ഡൽഹിയിലെ വായു സിഗരറ്റ് പുകയേക്കാൾ മോശമെന്ന് എയിംസ് ഡയറക്ടർ; കോവിഡ് കേസുകൾ പെരുകാൻ സാധ്യതയെന്ന്
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം സിഗരറ്റ് പുകയേക്കാൾ മോശമാണെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. വായുമലിനീകരണം ഡൽഹി നിവാസികളുടെ ജീവിതദൈർഘ്യം കുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം കുറയുകയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പഠനഫലം ഇനിയും അവലോകനം ചെയ്യേണ്ടതുണ്ടെങ്കിലും വായുമലിനീകരണം തീർച്ചയായും ആയുർദൈർഘ്യത്തെ ബാധിക്കും. ഡൽഹിക്കാരുടെ ശ്വാസകോശം കറുത്തതായി മാറിയിരിക്കുന്നു -ഡോ. ഗുലേറിയ പറഞ്ഞു.
ഇന്തോ-ഗംഗാ സമതല മേഖലയിൽ വായുമലിനീകരണം കൂടുതലാണ്. ദീപാവലിക്ക് പടക്കം പൊട്ടിച്ചത് വായുമലിനീകരണത്തിന്‍റെ ഭാഗമായിട്ടുണ്ട്. ആഘോഷവേളകളിൽ വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങിയതും മലിനീകരണം വർധിപ്പിച്ചു.
2017ന് ശേഷമുള്ള ഏറ്റവും മോശം വായു ഗുണനിലവാരമാണ് ഡൽഹിയിൽ ദീപാവലിക്ക് തൊട്ടടുത്ത ദിവസം രേഖപ്പെടുത്തിയത്.
വായുമലിനീകരണം കോവിഡ് വ്യാപനത്തിനും കാരണമാകുമെന്ന് ഡോ. ഗുലേറിയ ചൂണ്ടിക്കാട്ടി. കോവിഡ് ബാധിതരുടെ ശ്വാസകോശത്തെ മലിനീകരണം ഏറെ പ്രതികൂലമായി ബാധിക്കും. വായുവിലെ മലിന വസ്തുക്കളിൽ കൊറോണ വൈറസ് തങ്ങിനിൽക്കുന്നത് വ്യാപന തോത് വർധിപ്പിക്കും. ഇപ്പോഴുള്ള കോവിഡ് വർധനവ് ഇത്തരത്തിലുള്ളതാണോയെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.