നിർജലീകരണം വില്ലനാകാം; റമദാനില്‍ ആത്മീയതക്കൊപ്പം ആരോഗ്യവും പ്രധാനം
text_fieldsബംഗളൂരു: എ.ആർ. റഹ്മാൻ ലണ്ടൻ യാത്രക്കിടെ നിർജലീകരണത്തെതുടർന്ന് ചികിത്സ തേടിയെന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നിർജലീകരണം നോമ്പുകാലത്ത് ചിലർക്ക് വില്ലനാവാറുണ്ട്. ആത്മീയതയുടെ പൂര്‍ത്തീകരണത്തിനായി മനസ്സിനെ ഒരുക്കുമ്പോള്‍ ശരീരസംരക്ഷണത്തിന് നാം എന്തെല്ലാം മുൻകരുതൽ എടുക്കുന്നു എന്നത് പ്രധാനമാണ്.
വ്രതം ആരംഭിക്കുന്ന അത്താഴ ഭക്ഷണത്തിൽനിന്നുതന്നെയാണ് ആരോഗ്യശ്രദ്ധ ആരംഭിക്കേണ്ടത്. കഴിവതും പ്രോട്ടീന്‍ അടങ്ങിയ മുട്ട, പയറുവര്‍ഗങ്ങളായ ഉഴുന്ന്, ചെറുപയര്‍, ഓട്സ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഉള്‍പ്പെടുത്താം.
പകല്‍സമയത്ത് റമദാനില്‍ വെള്ളം കുടിക്കുന്നില്ലെന്നതിനാല് നോമ്പുതുറക്കുന്ന സമയത്തും നോമ്പു ആരംഭിക്കുന്നതിന് മുമ്പും വെള്ളം നന്നായി കുടിക്കുകയും ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യണം. ഇതുമൂലം ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നിര്‍ജലീകരണം തടയാനും സാധിക്കും. നോമ്പുകാലത്ത് മിക്കവരിലും കണ്ടുവരുന്ന അസുഖങ്ങളാണ് മൂത്രാശയരോഗങ്ങളും തലവേദനയും. നോമ്പ് തുറന്നശേഷം ഇടക്ക് ഇടക്ക് വെള്ളം കുടിക്കുക വഴി ഈ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.
നോമ്പെടുത്തുകഴിഞ്ഞാല് ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറവായിരിക്കുന്നതിനാല് നോമ്പുതുറന്ന ഉടനെ പഞ്ചസാര അധികം അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ ഇന്‍സുലിന്റെ അളവില്‍ മാറ്റം വരികയും അത് ശരീരത്തെ ബാധിക്കുകയും ചെയ്യും. എങ്കിലും ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.പല നിറത്തിലുള്ള ജ്യൂസുകള്‍ ഇഫ്താര്‍ വിരുന്നിലെ താരങ്ങളാണ്.
പഴങ്ങളില്‍ ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ ജ്യൂസ് അടിക്കാതെ അവ നേരിട്ടു കഴിക്കുന്നതാണ് നല്ലത്. ഈത്തപ്പഴം ശരീരത്തിലെ പഞ്ചസാരയുടെ അളവ് അധികം കൂട്ടില്ലെന്നതിനാല്തന്നെ ഈത്തപ്പഴവും വെള്ളവും പഴങ്ങളും കഴിച്ചശേഷം ജ്യൂസ് കുടിക്കുന്നതാണ് നല്ലത്.
വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ കഴിവതും ഒഴിവാക്കി ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ കഴിക്കുക. പുളിയുള്ള ഓറഞ്ച് പോലെയുള്ള പഴങ്ങൾ ഒഴിവാക്കി പപ്പായ, തണ്ണിമത്തന്, പഴം, ബട്ടര്‍ ഫ്രൂട്ട് കൂടാതെ നാടൻ ഇനങ്ങളായ മാങ്ങ, ചക്ക, പേരക്ക, ഞാവല്‍ തുടങ്ങിയവയും നോമ്പുതുറയില്‍ ഉള്‍പ്പെടുത്തുക. റവ പായസത്തെക്കാള്‍ മെച്ചം കൂവ പായസമാണ്. ചായ, കാപ്പി എന്നിവ പരമാവധി ഒഴിവാക്കി പകരം മോരും വെള്ളം കുടിക്കുക. മിതമായരീതിയില്‍ കഴിക്കുകയും കിടക്കുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുക.
ചോറില്‍ നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ നോമ്പുതുറക്കുന്ന സമയത്ത് പതിവ് രീതികളായ പത്തിരിയില്നിന്ന് മാറി ചോറും കറികളും ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ഗുണം ചെയ്യും.
നോമ്പുകാലത്ത് മിക്ക വീടുകളിലെയും അവിഭാജ്യ ഘടകമാണ് ജീരകക്കഞ്ഞി. ഇതിലടങ്ങിയിരിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങള്‍ ശരീരത്തിന് നല്ലതാണെന്ന് ആയുര്‍വേദ ഡോക്ടറായ മാനിപുരം സ്വദേശി നൈഷു അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടുന്നു.
വെയിലില്‍ അധികം വ്യായാമം ചെയ്യാതെ വീടിനകത്ത് നിന്നുകൊണ്ട് മിതമായ രീതിയില്‍ വ്യായാമം ചെയ്യുന്നതിന് കുഴപ്പമില്ല. സോഡ അടങ്ങിയ പാനീയങ്ങള്‍, രാത്രികാല ഭക്ഷണ ശീലങ്ങളായ ഫുഡ് സ്ട്രീറ്റുകള്‍ എന്നിവ ശരീരത്തിന്റെ ദഹനവ്യവസ്ഥക്ക് മാറ്റം വരുത്തുന്നു എന്നതിനാല്‍ അവ പൂര്‍ണമായും ഒഴിവാക്കണം.
ആറ് മണിക്കൂര്‍ നന്നായി ഉറങ്ങുക, അത്താഴശേഷമുള്ള ഉറക്കം ഒഴിവാക്കുക, പറമ്പില്‍ കിളക്കുക, പച്ചക്കറി നടുക എന്നീ കായികാധ്വാനമുള്ള ജോലികള്‍ വൈകുന്നേരം ചെയ്യുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിലമ്പൂർ സ്വദേശിയായ ഡോ. ഷംജിത് ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.