പിടിവിട്ട് പകർച്ചവ്യാധി മരണം
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം താളംതെറ്റുന്നുവെന്ന സൂചന നൽകി മരണം കുത്തനെ ഉയർന്നു. ആരോഗ്യ വകുപ്പ് വെബ്സൈറ്റ് പ്രകാരം മഞ്ഞപ്പിത്ത (ഹെപ്പറ്റൈറ്റിസ് എ) മരണം നാലിരട്ടിയായി. എലിപ്പനി മരണം കഴിഞ്ഞ വർഷത്തെക്കാൾ 60 ശതമാനം കൂടി.
80 എലിപ്പനി മരണങ്ങളാണ് ഇത്തവണ കൂടുതലായി റിപ്പോർട്ട് ചെയ്തത്. മഞ്ഞപ്പിത്തം, എലിപ്പനി, ചിക്കൻപോക്സ്, വെസ്റ്റ് നൈൽ, മലേറിയ മരണനിരക്ക് വർധിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. മുണ്ടിവീക്കം, അഞ്ചാംപനി തുടങ്ങിയവയും വർധിക്കുന്നുണ്ട്.
മരണം വിതച്ച് ഹെപ്പറ്റൈറ്റിസ് എ
സാധാരണ ഗുരുതര ഗണത്തിൽപ്പെടാത്ത ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിയതും ഭൂരിഭാഗവും യുവാക്കളും കുട്ടികളുമാണ് എന്നതും ഏറെ ആശങ്കക്കിടയാക്കുന്നു. വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പഠനമാരംഭിച്ചു.
കണക്കുകൾക്കപ്പുറം
സർക്കാർ ആശുപത്രികളും ആരോഗ്യപ്രവർത്തകരും റിപ്പോർട്ട് ചെയ്യുന്ന കണക്കാണ് ആരോഗ്യവകുപ്പിന്റേത്. സ്വകാര്യ ആശുപത്രികളിലെ മരണം ഈ കണക്കുകളിൽ പെടില്ല. പകർച്ചവ്യാധികൾക്കൊപ്പം ജീവിതശൈലീ രോഗങ്ങളോ മറ്റ് അസുഖങ്ങളോ ഉള്ളവരുടെ മരണവും പകർച്ചവ്യാധിയായി കണക്കാക്കില്ല.
അത് സംശയ പട്ടികയിലേക്ക് ഉൾപ്പെടുത്തും. സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യുന്ന അപൂർവ അസുഖങ്ങൾ മാത്രമേ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുള്ളൂ. അതിനാൽ, ഈ കണക്ക് ഇനിയും വർധിക്കും.
മാലിന്യസംസ്കരണം, ശുചിത്വം അവതാളത്തിൽ
മാലിന്യ സംസ്കരണം കൃത്യമായി നടപ്പാക്കാത്തതും ഭക്ഷണശാലകളിലടക്കം ശുചിത്വ ചട്ടം പാലിക്കാത്തതുമാണ് എലിപ്പനിയും മഞ്ഞപ്പിത്തവും വർധിക്കാൻ ഇടയാക്കുന്നതെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ.
സീസൺ വ്യത്യാസമില്ലാതെ
എലിപ്പനിയും മഞ്ഞപ്പിത്തവും എന്നീ രോഗങ്ങൾ സീസൺ വ്യത്യാസമില്ലാത പടർന്നുപിടിക്കുന്നതും ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. പനി ബാധിച്ചവരുടെ എണ്ണം കുറഞ്ഞുവെങ്കിലും പനി ഗുരുതരമായി മരിച്ചവരുടെ എണ്ണം രണ്ടിരട്ടിയിലധികം വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.