കോവിഡ് ബാധിച്ചവരിൽ ന്യൂറോസൈക്യാട്രിക് അസുഖങ്ങൾക്ക് സാധ്യത കൂടുതലെന്ന് പഠനം
text_fieldsകോവിഡ്-19 മഹാമാരി വിതച്ച ഭീതിയിൽ നിന്നും ആഘാതത്തിൽ നിന്നും ലോകം ഇനിയും മുക്തി നേടിയിട്ടില്ല. കോവിഡിന്‍റെ വകഭേദങ്ങളും ഉപവകഭേദങ്ങളും ഇന്നും വിവിധ രാജ്യങ്ങളിൽ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കോവിഡ് ബാധിതർ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുന്നുണ്ടെങ്കിലും പലവിധ അസുഖങ്ങളും അസ്വസ്ഥതകളും പലരെയും വിടാതെ പിന്തുടരുന്നുണ്ട്.
ഏറ്റവും പുതിയ പഠനം പറയുന്നത് കോവിഡ് ബാധിച്ചവരിൽ ന്യൂറോസൈക്യാട്രിക് അസുഖങ്ങൾക്ക് സാധ്യത കൂടുതലാണെന്നാണ്. ലാൻസെറ്റ് സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഒരിക്കലെങ്കിലും കോവിഡ് ബാധിച്ച വ്യക്തികൾക്ക് നാഡീരോഗങ്ങൾ, മാനസിക അസുഖങ്ങളായ ഡിമെൻഷ്യ, സൈക്കോസിസ് തുടങ്ങിയ അസുഖങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. കോവിഡ് ബാധിച്ച് രണ്ട് വർഷം പിന്നിട്ടവർക്ക് പോലും ഇത്തരം അസുഖങ്ങൾ നേരിടേണ്ടിവരുന്നു.
ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ 12.8 ലക്ഷം കോവിഡ് ബാധിതരിൽ നടത്തിയ പഠനത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിഗമനങ്ങളിലെത്തിയത്. ഇത്രയും പേരിൽ 14 തരം ന്യൂറോളജിക്കൽ, സൈക്യാട്രിക് അസുഖങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. കോവിഡ് ബാധിക്കാത്ത, എന്നാൽ മറ്റ് ശ്വാസകോശ അസുഖം ബാധിച്ച ഇതേ എണ്ണം ആളുകളിലും പഠനം നടത്തിയാണ് വ്യത്യാസം കണ്ടെത്തിയത്.
അനാവശ്യ ഉത്കണ്ഠയാണ് കോവിഡ് ബാധിതരിൽ ഏറ്റവും കൂടുതലായി കണ്ട അസുഖം. എപ്പോഴും ഉത്കണ്ഠാകുലരായി കാണപ്പെടുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. ബ്രെയിൻ ഫോഗ് എന്ന അസുഖാവസ്ഥയാണ് കോവിഡ് വന്നവരിൽ കൂടുതലായി കാണുന്ന മറ്റൊരു അസുഖം. മസ്തിഷ്‌കം, ചിന്തകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ആശയക്കുഴപ്പവും മന്ദതയും വരുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഈ സമയത്ത് ഒന്നിലും ശ്രദ്ധിക്കാനാവില്ല. മസ്തിഷ്‌കത്തിന്റെ ധാരണാശേഷി തത്കാലത്തേക്ക് തടസ്സപ്പെടാന്‍ ഇത് ഇടയാക്കും.
ഡിമെൻഷ്യയാണ് മറ്റൊരു മാനസിക രോഗം. 60ന് മുകളിൽ പ്രായമുള്ള കോവിഡ് ബാധിതരെ ഇത് സാരമായി ബാധിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മറവിരോഗത്തെയും കാര്യങ്ങൾ കൃത്യമായി ചെയ്യാൻ കഴിയാത്ത അവസ്ഥയെയുമാണ് ഡിമെൻഷ്യ എന്ന് പറയുന്നത്. ഇതോടൊപ്പം, ഉറക്കമില്ലാത്ത അവസ്ഥയായ ഇൻസോംനിയ, സൈകോടിക് ഡിസോർഡറുകൾ എന്നിവയും കോവിഡ് ബാധിതരായ മുതിർന്നവരിൽ കാണുന്നു.
അതേസമയം, കോവിഡ് ബാധിച്ച കുട്ടികളിൽ അപസ്മാരമാണ് കൂടുതലായി കാണുന്നത്. അപസ്മാരം വരാൻ മറ്റ് ശ്വാസകോശ രോഗങ്ങൾ ബാധിച്ച കുട്ടികളേക്കാൾ കൂടുതൽ സാധ്യത കോവിഡ് ബാധിച്ച കുട്ടികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.