കോവിഡ് ജനിതക ശ്രേണീകരണം: കുത്തനെ കുറഞ്ഞു
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ പടരുന്നത് ഒമിക്രോൺ തന്നെയാണോ എന്ന് കണ്ടെത്തുന്നതിനുള്ള ജനിതക ശ്രേണീകരണം കുത്തനെ കുറഞ്ഞു. തലസ്ഥാനത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് ഈ പരിശോധനക്ക് കേന്ദ്രം ചുമതലപ്പെടുത്തിയത്. പരിശോധനക്കാവശ്യമായ റീ ഏജന്റ് അടക്കമുള്ളവയുടെ ക്ഷാമമാണ് പ്രതിസന്ധിയിലാക്കുന്നത്.
നിലവിൽ നാലിലൊന്ന് സാമ്പിൾ മാത്രമാണ് പരിശോധിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രതിദിനമുള്ള പൊതു സാമ്പിളിൽ അധികവും മാറ്റിവെച്ചു. 20-30 സാമ്പിൾ മാത്രമാണ് പരിശോധിച്ചത്. പരിശോധന സാമഗ്രികൾ വിദേശത്തുനിന്നാണ് എത്തേണ്ടത്. ഇതിലെ കാലതാമസമാണ് ക്ഷാമ കാരണം. ഇതോടെ പ്രതിദിനം ലഭിക്കുന്ന പരിശോധന ഫലങ്ങളുടെ എണ്ണവും കുറഞ്ഞു. ആരോഗ്യവകുപ്പ് പ്രതിദിന കണക്കുകളിൽ എത്ര സാമ്പിൾ പരിശോധിച്ചെന്ന് പരാമർശിക്കുന്നില്ല. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജനിതക ശ്രേണീകരണ നടപടികൾ പ്രാരംഭഘട്ടത്തിൽ മാത്രമാണ്. മെഷീനും അനുബന്ധ സംവിധാനങ്ങളും വിദേശത്തുനിന്നെത്തണം. ഇതിന് ടെൻഡർ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും താമസമെടുക്കും.
അതേസമയം, നിലവിലെ വൈറസ് വ്യാപനസ്വഭാവം കണക്കിലെടുക്കുമ്പോൾ ഒമിക്രോൺ ആണെന്ന് ഏതാണ്ട് ഉറപ്പാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ചെലവേറിയ പരിശോധന നടത്തി ഒമിക്രോണാണെന്ന് സ്ഥിരീകരിച്ചാലും പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഡെൽറ്റയേക്കാൾ പ്രഹരശേഷി കുറഞ്ഞവാണെന്നതിനാൽ വിശേഷിച്ചും.
സാമ്പിൾ പരിശോധന റീ ഏജൻറിന് 6500 രൂപയാണ് വില. ഫ്ലോ സെല്ലിലാണ് സാമ്പിൾ ശ്രേണീകരണം നടത്തുക. ഇതിന് വില 1.15 ലക്ഷം രൂപ. പരമാവധി 96 സാമ്പിളുകളേ ഒരു ഫ്ലോസെല്ലിൽ പരിശോധിക്കാനാവൂ. ഒരു സാമ്പിൾ വെച്ചും പരിശോധന നടത്താം. നഷ്ടം സഹിക്കണമെന്ന് മാത്രം. കേരളത്തിന് പുറത്തയക്കുന്ന സാമ്പിളിൽ ഫലം വരാൻ വൈകുന്നത് എണ്ണം തികയാൻ കാത്തിരിക്കുന്നത് കൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.