ഇല്ല, മാസ്ക് ഉടനെയൊന്നും മാറ്റില്ല...
text_fieldsതൊടുപുഴ: കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങുകയും ചെയ്തെങ്കിലും മാസ്ക് മലയാളിയുടെ മുഖത്ത്തന്നെയുണ്ടാകും. മാസ്കും കൈകഴുകലും സമൂഹഅകലവും തൽക്കാലം ഒഴിവാക്കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് സർക്കാറിന് നൽകിയ ശിപാർശ. സംസ്ഥാനത്ത് സർവസാധാരണമായ നിരവധി സാംക്രമിക രോഗങ്ങൾ വിജയകരമായി നിയന്ത്രിച്ചുനിർത്താൻ മാസ്ക് സഹായിച്ചെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ താഴ്ന്നതോടെ മാസ്ക് ഒഴിവാക്കുന്നത് സംബന്ധിച്ച് ആരോഗ്യവിദഗ്ധരോട് സർക്കാർ അഭിപ്രായം തേടിയിരുന്നു. എന്നാൽ, മാസ്കും കൈകഴുകലും സമൂഹഅകലവും പോലുള്ള നിയന്ത്രണങ്ങൾ തുടരണമെന്നായിരുന്നു ശിപാർശ. നിലവിൽ കോവിഡ് കേസുകൾ ആയിരത്തിന് മുകളിൽ തുടരുന്നതും പകർച്ചപ്പനിയും ക്ഷയവും പോലുള്ള സാംക്രമിക രോഗങ്ങൾ തടയാൻ മാസ്ക് സഹായിക്കുന്നുവെന്നതുമാണ് നിയന്ത്രണം തുടരണമെന്ന നിലപാടിൽ എത്താൻ കാരണം. മാസ്ക് ധരിക്കാത്തവരെ പിടികൂടി പൊലീസ് പിഴ ഈടാക്കുന്നതുപോലുള്ള കർശന നടപടി ഇപ്പോൾ ഇല്ലെങ്കിലും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് മിക്കവരുടെയും ശീലമായി. ഇത് എല്ലാവിധ രോഗങ്ങളുടെയും പ്രതിരോധത്തിന് സഹായിക്കുന്നതായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. മാസ്ക് നിർബന്ധമാക്കിയതോടെ പുകവലി കുറഞ്ഞതായും കണ്ടെത്തി.
നിലവിൽ കോവിഡ് ബാധിതർ കുറവാണെങ്കിലും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും യാത്ര ചെയുന്നവരുടെയും എണ്ണം കേരളത്തിൽ കൂടുതലായതിനാൽ ഏതു സമയത്തും കൂടുതൽ പേർക്ക് രോഗം പിടിപെടാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. അടുത്ത അധ്യയനവർഷത്തിലും കുട്ടികൾ മാസ്ക്വെച്ചുതന്നെ സ്കൂളിൽ പോകേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അവസാന കേസ് റിപ്പോർട്ട് ചെയ്യുന്ന അന്ന് മുതൽ നിശ്ചിത കാലത്തേക്ക് ഒരാൾക്കുപോലും രോഗം പിടിപെടാതിരുന്നാൽ മാത്രമേ സംസ്ഥാനത്തെ കോവിഡ് മുക്തമായി പ്രഖ്യാപിക്കൂ. അതുവരെ ചില നിയന്ത്രണങ്ങൾ തുടരും.
മരുന്നിന് ആവശ്യക്കാർ കുറഞ്ഞു
മാസ്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ നിത്യജീവിതത്തിലെ ഒരുപാട് രോഗങ്ങൾ ഇപ്പോൾ അകന്നു നിൽക്കുകയാണ്. പകർച്ചപ്പനിയടക്കം വിവിധതരം പനികളാണ് ഇതിൽ പ്രധാനം. ചെറിയ രോഗങ്ങൾക്കുവരെ മരുന്ന് വാങ്ങിക്കഴിക്കുന്ന ശീലവും പലരും ഉപേക്ഷിച്ചു. കോവിഡ് വ്യാപനത്തിന് മുമ്പുണ്ടായിരുന്നതിനെക്കാൾ മരുന്ന് വിൽപന 40 ശതമാനം ഇപ്പോഴും കുറവാണെന്ന് വ്യാപാരികൾ പറയുന്നു. ജീവിതശൈലീരോഗങ്ങൾക്കും സ്ഥിരം ഉപയോഗിച്ച് വരുന്നവർക്കുമുള്ള മരുന്നുകൾ മാത്രമാണ് കാര്യമായി വിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.