കോവിഡ്: ആശുപത്രി മാലിന്യങ്ങൾ ആരോഗ്യത്തിനും പ്രകൃതിക്കും ഭീഷണിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന
text_fieldsജനീവ: കോവിഡ് പ്രതിരോധത്തിനായി ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന വസ്തുക്കൾ പ്രകൃതിക്കും ആരോഗ്യത്തിനും ഭീഷണിയാകുന്നതായി ലോകാരോഗ്യ സംഘടന. സിറിഞ്ചുകൾ, ഉപയോഗിച്ച ടെസ്റ്റ് കിറ്റുകൾ, വാക്സിൻ കുപ്പികൾ എന്നിവ പതിനായിരക്കണക്കിന് ടൺ മെഡിക്കൽ മാലിന്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഈ മാലിന്യങ്ങളിൽ കൊറോണ വൈറസിന് അതിജീവിക്കാൻ സാധിക്കുമെന്നതിനാൽ അത് പകർച്ചവ്യാധിക്ക് കാരണമാകാം. കൂടാതെ ആരോഗ്യപ്രവർത്തകർക്ക് പൊള്ളലേൽക്കൽ, മുറിവേൽക്കുക, മറ്റു രോഗങ്ങൾ ഉണ്ടാവുക എന്നിവക്കും സാധ്യതുണ്ട്.
മാലിന്യം കത്തിക്കുന്നത് വഴി അന്തരീക്ഷവും മലിനീകരിക്കപ്പെടുന്നു. ഇത് ആ പ്രദേശത്തുള്ള ജന്തുജാലങ്ങളെ മോശമായി ബാധിക്കും. കൂടാതെ വെള്ളത്തിന്‍റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്നു. അസുഖങ്ങൾ പരത്തുന്ന കീടാണുക്കൾ ഉണ്ടാകാനും സാധ്യതയുണ്ട്.
പ്രതിരോധ വസ്തുക്കൾ നിർമിക്കുമ്പോൾ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറക്കാൻ റിപ്പോർട്ട് ആവശ്യപ്പെടുന്നു. പി.പി.ഇ കിറ്റ് പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ കൊണ്ട് നിർമിക്കണം.
2021 നവംബർ വരെ ഏകദേശം 87,000 ടൺ അഥവാ നൂറുകണക്കിന് നീലത്തിമിംഗലങ്ങൾക്ക് സമാനമായ പി.പി.ഇ കിറ്റുകൾ യു.എൻ പോർട്ടൽ വഴി മാത്രം ഓർഡർ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതും ഇപ്പോൾ മാലിന്യമായി മാറി.
2,600 ടൺ പ്ലാസ്റ്റിക് മാലിന്യവും രാസമാലിന്യങ്ങളും സൃഷ്ടിക്കുന്ന 140 ദശലക്ഷം കോവിഡ് ടെസ്റ്റ് കിറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ, ആഗോളതലത്തിൽ നൽകപ്പെടുന്ന ഏകദേശം എട്ട് ബില്യൺ വാക്സിൻ ഡോസ് ഗ്ലാസ് കുപ്പികൾ, സിറിഞ്ചുകൾ, സൂചികൾ, സുരക്ഷാ ബോക്സുകൾ എന്നിവയുടെ രൂപത്തിൽ 144,000 ടൺ അധിക മാലിന്യങ്ങൾ ഉൽപ്പാദിപ്പിച്ചതായി കണക്കാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഔദ്യോഗിക മാലിന്യ സംസ്കരണ സംവിധനങ്ങളുടെ അഭാവത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മഹാമാരിക്ക് മുമ്പ് തന്നെ വിവിധ മെഡിക്കൽ മാലിന്യങ്ങളുടെ മൂന്നിലൊന്ന് നിർമാർജനം ചെയ്യാൻ സാധിച്ചിരുന്നില്ല. ദരിദ്ര രാജ്യങ്ങളിൽ ഇത് 60 ശതമാനം വരെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.