ചാലക്കുടിയിലെ ആയുഷ് ആശുപത്രി കെട്ടിടനിർമാണം പൂർത്തീകരണത്തിലേക്ക്
text_fieldsചാലക്കുടി: വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാടിന്റെ പേരിൽ ചാലക്കുടിയിൽ നിർമിക്കുന്ന ആയുഷ് ആയുർവേദ ആശുപത്രി കെട്ടിടം നിർമാണം അവസാനഘട്ടത്തിൽ. ദേശീയപാതയോരത്ത് കോസ്മോസ് ക്ലബിന് സമീപത്താണ് കെട്ടിടനിർമാണം. 2020 നവംബർ മൂന്നിന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് നിർമാണോദ്ഘാടനം നടത്തിയത്. ഇപ്പോൾ കെട്ടിടത്തിന്റെ ഫ്ലോറിങ്, പ്ലമ്പിങ്, വയറിങ്, പെയിന്റിങ്, ഫയർ ആൻഡ് സേഫ്റ്റി സംവിധാനം തുടങ്ങിയ ജോലികളുടെ ഘട്ടത്തിലാണ് നിർമാണം എത്തി നിൽക്കുന്നത്.
ചുറ്റുമതിൽ നിർമാണവും നടത്തേണ്ടതുണ്ട്. 50 പേർക്ക് കിടത്തിച്ചികിത്സ സൗകര്യമുള്ളതാണ് ചാലക്കുടിയിലെ ആയുഷ് ആശുപത്രി. ഇവിടെ ആയുർവേദ നേത്ര ചികിത്സക്ക് പ്രാധാന്യം നൽകുന്ന പഞ്ചകർമ ഉൾപ്പെടെയുള്ള ആയുർവേദ വിഭാഗം, യോഗ, പ്രകൃതി ചികിത്സ വിഭാഗം എന്നിവ ഉണ്ടാകും. ഇത് കേരളത്തിലെ നേത്ര ചികിത്സ രംഗത്ത് മികച്ച കേന്ദ്രമായി വളരുമെന്നാണ് പ്രതീക്ഷ. നേത്ര ചികിത്സക്ക് 30 കിടക്കകളും ജനറൽ വിഭാഗത്തിന് 10 കിടക്കകളും യോഗ, പ്രകൃതി ചികിത്സ വിഭാഗത്തിന് 10 കിടക്കകളും ഉണ്ടാകും.
ചാലക്കുടി നഗരസഭ അനുവദിച്ച 60 സെന്റ് ഭൂമിയിൽ കേന്ദ്ര സർക്കാറിന്റെ നാഷനൽ ആയുഷ് മിഷൻ ഫണ്ടിൽനിന്നനുവദിച്ച 11 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം ഒരുക്കുന്നത്. ഭാരതീയ ചികിത്സ വകുപ്പ് നിർമിക്കുന്ന ആശുപത്രി മന്ദിരത്തിനായി അഞ്ചുസെന്റ് ഭൂമി കൂടി നഗരസഭ അനുവദിച്ചിരുന്നു.
കൂടാതെ 10 സെന്റ് ഭൂമി കൂടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയിലാണ്. സൗകര്യത്തിനായി ദേശീയപാതയിൽനിന്ന് നേരിട്ട് പ്രവേശന മാർഗം ഒരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.