60ന് താഴെയുള്ളവരുടെ മരണം; പഠനം നടത്താൻ നിർദേശം
text_fieldsകണ്ണൂർ: കോവിഡിനു ശേഷം 60 വയസിന് താഴെയുള്ളവര്‍ മരിക്കുന്നത് കൂടിയ സാഹചര്യത്തിൽ പഠനം നടത്താൻ ജില്ല ആസൂത്രണ സമിതി യോഗത്തിൽ നിർദേശം. ജില്ല മെഡിക്കൽ ഓഫിസ് നേതൃത്വത്തിലാണ് പഠനം. കോവിഡിനു ശേഷം ജില്ലയിൽ 60 വയസ്സിന് താഴെയുള്ളവര്‍ മരിക്കുന്നത് വർധിച്ചിട്ടുണ്ട്. ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലാണ് പഠനം. ഹൃദ്രോഗവിദഗ്ധരും ജീവിതശൈലി രോഗ വിദഗ്ധരും പഠനസംഘത്തിലുണ്ടാവും. ഹൃദ്രോഗികള്‍, വൃക്ക, അർബുദ രോഗികള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും പഠനം നടത്തും.
ജില്ലയിലെ മുഴുവന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതിയും ജില്ല ആസൂത്രണസമിതി അംഗീകരിച്ചു. കൂത്തുപറമ്പ്, മട്ടന്നൂര്‍ നഗരസഭകള്‍, മാടായി പഞ്ചായത്ത് എന്നിവിടങ്ങളിലെ പദ്ധതി ഭേദഗതികള്‍ക്ക് കൂടിയാണ് യോഗം അംഗീകാരം നല്‍കിയത്. കന്നുകുട്ടി പരിപാലന പദ്ധതിക്കുള്ള സര്‍ക്കാര്‍ വിഹിതം ലഭിക്കാത്ത സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അത് വഹിക്കുന്നതിനുള്ള അനുവാദത്തിനായി സര്‍ക്കാറിലേക്ക് കത്തയക്കാന്‍ യോഗം തീരുമാനിച്ചു. ആസൂത്രണ സമിതി അധ്യക്ഷ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലതല മുന്‍ഗണന പദ്ധതികളും സംയുക്ത പദ്ധതി നിർദേശങ്ങളും ചര്‍ച്ച ചെയ്തു. ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും അതിദാരിദ്ര്യമില്ലാത്ത ജില്ലയെന്ന നേട്ടം ഈ വര്‍ഷം തന്നെ കൈവരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും ആസൂത്രണ സമിതി അധ്യക്ഷ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളില്‍ ഹാപ്പിനെസ്സ് പാര്‍ക്ക് ഉണ്ടാക്കാന്‍ പദ്ധതി ആലോചിക്കണമെന്നും അവര്‍ നിർദേശിച്ചു.
ജില്ല ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി മെംബര്‍ സെക്രട്ടറി ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്, ആസൂത്രണ സമിതി അംഗങ്ങളായ ടി.ഒ. മോഹനന്, ബിനോയ് കുര്യന്, കെ.കെ. രത്നകുമാരി, ടി. സരള, ഇ. വിജയന്, വി. ഗീത, കെ. താഹിറ, ലിസി ജോസഫ്, ജില്ല പ്ലാനിങ് ഓഫിസര്‍ നെനോജ് മേപ്പടിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.