മലബന്ധം; ഉത്കണ്ഠ വേണ്ട
text_fieldsശോധനയുമായി ബന്ധപ്പെട്ട ഉത്കണ്ഠകൾ മുതിർന്ന പൗരന്മാരിൽ സാധാരണ കണ്ടുവരുന്ന ഒന്നാണ്. മലബന്ധമാണ് ഇതിൽ പ്രധാനം. മലം ഉണങ്ങുകയും കട്ടിയാവുകയും ചെയ്യുന്നതുമൂലം വിസർജനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുക, ദിവസേനയുള്ള മലവിസർജനം ഇല്ലാതാവുക, മലം മുഴുവനായി പോകാതിരിക്കുക തുടങ്ങിയ നിരവധി ലക്ഷണങ്ങളാണ് മലബന്ധവുമായി ബന്ധപ്പെട്ട് കണ്ടുവരുന്നത്.
ശരീരത്തിന് പൊതുവായ അസ്വസ്ഥത, വിശപ്പില്ലായ്മ, ശരീരഭാഗങ്ങളിൽ ചൊറിച്ചിൽ, വയറ്റിൽ ഗ്യാസ് നിറയൽ, അടിവയറ്റിൽ ചെറിയ വേദന, നടുവേദന തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്. വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞവരിലും മാനസിക സംഘർഷങ്ങൾ കൂടുതലുള്ളവരിലും പച്ചക്കറികളും പഴങ്ങളും കഴിക്കാൻ മടിയുള്ളവരിലും മത്സ്യ-മാംസങ്ങളും ബേക്കറി പലഹാരങ്ങളും ധാരാളമായി കഴിക്കുന്നവരിലും മലബന്ധം കണ്ടുവരാറുണ്ട്.
ഭക്ഷണരീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ധാരാളം വെള്ളം കുടിക്കുയും െചയ്യുകവഴി ഈ പ്രശ്നത്തെ മാറ്റിയെടുക്കാമെങ്കിലും വിട്ടുമാറാത്തതോ കഠിനമായതോ ആയ മലബന്ധം ചികിത്സ ആവശ്യമുള്ള അവസ്ഥയാണ്. ഇതര ചികിത്സാ സമ്പ്രദായങ്ങളെ അപേക്ഷിച്ച് മലം അയഞ്ഞുപോകാനുള്ള മരുന്നുകൾ (Laxatives) നൽകുന്നതിനുപകരം രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ആയുർവേദത്തിലെ രീതി. ഇതിലൂടെ പ്രശ്നത്തെ ഒരു പരിധിവരെ സ്ഥിരമായി ഇല്ലാതാക്കാനാവും. മലം അയഞ്ഞുപോകാനുള്ള മരുന്നുകൾ കഴിച്ചുള്ള ചികിത്സയുടെ പ്രധാന ന്യൂനത, മരുന്ന് നിർത്തുമ്പോൾ മലബന്ധം തിരികെവരും എന്നുള്ളതാണ്. കൂടാതെ ഇത്തരം മരുന്നുകൾ സ്ഥിരമായി കഴിക്കുന്നതുമൂലം പിന്നീടുള്ള ജീവിതകാലം മരുന്നുകളുടെ സഹായമില്ലാതെ മലശോധന സാധ്യമല്ലാതെ വരുകയുംചെയ്യും. മലബന്ധത്തിന് സ്വയംചികിത്സ ചെയ്യുന്നതിനു പകരം ആരോഗ്യവിദഗ്ധനെ സമീപിച്ച് ചികിത്സിക്കുകയാണ് വേണ്ടത്.
ആയുർവേദ കാഴ്ചപ്പാടനുസരിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങളാണ് പലപ്പോഴും രോഗാവസ്ഥയിലേക്ക് നയിക്കുന്നത്. അതുകൊണ്ടുതന്നെ, ദഹനവ്യവസ്ഥയിലെ തകരാറുകൾ കണ്ടെത്തി പരിഹരിക്കണം. അതേസമയം ചികിത്സയുടെ തുടക്കത്തിൽ മലം അയഞ്ഞുപോകാനുള്ള ചൂർണങ്ങളും കഷായങ്ങളും ഉപയോഗിച്ച് നിലവിലുള്ള അവസ്ഥയെ പരിഹരിക്കാനാണ് ശ്രമിക്കുക. ഇതിനായി ഗന്ധർവഹസ്താദി കഷായം, ഗന്ധർവഹസ്താദി എരണ്ട ലൈം, ത്രിഫല ചൂർണം തുടങ്ങിയ പ്രാഥമിക മരുന്നുകൾ രോഗിയുടെ ശാരീരിക അവസ്ഥക്കനുസരിച്ച് നൽകും. അഗ്നിമാന്ദ്യം പരിഹരിക്കാനുള്ള മരുന്നുകളും ഇതോടൊപ്പം നൽകാറുണ്ട്. തുടർന്ന് പ്രശ്നകാരണങ്ങൾ കണ്ടെത്തി ചികിത്സ നിർണയിക്കും.
പൈൽസ് മുതൽ കുടലിലെ അർബുദംവരെയുള്ള നിരവധി കാരണങ്ങളാലും പ്രമേഹ രോഗികളിലെ അമിതമായ മൂത്രമൊഴിക്കൽ മൂലമുണ്ടാവുന്ന നിർജലീകരണം മൂലവും മലബന്ധത്തിന് സാധ്യതയുള്ളതിനാൽ ആവശ്യമായ പരിശോധനകൾ നടത്തിയും വ്യക്തിയുടെ ജീവിതശൈലി സൂക്ഷ്മമായി വിശകലനം ചെയ്തും പാരമ്പര്യരോഗകാരണങ്ങൾക്കുള്ള സാധ്യതകൾ ഉണ്ടോ എന്ന് പരിശോധിച്ചുമാണ് ചികിത്സ നിശ്ചയിക്കുന്നത്.
ഭക്ഷണരീതികളിൽ വരുത്തുന്ന മാറ്റങ്ങൾക്കുപുറമെ ആവശ്യമായ വ്യായാമവും മലബന്ധ ചികിത്സയിൽ ആയുർവേദം നിഷ്കർഷിക്കാറുണ്ട്. ചില പ്രത്യേക രീതിയിലുള്ള യോഗാസനങ്ങളും രോഗശമനത്തിന് സഹായിക്കും. ഇതെല്ലാംകൊണ്ടുതന്നെ മലബന്ധത്തെ നിസ്സാരമായി തള്ളിക്കളയാതെ ഈ അവസ്ഥ സങ്കീർണമാകുന്നതിനു മുമ്പുതന്നെ ഈ രംഗത്തെ ഒരു വിദഗ്ധ ഡോക്ടറുടെ നിർദേശമനുസരിച്ച് മരുന്നുകൾ കഴിക്കുകയും ഭക്ഷണരീതിയടക്കമുള്ള ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും ആവശ്യത്തിന് വ്യായാമങ്ങൾ ശീലിക്കുകയും ചെയ്താൽ ഈ പ്രശ്നത്തെ എളുപ്പത്തിൽ പരിഹരിക്കാനാകും.
തടയാൻ ചില വഴികൾ
ദിവസം ശരാശരി എട്ട് ഗ്ലാസ് വെള്ളം കുടിക്കുക.
ചായ, കാപ്പി, കോള തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
കറുത്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിര്ത്ത് രാവിലെ ഈ വെള്ളം കുടിക്കുക.
ഭക്ഷണത്തോടൊപ്പം ചൂടുള്ള ജീരകവെള്ളം കുടിക്കുക.
കിടക്കാൻ നേരം ചൂടുവെള്ളത്തിൽ ഒരു ടീ സ്പൂൺ നെയ്യ് ചേർത്ത് കഴിക്കുക.
ഭക്ഷണത്തിന്റെ കൂടെ വേവിക്കാത്ത പച്ചക്കറി സലാഡ് കഴിക്കുക.
പപ്പായ, ആപ്പിൾ, ഓറഞ്ച് തുടങ്ങിയവ നേരിട്ടോ, ജൂസ് രൂപത്തിലോ പതിവായി കഴിക്കുക
ചീര, ബ്രൊക്കോളി, പയർ ഇല, മത്തൻ ഇല തുടങ്ങിയ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മലവിസർജനത്തിനുള്ള സമയക്രമം പാലിക്കുക, മലവിസർജനംനടത്താനുള്ള ആഗ്രഹം പിടിച്ചുനിർത്താതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.