കോവിഡ്: ചുമ നീണ്ടാൽ ക്ഷയരോഗ പരിശോധന നടത്തണം
text_fieldsന്യൂഡല്‍ഹി: കോവിഡ് ബാധിതരിൽ ചുമ നീണ്ടുനിന്നാൽ ക്ഷയരോഗം അടക്കമുള്ള പരിശോധനകൾ നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ ചികിത്സ മാർഗനിർദേശത്തിൽ പറയുന്നു. കോവിഡിനെ തുടർന്നുണ്ടാകുന്ന ചുമ രണ്ടോ മൂന്നോ ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനിന്നാൽ ക്ഷയം ഉൾപ്പെടെയുള്ള രോഗാവസ്ഥകളാണോ എന്ന് കണ്ടെത്താൻ പരിശോധന നടത്തണം.
കോവിഡ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ സ്റ്റിറോയിഡ് നല്‍കരുത്. സ്റ്റിറോയിഡിന്റെ അമിതമായ ഉപയോഗം ബ്ലാക് ഫംഗസ് വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഈ പശ്ചാത്തലത്തിലാണ് കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തിയത്. ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ക്ക് മാത്രമേ അടിയന്തര സാഹചര്യത്തില്‍ റെംഡെസിവിര്‍ മരുന്നു നല്കാന് പാടുള്ളൂ. ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായി പത്തുദിവസത്തിനിടെ വൃക്ക സംബന്ധമായോ കരള്‍ സംബന്ധമായോ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഓക്സിജന്‍ സഹായം ആവശ്യമില്ലാത്തവര്‍ക്ക് ഈ മരുന്ന് നല്‍കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
നേരിയ രോഗലക്ഷണങ്ങള്‍, മിതമായ തോതിലുള്ള രോഗലക്ഷണങ്ങള്‍, കടുത്ത രോഗലക്ഷണങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് നിലവില്‍ കോവിഡ് ചികിത്സ നല്‍കുന്നത്. ശ്വാസതടസ്സം ഉള്‍പ്പെടെ കടുത്ത രോഗലക്ഷണങ്ങള്‍ കാണിക്കാത്തവർ നേരിയ രോഗലക്ഷണത്തിലുള്ള ഗണത്തിലാണ് ഉൾപ്പെടുക. ഇവര്‍ക്ക് ഹോം ഐസൊലേഷന്‍ മതി. പനി കൂടുകയോ, ശ്വാസം തടസ്സം അനുഭവപ്പെടുകയോ ചെയ്താല്‍ ഇവര്‍ ഉടന്‍തന്നെ ചികിത്സ തേടണം.
ശ്വാസതടസ്സവും ഓക്സിജന്‍ ലെവല്‍ 90നും 93നും ഇടയിലുമുള്ളവരാണ് മിതമായ തോതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ ഗണത്തില്‍ ഉള്‍പ്പെടുക. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി ഓക്സിജന്‍ സപ്പോര്‍ട്ട് ലഭ്യമാക്കണം. ശ്വാസതടസ്സം നേരിടുന്നത് അടക്കം കടുത്ത രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.