പുതിയ വൈറസ് ഭീഷണി; െഡൽറ്റയേക്കാൾ ബി.1.1.529 എന്ന കൊറോണ വൈറസ് വകഭേദം കൂടുതൽ അപകടകാരി
text_fieldsന്യൂഡൽഹി: ലോകത്ത് 50 ലക്ഷത്തിൽപരം പേരുടെ ജീവനെടുത്ത കോവിഡ് മഹാമാരിയുടെ കെടുതികളിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ അടുത്ത ഭീഷണിയായി കൊറോണ വൈറസിെൻറ പുതിയ വകഭേദം.
െഡൽറ്റയേക്കാൾ ബി.1.1.529 എന്ന കോവിഡ് വൈറസ് വകഭേദം കൂടുതൽ അപകടകാരിയെന്നാണ് നിഗമനം. വായുവിലൂടെ പടരാം, വാക്സിനെ ചെറുക്കാൻ കൂടുതൽ ശേഷി, കടുത്ത രോഗലക്ഷണങ്ങൾ.
ആദ്യം കണ്ടത് ദക്ഷിണാഫ്രിക്കയിൽ
ദക്ഷിണാഫ്രിക്കയിലാണ് ജനിതകമാറ്റം വന്ന പുതിയ വൈറസിനെ ആദ്യം കണ്ടെത്തിയത്. ബി.1.1.529 ആദ്യം കണ്ട ദക്ഷിണാഫ്രിക്കയിൽ പുതിയ ജനിതക വകഭേദം പിടികൂടിയവരുടെ എണ്ണം നൂറോളം വരും. പൂർണ വാക്സിൻ എടുത്തവർക്കും പിടിപെട്ടു. ബോട്സ്വാനയിൽ നാല്. ഫൈസർ വാക്സിൻ എടുത്ത രണ്ടുപേർക്കാണ് ഹോങ്കോങ്ങിൽ വൈറസ് ബാധ. വാക്സിനേഷനിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇസ്രായേലിൽ ഒരാളെ കണ്ടെത്തി. മലാവിയിൽനിന്ന് മടങ്ങിയെത്തിയ ഇയാൾക്കൊപ്പം മറ്റു രണ്ടുപേരെക്കൂടി ക്വാറൻറീനിലാക്കി.
എങ്ങനെ ഉണ്ടായി?
എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരെപ്പോലെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ഉണ്ടായ കടുത്ത അണുബാധയിൽനിന്നാകാം വൈറസിെൻറ ജനിതക മാറ്റമെന്ന് വിദഗ്ധർ കരുതുന്നു.
ഹോങ്കോങ്, ബോട്സ്വാന, ഇസ്രായേൽ എന്നിവിടങ്ങളിലും കണ്ടെത്തിക്കഴിഞ്ഞ ബി.1.1.529 ദക്ഷിണാഫ്രിക്കയുടെ അയൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കാമെന്നും ആശങ്കയുണ്ട്.ലോകാരോഗ്യ സംഘടന പുതിയ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ചു.
നിരീക്ഷണം കർക്കശമാക്കി ഇന്ത്യ
അടുത്ത മാസം 15 മുതൽ അന്താരാഷ്ട്ര വിമാന സർവിസുകൾ പഴയപടി പുനരാരംഭിക്കാൻ ഇന്ത്യ ഒരുങ്ങുന്നതിനിടയിലാണ് പുതിയ വിവരം. വിസ നിയന്ത്രണം ഇളവുചെയ്ത് അന്താരാഷ്ട്ര യാത്രക്ക് വാതിൽ തുറന്നത് ഈയിടെയാണ്. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവരെ കർക്കശ പരിശോധനക്ക് വിധേയമാക്കും. കൂടുതൽ വിശദാംശങ്ങൾ കിട്ടാതെ പുതിയ വൈറസ് വകഭേദത്തെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നും അതിരുവിട്ട ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ഡൽഹി ജീനോമിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അനുരാഗ് അഗർവാൾ പറഞ്ഞു.
വിമാന വിലക്ക് പ്രഖ്യാപിച്ച് രാജ്യങ്ങൾ
യു.കെ, സിംഗപ്പൂർ, ഇസ്രായേൽ, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, മറ്റ് നാല് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾ വിലക്കി. തിരക്കിട്ട് തീരുമാനമെടുത്തതിൽ ദക്ഷിണാഫ്രിക്ക പ്രതിഷേധിച്ചു. മൂന്നു പതിറ്റാണ്ടായി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ദക്ഷിണാഫ്രിക്കയുടെ തീവ്രശ്രമങ്ങൾ പുതിയ വൈറസിെൻറ വരവോടെ പാളം തെറ്റി. അവിടേക്കുള്ള ടൂറിസ്റ്റുകളിൽ നല്ല പങ്കും യു.കെയിൽനിന്നാണ്.
പഠിക്കാനുണ്ട്; ആശങ്ക വേണ്ട –ലോകാരോഗ്യ സംഘടന
പുതിയ വൈറസ് എങ്ങനെ പ്രവർത്തിക്കുമെന്ന കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പുതിയ വകഭേദത്തെക്കുറിച്ച് കേൾക്കുന്ന മാത്രയിൽ അതിർത്തി അടക്കുന്ന രീതി പാടില്ലെന്നും അതിവേഗ നിഗമനങ്ങളിലേക്ക് എത്തരുതെന്നും ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേർത്തു. പുതിയ െഡൽറ്റ വൈറസിെൻറ പ്രത്യാഘാതങ്ങൾ വിലയിരുത്താൻ രണ്ടാഴ്ചയെങ്കിലും വേണമെന്ന് ഫൈസർ കമ്പനി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.