കോവിഡ്: ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ആരോഗ്യമന്ത്രി
text_fieldsന്യൂഡൽഹി: ഏഷ്യൻ രാജ്യങ്ങളിലും യുറോപ്പിലും കോവിഡ് പടരുന്നതിനിടെ ഇന്ത്യയിലും ജാഗ്രത നിർദേശം നൽകി ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജാഗ്രത പുലർത്തുന്നതിനോടൊപ്പം സാമ്പിളുകളുടെ ജനിതകശ്രേണീകരണം നടത്താനും ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്. യോഗത്തിൽ പ്രധാനപ്പെട്ട നിർദേശങ്ങൾ ആരോഗ്യമന്ത്രി നൽകിയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു. നിരീക്ഷണം ശക്തമാക്കുന്നതിന് പ്രാധാന്യം നൽകണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
ചൈനക്കു പിന്നാലെ ദക്ഷിണ കൊറിയയിലും കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. ബുധനാഴ്ച നാലു ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാമാരി പൊട്ടിപുറപ്പെട്ടതു മുതൽ രാജ്യത്ത് സ്ഥിരീകരിക്കുന്ന പ്രതിദിന കേസുകളിൽ ഏറ്റവും ഉയർന്നതാണിത്. പ്രാദേശിക വ്യാപനം മൂലമുള്ളതാണ് ഇതിൽ ഭൂരിഭാഗം കേസുകളും.
ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 7,629,275 ആയതായി കൊറിയൻ രോഗ നിയന്ത്രണ ഏജൻസി (കെ.ഡി.സി.എ) അറിയിച്ചു. ചൊവ്വാഴ്ച രാജ്യത്ത് 293 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിലും ഒരിടവേളക്കുശേഷം കോവിഡ് പിടിമുറുക്കുകയാണ്. ലക്ഷകണക്കിനാളുകൾ കർശനമായ ലോക്ഡൗൺ നിയന്ത്രണത്തിലാണ്. ബുധനാഴ്ച ചൈനയിൽ 3,290 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 11 പേരുടെ നില അതീവ ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.