ഗർഭാവസ്ഥയിൽ കോവിഡ് ബാധിച്ച അമ്മമാർ പ്രസവിച്ച കുഞ്ഞുങ്ങളിൽ മസ്തിഷ്‍ക ക്ഷതം സംഭവിച്ചതായി പഠനം
text_fieldsവാഷിങ്ടൺ: ഗർഭാവസ്ഥയിൽ കോവിഡ് ബാധിച്ച രണ്ട് യുവതികളുടെ കുഞ്ഞുങ്ങൾക്ക് മസ്തിഷ്‍ക ക്ഷതം സംഭവിച്ചതായി പഠനം. വൈദ്യശാസ്ത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പരിശോധനയിൽ കുഞ്ഞുങ്ങൾ കോവിഡ് പോസിറ്റീവ് ആയിരുന്നില്ല. എന്നാൽ ഇവരുടെ രക്തത്തിൽ ഉയർന്ന തോതിലുള്ള കോവിഡ് ആന്റിബോഡികളും കണ്ടെത്തിയതായി ഗവേഷകർ പറയുന്നു.
മിയാമി യൂനിവേഴ്സിറ്റി നടത്തിയ പഠന റിപ്പോർട്ട് പീഡിയാട്രിക്സ് ജേണലിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020ൽ ഡെൽറ്റ വകഭേദം പടർന്നു പിടിച്ചപ്പോഴാണ് ഈ കുഞ്ഞുങ്ങളുടെ അമ്മമാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. അവരുടെ ഗർഭാവസ്ഥ ആറുമാസം പിന്നിട്ടിരുന്നു.കോവിഡിനെതിരായ വാക്സിൻ ലഭ്യമായിരുന്നില്ല ആ സമയത്ത്. പ്രസവിച്ചയുടൻ കുഞ്ഞുങ്ങൾക്ക് അപസ്മാരമുണ്ടായി. പിന്നീട് വളർച്ച ഘട്ടങ്ങളിൽ വലിയ താമസം നേരിട്ടു. 13ാം മാസത്തിൽ ഇതിലൊരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
''ഇവർ കോവിഡ് പോസിറ്റീവായിരുന്നില്ല. എന്നാൽ ഇവരുടെ രക്തത്തിൽ ഉയർന്ന തോതിൽ കോവിഡ് ആന്റിബോഡികൾ ഉണ്ടായിരുന്നതായും മിയാമി യൂനിവേഴ്സിറ്റിയിലെ പീഡിയാട്രിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. മെർലിൻ ബെന്നി പറഞ്ഞു. അമ്മമാരുടെ പ്ലാസന്റ(മറുപിള്ള) വഴിയാണ് കുഞ്ഞുങ്ങളിലേക്ക് വൈറസ് എത്തിയതെന്ന് കരുതുന്നു. അമ്മമാരുടെ പ്ലാസന്റകളിലും കോവിഡ് വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നതിന്റെ തെളിവുകൾ ഗവേഷകർ കണ്ടെത്തി. മരിച്ച കുഞ്ഞിനെ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ തലച്ചോറിലും വൈറസിനെ കണ്ടെത്തി. നേരിട്ടുള്ള അണുബാധയാണ് മസ്തിഷ്‍കത്തിന് പ്രശ്നമുണ്ടാകാൻ കാരണമെന്നും ഡോക്ടർ വ്യക്തമാക്കി.
കോവിഡ് ബാധിച്ച അമ്മമാരിൽ ഒരാൾക്ക് ചെറിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ. മാസം തികഞ്ഞാണ് കുഞ്ഞിനെ പ്രസവിച്ചത്. എന്നാൽ രണ്ടാമത്തേയാൾ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി. 32ാം ആഴ്ചയിൽ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
അതേസമയം, ഇത്തരത്തിലുള്ള സംഭവങ്ങൾ അപൂർവമാണെങ്കിലും ഗർഭാവസ്ഥയിൽ കോവിഡ് ബാധിച്ച അമ്മമാർ കുഞ്ഞുങ്ങളിൽ ബൗധിക,ശാരീരിക വളർച്ച ഘട്ടങ്ങളിൽ താമസം നേരിട്ടാൽ ഉടൻ പീഡിയാട്രീഷ്യനെ സമീപിക്കണമെന്നും മിയാമി യൂനിവേഴ്സിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷഹബാസ് ദുവാറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.