അഞ്ച് വർഷം മുമ്പുള്ള ഡിസംബർ, ചൈനയിലെ വുഹാനിൽ ഒരാൾക്ക് അജ്ഞാതമായൊരു പനി വന്നു; പിന്നീട് സംഭവിച്ചത്...
text_fieldsഅഞ്ച് വർഷം മുമ്പായിരുന്നു അത്. ഇതുപോലെയൊരു ഡിസംബർ മാസം. ചൈനയിലെ വുഹാനിൽ ഒരാൾക്ക് അജ്ഞാതമായൊരു പനി ബാധിച്ചു. 2019 ഡിസംബർ ഒന്നിന്. എന്ത് പനിയാണെന്നോ, രോഗാണു ഏതെന്നോ തുടക്കത്തിൽ വ്യക്തമായില്ല. പനി കൂടുതൽ പേരിൽ റിപ്പോർട്ട് ചെയ്തതോടെ അധികൃതർ ശ്രദ്ധിച്ചുതുടങ്ങി. ഡിസംബർ എട്ടോടെ 41 പേരിൽ കൂടി സമാന ലക്ഷണങ്ങളോടെ പനി കണ്ടുതുടങ്ങി. ഇതോടെ, ഗൗരവമായതെന്തോ സംഭവിക്കാൻ പോകുകയാണെന്ന സൂചനകൾ ലഭിച്ചു. പിന്നാലെയുള്ള ദിവസങ്ങളിൽ പനി കാട്ടുതീ പോലെ പടർന്നുപിടിച്ചു. ചൈനയും കടന്ന് ലോകമാകെ വ്യാപിച്ച ആ പനി ലോകം കണ്ട ഏറ്റവും വലിയ മഹാമാരികളിലൊന്നായി മാറി. ഇന്നും ഉറവിടം അജ്ഞാതമായി തുടരുന്ന കോവിഡ്-19 എന്ന വൈറസ് രോഗം ലോകത്തെ ഭീതിയിലാഴ്ത്തിയതിന് അഞ്ച് വർഷം തികയുകയാണ്.
ചൈനയിലൊട്ടാകെ പടർന്ന കോവിഡിന് 'അപൂർവ രോഗ'മെന്ന വിശേഷണമായിരുന്നു ആദ്യം നൽകിയത്. പിന്നീട്, 2020 ഫെബ്രുവരി 11നാണ് ലോകാരോഗ്യ സംഘടന ഈ അസുഖത്തിന് 'കോവിഡ്-19' എന്ന് പേരിട്ടത്. കൊറോണ വൈറസ് മൂലം ശ്വാസകോശത്തിനുണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥയാണിതെന്ന് വ്യക്തമായി. ചൈനയിലാകെ പടർന്നുപിടിച്ച കൊറോണ വൈറസ് രാജ്യത്തെ സമ്പൂർണ അടച്ചിടലിലേക്ക് തള്ളിവിട്ടു. ജനജീവിതം സ്തംഭിച്ചു. തെരുവുകളാകെ വിജനമായി. മരണസംഖ്യ റോക്കറ്റ് പോലെ ഉയർന്നു. രോഗികളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു.
2020 ജനുവരി 13ന് തായ്‍ലാൻഡിലാണ് ചൈനക്ക് പുറത്ത് ആദ്യമായൊരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിമാനസർവിസുകൾ ഉൾപ്പെടെ നിർത്തിവെക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര യാത്രക്കാർക്ക് നിർബന്ധിത ക്വാറന്‍റീൻ ഉൾപ്പെടെ നടപ്പാക്കിയിട്ടും വൈറസ് വ്യാപനത്തിന് തടയിടാനായില്ല.
ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. 2020 ജനുവരി 27ന് തൃശൂർ ജനറൽ ആശുപത്രിയിൽ 20കാരിയായ വിദ്യാർഥിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൈനയിലെ കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിൽ നിന്ന് ജനുവരി 23ന് തിരിച്ചെത്തിയതായിരുന്നു വിദ്യാർഥി. ഇതിന് പിന്നാലെ രാജ്യത്ത് വിവിധയിടങ്ങളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങി.
2020 ഫെബ്രുവരി 17 ആയപ്പോളേക്കും ചൈനയെ കൂടാതെ 25 രാജ്യങ്ങളിൽ കൂടി ഈ അപൂർവരോഗം റിപ്പോർട്ട് ചെയ്തിരുന്നു. അപ്പോഴേക്കും ചൈനയിൽ മാത്രം 70,635 പേർക്ക് രോഗം ബാധിക്കുകയും 1772 പേർ മരിക്കുകയും ചെയ്തിരുന്നു.
കാരണം കണ്ടെത്താനാവാത്ത, ന്യൂമോണിയക്ക് സമാനമായ രോഗം വുഹാൻ പ്രവിശ്യയിൽ പടർന്നുപിടിക്കുന്നുവെന്നായിരുന്നു ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. 2019 ഡിസംബർ 31നായിരുന്നു ഇത്. അന്ന് രോഗകാരിയെ കണ്ടുപിടിക്കാൻ സാധിച്ചിരുന്നില്ല. 99 ശതമാനം രോഗികൾക്കും പനിയുണ്ടായിരുന്നു. 67 ശതമാനം പേർക്കും ക്ഷീണവും 60 ശതമാനം പേർക്കും ചുമയുമുണ്ടായിരുന്നു. 2020 ജനുവരി 30ന് ചേർന്ന ലോകാരോഗ്യ സംഘടനയുടെ എമർജൻസി കമ്മിറ്റിയാണ് അന്താരാഷ്ട്ര ആശങ്കയുണ്ടാക്കുന്ന അടിയന്തര സാഹചര്യമായി കൊറോണ വൈറസ് വ്യാപനത്തെ പ്രഖ്യാപിച്ചത്.
ലോകത്തെ കോവിഡിന് മുമ്പും ശേഷവും എന്ന് വേർതിരിക്കാനാകുന്ന വിധത്തിൽ വൻ ആഘാതം സൃഷ്ടിച്ചാണ് ഈ രോഗം കടന്നുപോയത്. 70,76,993 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നു. 77,69,47,553 പേർക്ക് അസുഖം ബാധിക്കുകയും ചെയ്തു. യു.എസിലാണ് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത്. 12,19,487 പേർ. രണ്ടാമതുള്ള ഇന്ത്യയിൽ 5,33,570 പേരാണ് മരിച്ചത്. ഫ്രാൻസ്, ജർമനി, ബ്രസീൽ, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി, യു.കെ, റഷ്യ എന്നിവയാണ് ഏറ്റവും കൂടുതൽ രോഗബാധയുണ്ടായ രാജ്യങ്ങൾ.
ഇന്ത്യയിൽ കോവിഡിന്‍റെ മൂന്ന് തരംഗങ്ങളുണ്ടായതായാണ് കണക്കാക്കുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 25 മുതൽ ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. വെറും 500 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട് ഘട്ടംഘട്ടമായി ലോക്ഡൗൺ നീട്ടി.
2020ലാണ് കോവിഡ് പ്രതിരോധ വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയത്. എന്നാൽ, എല്ലാ രാജ്യങ്ങളിലും ഇത് ലഭ്യമായിരുന്നില്ല. 2021 ഡിസംബർ മുതൽ 2022 ഏപ്രിൽ വരെയുള്ള കാലത്താണ് ലോകമെങ്ങും കോവിഡ് കനത്ത നാശം വിതച്ചത്. 2022 ജനുവരി 18ന് ഒറ്റ ദിവസം 34 ലക്ഷം കോവിഡ് കേസുകൾ ലോകവ്യാപകമായി റിപ്പോർട്ട് ചെയ്തെന്ന് വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്കുകൾ കാണിക്കുന്നു. 2023 മാർച്ചോടെയാണ് പ്രതിദിന രോഗികൾ ആഗോളതലത്തിൽ ലക്ഷത്തിന് താഴെയായി കുറഞ്ഞത്.
കോവിഡിന്‍റെ രൂക്ഷമായ തരംഗങ്ങൾ അവസാനിച്ചെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ, മുൻകാലങ്ങളിലേതുപോലെ സജീവമായ പരിശോധനകൾ നിലവിൽ നടക്കുന്നില്ല. കഴിഞ്ഞ ഏഴ് ദിവസത്തിൽ 472 കേസുകൾ ആഗോളവ്യാപകമായി റിപ്പോർട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കോവിഡിന്‍റെ ഉത്ഭവം എങ്ങനെയെന്നത് സംബന്ധിച്ച് ഇന്നും കൃത്യമായ മറുപടിയില്ല. വുഹാനിലെ സീഫുഡ് മാർക്കറ്റിൽ നിന്ന് പടർന്നുവെന്നാണ് പൊതുവേയുള്ള നിഗമനം. അതേസമയം, ഗവേഷണശാലയിൽ നിന്ന് പുറത്തുവന്നുവെന്നും ശത്രുരാജ്യങ്ങളെ ലക്ഷ്യമിട്ട് പടർത്തിയെന്നുമൊക്കെയുള്ള ഗൂഢാലോചനാ തിയറികളും കോവിഡിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.