അപകടകരമായി മഞ്ഞപ്പിത്തം; വൈറസിൽ ജനിതക മാറ്റം
text_fieldsതിരുവനന്തപുരം: മലബാർ മേഖലയിലടക്കം മഞ്ഞപ്പിത്തം അപടകരമായി പടരുന്നതിനുപിന്നിൽ ജനിതക മാറ്റം വന്ന വൈറസാണെന്ന നിഗമനം ബലപ്പെടുന്നു. സാധാരണ ഹെപ്പറ്റൈറ്റിസ്-എ മരണ കാരണമാകാറില്ല. എന്നാൽ, സമീപകാലത്ത് മരണം റിപ്പോർട്ട് ചെയ്തു.
സാധാരണ കുഞ്ഞുങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി കണ്ടുവരുന്നത്. പ്രതിരോധശേഷി കൂടുതലായതിനാൽ മുതിർന്നവരിൽ താരതമ്യേന രോഗപ്പടർച്ച കുറവായിരുന്നു. എന്നാൽ, ഈ അടുത്തായി മുതിർന്നവരും വ്യാപകമായി രോഗബാധിതരാകുന്നുണ്ട്. വൈറസിന്റെ ജനിതക വ്യതിയാനമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ.
വൈറസ് ജനിതക വ്യതിയാനം സംബന്ധിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് കേരളത്തിൽനിന്ന് സാമ്പിൾ എൻ.ഐ.വികളിലേക്ക് അയക്കാനാണ് തീരുമാനം.
രണ്ടര മാസത്തിനിടെ 424 പേർക്കാണ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ചത്. 32 മരണവും റിപ്പോർട്ട് ചെയ്തു. മാർച്ചിൽ മാത്രം 198 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 698 പേർ രോഗബാധ സംശയവുമായി ചികിത്സ തേടി. കർണാടയിലെ ദിബ്രുഗഢിലും സമാനനിലയിൽ രോഗപ്പടർച്ചയുണ്ട്. സംസ്ഥാനത്ത് രോഗഭീതി ഇത്ര രൂക്ഷമായിട്ടും ഗൗരവതരമായ പ്രതിരോധ ഇടപെടൽ ആരോഗ്യവകുപ്പിൽനിന്നുണ്ടായിട്ടില്ലെന്ന് വിമർശനമുണ്ട്.
രോഗബാധിത മേഖലകളിൽ ആവശ്യത്തിന് ആരോഗ്യപ്രവർത്തകരില്ലെന്നും ആക്ഷേപമുണ്ട്. മലപ്പുറം ജില്ലയിലെ പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടർന്നുപിടിച്ച വിഷയത്തിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറെ വീഴ്ചയാരോപിച്ച് സ്ഥലം മാറ്റിയിരുന്നു. ആവശ്യത്തിന് മാനവവിഭവ ശേഷിയൊരുക്കാതെ, അധികൃതരുടെ വീഴ്ച മറച്ചുവെക്കാൻ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്നാണ് ഡോക്ടർമാരുടെ സംഘടന ആരോപിക്കുന്നത്. ഒരേ പ്രദേശത്തുതന്നെ രോഗം ആവർത്തിച്ച് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൃത്യമായ പ്രതിരോധത്തിന് മാപ്പിങ് ആവശ്യമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതിനും നടപടിയുണ്ടായിട്ടില്ല.
മലിന ഭക്ഷണത്തിൽനിന്നും വെള്ളത്തിൽനിന്നുമാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. രോഗിയുടെ മലവിസർജ്യത്തിൽ ഈ വൈറസ് സാന്നിധ്യമുണ്ടാകും. മഞ്ഞപ്പിത്തത്തിനുപുറമെ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.