കോവിഡ്-19; പ്രതിരോധ കുത്തിവെപ്പ് തുടരണമെന്ന് വിദഗ്ധർ
text_fieldsമനാമ: കോവിഡ്-19, വകഭേദങ്ങൾ എന്നിവക്കെതിരായ പ്രതിരോധ കുത്തിവെപ്പുകൾ തുടരണമെന്ന് ആരോഗ്യ മന്ത്രാലയ വിദഗ്ധർ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് വൈറസിൽനിന്ന് കൂടുതൽ സംരക്ഷണം നൽകുന്നതിന്റെ ഭാഗമായാണ് പുതുതായി വികസിപ്പിച്ച ഫൈസർ-ബയോൺടെക് വാക്സിനേഷൻ നൽകുന്നതെന്നും ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ആൻഡ് എപ്പിഡെമിയോളജി കൺസൽട്ടന്റ് ഡോ. ബസ്മ മഹ്മൂദ് അൽ സഫർ ഊന്നിപ്പറഞ്ഞു.
വൈറസിനെതിരെ പ്രതിരോധം വർധിപ്പിക്കുന്നതിനും രോഗം ബാധിച്ചാൽ ഉണ്ടാകാവുന്ന സങ്കീർണതകളിൽനിന്ന് സംരക്ഷണം നൽകുന്നതിനുമായി വികസിപ്പിച്ച ഫൈസർ-ബയോൺടെക് വാക്സിൻ ബൂസ്റ്റർ ഡോസായാണ് ബഹ്റൈനിൽ നൽകുന്നത്. പ്രതിരോധശേഷി കുറഞ്ഞവരും പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അർബുദം, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും തങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷക്കായി പുതിയ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
പുതുതായി വികസിപ്പിച്ച ഫൈസർ-ബയോൺടെക് ബൈവാലന്റ് കോവിഡ്-19 ബൂസ്റ്റർ വാക്സിൻ നവംബർ 29 മുതലാണ് ബഹ്റൈനിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നൽകിത്തുടങ്ങിയത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാതെ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നേരിട്ട് ചെല്ലാവുന്നതാണ്. കോവിഡ്-19നും ഒമിക്രോൺ ഉൾപ്പെടെയുള്ള വകഭേദങ്ങൾക്കുമെതിരെ സംരക്ഷണം നൽകുന്നതാണ് വാക്സിനെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.പുതിയ ബൂസ്റ്റർ ഷോട്ട് നൽകുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (https://healthalert.gov.bh) ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.