കോൺസ്റ്റിപേഷൻ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ?
text_fieldsമലബന്ധം സാധാരണയായി കാണപ്പെടുന്ന അവസ്ഥയാണ്. ഇതിനെ ഒരസുഖമായി കാണുന്നതിനേക്കാൾ ഒരു ലക്ഷണമായി കാണുന്നതാണ് ഉചിതം. പല കാരണങ്ങൾകൊണ്ടും മലബന്ധം ഉണ്ടാകാം. കുടലിൽ ഉണ്ടാകുന്ന അസുഖങ്ങൾക്കുപുറമെ പൊതുവെയുള്ള പല ശാരീരിക അസുഖങ്ങൾകൊണ്ടും ഈ അവസ്ഥയുണ്ടാവാം.
എങ്ങനെ പ്രകടമാകുന്നു?
ഓരോ രോഗിയും വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് മലബന്ധത്തെ കാണുന്നത്. പലർക്കും എല്ലാ ദിവസവും മലശോധന ഇല്ലെങ്കിൽ മലബന്ധമാണ്. മലശോധന രാവിലെ ഉണ്ടായില്ലെങ്കിൽ വിഷമിക്കുന്നവരുണ്ട്. വയറ്റിൽ എന്ത് ബുദ്ധിമുട്ടുണ്ടായാലും അത് മലബന്ധം കൊണ്ടാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതിനാൽ മലബന്ധം ഉള്ളവരെ രണ്ടു ഗ്രൂപ്പായി തിരിക്കാം -മലബന്ധം ഉണ്ട് എന്ന് സ്വയം വിശ്വസിക്കുന്നവർ (perceived constipation), യഥാർഥ മലബന്ധം ഉള്ളവർ (true constipation). ഭൂരിഭാഗം രോഗികളും ഒന്നാമത്തെ ഗ്രൂപ്പിൽ പെട്ടവരാണ് (50 ശതമാനത്തിലധികം). അതായത്, യഥാർഥത്തിൽ അവർക്ക് പ്രശ്നമില്ല. പലപ്പോഴും ഈ രോഗികൾ അനാവശ്യമായി മലം അയഞ്ഞുപോകാനുള്ള മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യും (Laxative abuse). യഥാർഥ മലബന്ധമുള്ളവർ പത്തുശതമാനം മാത്രമേ ഉള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആഴ്ചയിൽ മൂന്നു പ്രാവശ്യത്തിൽ താഴെ മാത്രമേ മലശോധനയുള്ളൂ എങ്കിൽ യഥാർഥ മലബന്ധം എന്നുപറയാം.
കാരണങ്ങൾ?
എങ്ങനെയാണ് മലശോധന ഉണ്ടാകുന്നത്. നാം കഴിക്കുന്ന ആഹാരം ആമാശയം, ചെറുകുടൽ എന്നിവയിൽവെച്ച് ദഹനപ്രക്രിയയിലൂടെ കടന്നുപോകുന്നു. ശരീരത്തിന് ആവശ്യമുള്ള പദാർഥങ്ങൾ ഉദാ: ഗ്ലൂക്കോസ് അമിനോ ആസിഡ് (പ്രോട്ടീൻ), ഫാറ്റ്സ് (കൊഴുപ്പ്), ജലം എന്നിവ ആഗിരണം ചെയ്യപ്പെടുന്നു. ചെറുകുടലിന്റെ അവസാന ഭാഗത്തെത്തുമ്പോൾ വെറും ചണ്ടിയായിത്തീരും. എന്നാലും ജലാംശം ഉണ്ടാകും. വൻകുടലിന്റെ തുടക്കത്തിൽ ദ്രാവകരൂപത്തിലുള്ള (നിറയെ ജലാംശമുള്ള) മലമാണ് എത്തുന്നത്. വൻകുടലിൽ വെച്ച് മലത്തിലുള്ള ജലാംശം ശരീരത്തിലേക്ക് വലിച്ചെടുക്കുകയും മലം സാധാരണ രീതിയിലുള്ള കട്ടിയുള്ള മലമായിത്തീരുകയും ചെയ്യാം. ഒരുദിവസത്തെ മലം മുഴുവനും വൻകുടലിൽ ശേഖരിക്കപ്പെടുന്നു. മലശോധനക്ക് തൊട്ടുമുമ്പ് മലം മലാശയത്തിൽ എത്തുകയും പ്രത്യേക രീതിയിലെ സങ്കോചവികാസം കൊണ്ട് മലദ്വാരം വഴി പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
മലബന്ധത്തിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഏറ്റവും പ്രധാനമായത് വൻകുടൽ (colon), മലാശയം (rectum), മലദ്വാരം (analcanal) എന്നിവയിലുണ്ടാകുന്ന തടസ്സങ്ങളാണ്. ഉദാ: മുഴകൾ -cancer ഉള്ളവയും ഇല്ലാത്തവയും, കുടലിലെ പുണ്ണുകളും നിരുവീഴ്ചയും. ഉദാ: വൻകുടലിലെ ക്ഷയരോഗബാധ (TB), crohn's disease, ulcerative colitis. കുടലിലെ പുണ്ണുകൾ ഉണങ്ങുമ്പോഴുണ്ടാകുന്ന സ്ട്രിക്ചർ മൂലവും തടസ്സം ഉണ്ടാകാം.
മലം പുറന്തള്ളാനുള്ള വൻകുടലിന്റെ propulsive activity കുറയുന്ന അവസ്ഥ, മസിലുകളെ ബാധിക്കുന്ന myopathy, ഞരമ്പുകളെ ബാധിക്കുന്ന neuropathy എന്നിവ ഈ ഗ്രൂപ്പിൽപെടുന്നു.
pelvic floorലെ മസിലുകളുടെ കൂട്ടായ പ്രവർത്തനം മലം പുറന്തള്ളുന്നതിന് അനിവാര്യമാണ്. ഈ പ്രവർത്തനം വികലമാകുന്ന അവസ്ഥയെ pelvic floor dis synergy എന്ന് വിളിക്കുന്നു. ഏകദേശം 20 ശതമാനം രോഗികളും മേൽപറഞ്ഞ കാരണങ്ങൾകൊണ്ട് മലബന്ധം അനുഭവിക്കുന്നവരാണ്. എന്നാൽ, 80 ശതമാനം രോഗികളിലും ഒരു കാരണവും കണ്ടെത്താൻ കഴിയാറില്ല. ഇക്കൂട്ടർക്ക് വൻകുടലിലെ ചലനവൈകല്യം കൊണ്ടാണ് മലബന്ധം ഉണ്ടാകുന്നത്. ഇതിനെ functional constipation എന്ന് പറയുന്നു. താഴെ പറയുന്ന അസുഖങ്ങൾകൊണ്ടും മലബന്ധം ഉണ്ടാകാം.
തൈറോയിഡ് രോഗം, പാർക്കിൻസൺസ്, സുഷുമ്നാ നാഡിയിൽ ഉണ്ടാകുന്ന അസുഖങ്ങൾ അല്ലെങ്കിൽ ക്ഷതം, മാനസിക രോഗങ്ങൾ; ഉദാ: വിഷാദരോഗം, നാം സാധാരണ ഉപയോഗിക്കുന്ന പല മരുന്നുകൾ; ഉദാ: അലൂമിനിയം കലർന്ന അന്റാസിഡ്, വിഷാദരോഗത്തിന് കഴിക്കുന്ന മരുന്നുകൾ, പാർക്കിൻസൺസ് രോഗത്തിന് കഴിക്കുന്ന കാൽസ്യം ടാബ് മരുന്നുകൾ എന്നിവയും മലബന്ധം ഉണ്ടാക്കാറുണ്ട്.
ചികിത്സകൾ
ഏറ്റവും പ്രധാനം ബോധവത്കരണം തന്നെ. യഥാർഥ പ്രശ്നം എന്ത് എന്ന് രോഗിയെ പഠിപ്പിക്കുക. ഇത് രോഗിയുടെ മാനസിക സമ്മർദം കുറക്കും. പലവിധ ചികിത്സകൾ മാറിമാറി പ്രയോഗിക്കുന്നത് ഒഴിവാക്കാൻ കഴിയും. ഒരു ഡോക്ടറിൽനിന്ന് മറ്റൊരു ഡോക്ടറിലേക്കുള്ള പ്രയാണവും (doctor shopping) ഒഴിവാക്കാൻ കഴിയും. ശരിയായ ആഹാരരീതി, പതിവായ വ്യായാമം എന്നിവയും പ്രധാനമാണ്.
മാർഗനിർദേശങ്ങൾ
- ധാരാളം വെള്ളം കുടിക്കുക. ദിവസവും കുറഞ്ഞത് 7-8 ഗ്ലാസ് വെള്ളം കുടിക്കേണ്ടതുണ്ട്
- നാരുകൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
- മലശോധനക്ക് ആവശ്യമുള്ളിടത്തോളം സമയം എടുക്കുക. തിരക്ക് കൂട്ടാതിരിക്കുക
- കൃത്യമായ വ്യായാമം ശീലമാക്കുക
- മാനസിക സമ്മർദം കുറക്കുന്ന യോഗ, ധ്യാനം എന്നിവ ഫലപ്രദമാണ്
- ഹൃദയസംബന്ധമായ അസുഖം ഉള്ളവരും വൃക്കരോഗികളും സോഡിയം കലർന്ന laxatives ഒഴിവാക്കേണ്ടതാണ്
- മലശോധന എളുപ്പമാക്കാൻ ഇന്ത്യൻ ക്ലോസറ്റിൽ ഇരിക്കുന്ന രീതി അവലംബിക്കാവുന്നതാണ്.
മലബന്ധം കാരണം എന്തെങ്കിലും രോഗം വരുമോ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെയാണ് ഉത്തരം. എന്നാൽ മലബന്ധം അർശസ്, ഫിസ്റ്റുല, ഫിഷർ എന്നിവയെ അധികരിപ്പിക്കാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.