വീണ്ടും 1000 കടന്ന് കോവിഡ്
text_fieldsതിരുവനന്തപുരം: ഒരിടവേളക്കുശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ബുധനാഴ്ച1370 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 2338 പേരിൽ പകുതിയും കേരളത്തിലാണ്. നാല് മരണവും റിപ്പോർട്ട് ചെയ്തു. 644 പേർ രോഗമുക്തി നേടി. രോഗ സ്ഥിരീകരണ നിരക്ക് 8.77 ആണ്. ചൊവ്വാഴ്ചയും കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നിരുന്നു. സ്കൂളുകൾകൂടി തുറന്നതോടെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ആശങ്കക്ക് വഴിതുറന്നിരിക്കുകയാണ്.
ഒമിക്രോണിെൻറ ഉപവിഭാഗമാണ് പടരുന്നതെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ജനിതകവ്യതിയാനം സംഭവിച്ച BA.2.12.1 എന്ന വകഭേദമാണ് ഇത്. തമിഴ്നാട്ടിലും കർണാടകയിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടാവസ്ഥ കുറവാണെങ്കിലും വ്യാപനശേഷി ഒമിക്രോണിന് സമാനമെന്നാണ് പഠനങ്ങളിൽനിന്ന് വ്യക്തമാകുന്നത്. 90 ശതമാനം പേരിലും കോവിഡ് വന്നുപോയതിനാൽ എത്രത്തോളമാകും രോഗവ്യാപനമെന്നത് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവുമധികം രോഗികൾ എറണാകുളം ജില്ലയിലാണ്. ബുധനാഴ്ച 463 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം (239), കോട്ടയം (155), തൃശൂർ (118), കോഴിക്കോട് (107) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോഗബാധ. രോഗബാധ 1000 കടന്നിട്ടും വിശദാംശങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.