ആശങ്ക കൂട്ടി കോവിഡ് വ്യാപനം: സന്നാഹമൊരുക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: പ്രതിദിന കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം മുൻനിർത്തി ചികിത്സ സംവിധാനങ്ങൾ ഉയർത്താൻ ആരോഗ്യമന്ത്രിയുടെ നിർദേശം. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ വർധന കണ്ടുതുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണിത്. അതത് ജില്ലകളിൽ കലക്ടർമാർക്കാണ് ചുമതല. നിലവിലെ സാഹചര്യത്തിൽ കോവിഡ് ചികിത്സ സംവിധാനങ്ങൾ അപര്യാപ്തമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനങ്ങൾ ചികിത്സ സംവിധാനം കൂട്ടണമെന്ന് കേന്ദ്രവും അടുത്തിടെ നിർദേശം നൽകിയിരുന്നു. കഴിഞ്ഞവർഷം അവസാനം രണ്ടാംതരംഗം ഏതാണ്ട് ശമിച്ചതോടെ കോവിഡ് ബ്രിഗേഡ്, ഫസ്റ്റ്ലൈൻ ട്രീറ്റ് മെന്റ് സെന്ററുകൾ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെൻററുകൾ അടക്കം നിർത്തലാക്കിയിരുന്നു. ഇതെല്ലാം വീണ്ടും ആരംഭിക്കേണ്ടിവരുമെന്നാണ് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയത്. മൂന്നാഴ്ചക്കുള്ളിൽ അതിവ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പും മന്ത്രി നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം അഞ്ചുലക്ഷം കവിയാനുള്ള സാധ്യത തള്ളാനാവില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈമാസം അവസാനം വ്യാപനം ഉച്ചസ്ഥായിയിലെത്തുമെന്നും മാർച്ച് ആദ്യവാരത്തോടെ വ്യാപനം ശമിക്കുമെന്നുമാണ് വിലയിരുത്തൽ.
രണ്ടാം തരംഗത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം നാലരലക്ഷത്തോട് അടുത്തിരുന്നു. കഴിഞ്ഞവർഷം മേയ് 16ന് 4,40,652 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. വാക്സിനേഷൻ വ്യാപകമായതിനാൽ അന്ന് ആവശ്യമായ അത്രത്തോളം ഐ.സി.യു, വെൻറിലേറ്ററുകൾ ഇപ്പോൾ വേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവരിലും വർധനയുണ്ടാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഇപ്പോൾ അമിത ആശങ്ക നിലനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.