പകര്‍ച്ചപ്പനി; എല്ലാവരും പ്രതിരോധ കുത്തിെവപ്പെടുക്കണമെന്ന് മന്ത്രാലയം
text_fieldsജിദ്ദ: രാജ്യത്ത് പകര്‍ച്ചപ്പനിയും (ഇൻഫ്ലുവൻസ) ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പടരുന്ന സാഹചര്യത്തിൽ എല്ലാവരും പ്രതിരോധ കുത്തിെവപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം. കേസുകളുടെ എണ്ണം കുറക്കുന്നതിന് വാക്സിനേഷൻ ഗണ്യമായി സഹായിക്കും.
ഇൻഫ്ലുവൻസ കടുത്ത വൈറൽ അണുബാധയാണ്. അത് എളുപ്പത്തിൽ പടരുകയും എല്ലാ പ്രായക്കാരെയും ബാധിക്കുകയും ചെയ്യും. ശ്വസനത്തിലൂടെയോ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയോ ചെയ്താണ് വൈറസ് പകരുന്നത്. ഇൻകുബേഷൻ കാലയളവ് ശരാശരി രണ്ടു മുതൽ നാലു ദിവസം വരെയാണ്. എല്ലാ വർഷവും സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നത് പ്രതിരോധത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണെന്നും മന്ത്രാലയം വ്യക്തമാക്കി.വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ.
ശൈത്യകാലം അടുത്തുവരുന്ന സാഹചര്യത്തിലാണ് ഇത് പടരുക. ശാരീരികോഷ്മാവ് 38 ഡിഗ്രി സെൽഷ്യസിന് മുകളിലുയരുക, വിറയൽ, വിയർപ്പ്, തലവേദന, തുടർച്ചയായ വരണ്ട ചുമ, ക്ഷീണം, മൂക്കൊലിപ്പ്, തൊണ്ടവേദന, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രായാധിക്യമുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധശേഷി ദുർബലപ്പെട്ടവർ, അമിതവണ്ണമുള്ളവർ എന്നിവരെ സംബന്ധിച്ചിടത്തോളം ഇൻഫ്ലുവൻസ ബാധിച്ചാൽ അപകടസാധ്യത ഉയരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വാക്സിൻ എടുക്കുന്നതിലെ വേഗത അണുബാധ കേസുകളുടെ എണ്ണം കുറക്കുന്നതിനും രോഗം ബാധിച്ചാൽ പാർശ്വഫലങ്ങൾ കുറക്കുന്നതിനും സഹായിക്കും. വാക്സിനേഷന് ‘സിഹ്വത്തി’ ആപ്പിലാണ് ബുക്ക് ചെയ്യേണ്ടത്. തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം കണ്ടെത്തി അവിടെ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നതിനുള്ള അപ്പോയ്മെൻറ് നേടണമെന്നും മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.