ഗാംബിയയിലെ 66 കുട്ടികളുടെ മരണം; ഇന്ത്യൻ ചുമമരുന്നിന് പങ്കെന്ന് യു.എസ് റിപ്പോർട്ട്
text_fieldsന്യൂഡല്‍ഹി: ഗാംബിയയില്‍ കഴിഞ്ഞവർഷം 66 കുട്ടികൾ മരിച്ച സംഭവത്തിൽ ഇന്ത്യൻ ചുമമരുന്നിന് ബന്ധമുണ്ടെന്ന് യു.എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) റിപ്പോർട്ട്.
ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്ത ഹരിയാന ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവ കലര്‍ന്ന മരുന്നുകള്‍ കുട്ടികളില്‍ വൃക്കവീക്കം വന്ന് മരണത്തിലേക്ക് നയിച്ചതായി സി.ഡി.സി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗാംബിയ ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരം സി.ഡി.സി കുട്ടികളുടെ മെഡിക്കല്‍ രേഖകളും വൃക്ക വീക്കം ബാധിച്ച് മരിച്ചവരെ പരിചരിച്ചവരുമായി നടത്തിയ അഭിമുഖവും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കൂടാതെ, ലോകാരോഗ്യ സംഘടന മുഖേനയുള്ള മരുന്നുകളുടെ പരിശോധനയും മരണകാരണം കണ്ടെത്തുന്നതിനായി ഉപകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗാംബിയയിലെ കുട്ടികളുടെ മരണത്തിനു പിന്നാലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന നാല് സിറപ്പുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആരോപണം ഉയർന്നതിനു പിന്നാലെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്ഗനൈസേഷന് സോനിപത്തിലെ കമ്പനിയുടെ നിര്‍മാണ യൂനിറ്റ് അടച്ചുപൂട്ടി.
കുട്ടികളുടെ മരണങ്ങളും ഇന്ത്യന്‍ ചുമമരുന്നും തമ്മില്‍ കാര്യകാരണബന്ധം സ്ഥാപിക്കാന്‍ മതിയായ തെളിവുകള്‍ ഗാംബിയയോ ലോകാരോഗ്യ സംഘടനയോ നല്‍കിയിട്ടില്ലെന്നായിരുന്നു ഇന്ത്യൻ സർക്കാർ പറഞ്ഞത്. ഇതിനു പിന്നാലെയാണ് സി.ഡി.സി റിപ്പോർട്ട് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.