം; ചെങ്കണ്ണും ചിക്കൻപോക്സും പടരുന്നു, കൂടുതലും വിദ്യാർഥികളിൽ
text_fieldsകൊച്ചി: കാലാവസ്ഥ വ്യതിയാനം മൂലം ചെങ്കണ്ണും ചിക്കൻ പോക്സും വ്യാപകമാകുന്നു. കാലം തെറ്റിയും നിൽക്കുന്ന ചൂടാണ് ഈ രണ്ട് അസുഖങ്ങളും വ്യാപകമാകാൻ കാരണമാകുന്നതെന്നാണ് സൂചന. ജില്ലയിൽ സർക്കാർ-സ്വകാര്യ ആശുപത്രികളിലായി നിരവധിപേർ ചെങ്കണ്ണ് ബാധിച്ച് ചികിത്സ തേടിയെത്തുന്നുണ്ട്. വിദ്യാർഥികൾക്കാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതുമൂലം കൂടുതൽ പേരിലേക്ക് പകരുന്നു.
ജില്ലയുടെ പലഭാഗങ്ങളിലും സ്കൂൾ വിദ്യാർഥികൾക്ക് കൂട്ടത്തോടെയാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടൊപ്പമാണ് ചിക്കൻപോക്സും വ്യാപകമാകുന്നത്. രണ്ടും സാംക്രമിക രോഗങ്ങളായതിനാൽ ദിനംപ്രതി ഇത് ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. നേത്ര പടലത്തിലുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് രോഗത്തിന് കാരണം. ബാക്ടീരിയ മൂലമോ വൈറ്റസ് മൂലമോ ഇത്തരം അണുബാധയുണ്ടാകും. വേരിസെല്ലസോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സ് പരത്തുന്നത്. ചൂടുകാലമാണ് രണ്ട് രോഗങ്ങളുടെയും വ്യാപനകാലം. രോഗിയുടെ വായിൽ നിന്നും മൂക്കിൽ നിന്നുമുളള സ്രവങ്ങളാണ് ചിക്കൻപോക്സ് പരത്തുന്നത്. കൂടാതെ സ്പർശനം വഴിയും ചുമ, തുമ്മൽ വഴിയും രോഗം പകരുന്നുണ്ട്.
ചിക്കൻപോക്സ്
ലക്ഷണങ്ങൾ
- പനി
- കുമിളകൾ പ്രത്യക്ഷപ്പെടുക
- ചൊറിച്ചിൽ
പ്രതിരോധ മാർഗങ്ങൾ
- മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക
- കുരുക്കൾ രൂപപ്പെട്ട് ആറ് മുതൽ 10 ദിവസം വരെ രോഗം പരത്തുമെന്നതിനാൽ ഈ കാലയളവിൽ സ്കൂൾ, ജോലിസ്ഥലം അടക്കമുള്ള സമ്പർക്കം ഒഴിവാക്കണം
- കുരുക്കൾ പൊട്ടിക്കാതിരിക്കുക
- പോഷക ഭക്ഷണം കഴിക്കുക
- പച്ചക്കറികൾ കൂടുതലായി കഴിക്കുക
- തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
- വൈദ്യസഹായം തേടുക
- വിശ്രമിക്കുക
ഇക്കാര്യം ശ്രദ്ധിക്കാം:
ഗർഭത്തിന്റെ ഒമ്പതു മുതൽ 16 വരെയുള്ള ആഴ്ചയിൽ മാതാവിന് ചിക്കൻ പോക്സ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് സങ്കീർണതകളുണ്ടാക്കാറുണ്ട്. ചിക്കൻപോക്സിനൊപ്പം ന്യുമോണിയ കൂടി ബാധിക്കുന്നത് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ചിക്കൻ പോക്സ് സങ്കീർണതകൾ സൃഷ്ടിക്കാറുണ്ട്.
ചെങ്കണ്ണ്
ലക്ഷണങ്ങൾ
- കണ്ണിൽ ചൊറിച്ചിൽ
- കൺപോളകളിലെ തടിപ്പ്
- കണ്ണുകൾക്ക് ചുവപ്പ് നിറം
- പീളകെട്ടൽ
- തലവേദന
- വെളിച്ചമടിക്കുമ്പോഴുള്ള അസ്വസ്ഥത
- കണ്ണിനുള്ളിലെന്തോ പോയ അവസ്ഥ
പ്രതിരോധ മാർഗങ്ങൾ
- സ്വയം ചികിത്സ ഒഴിവാക്കി കൃത്യമായ വൈദ്യ സഹായം തേടുക
- കണ്ണിനും ശരീരത്തിനും വിശ്രമം നൽകുക
- ശരിയായി ഉറങ്ങുക
- ടി.വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക
- ചൂടുവെള്ളമുപയോഗിച്ച് കൺപോളകൾ വൃത്തിയാക്കുക
- വെള്ളം നന്നായി കുടിക്കുക
പകരാതിരിക്കാൻ
- ചെങ്കണ്ണ് ബാധിച്ചവർ പ്ലെയിൻ കണ്ണടകളോ, കൂളിങ് ഗ്ലാസോ ഉപയോഗിക്കുക
- രോഗം ബാധിച്ചയാളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക
- രോഗി ഉപയോഗിച്ച സാമഗ്രികൾ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക
- കണ്ണിൽ സ്പർശിച്ചാൽ -കൈ വൃത്തിയാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.