‘ഡിമെൻഷ്യ’ ബാധിതരെ അറിയാം, പരിചരിക്കാം
text_fieldsആഗോളതലത്തിൽ വൃദ്ധജനസംഖ്യയിൽ വലിയ വർധന ഉണ്ടാവുന്ന പശ്ചാത്തലത്തിലാണ് പ്രായം ചെന്നവരെ ബാധിക്കുന്ന ‘ഡിമെൻഷ്യ’ എന്ന മറവിരോഗത്തിന്‍റെ തോത് വർധിച്ചുവരുന്നത്. തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയെ തുടർന്നുണ്ടാവുന്ന നിരവധി രോഗലക്ഷണങ്ങളുടെ സമന്വയമാണ് ഈ അവസ്ഥ. സാധാരണ പ്രായമുള്ളവരെ ബാധിക്കുന്ന ഈ രോഗം അപൂർവമായി മധ്യവയസ്കരിലും കണ്ടുവരുന്നു. ഓർമക്കുറവിനുപുറമെ ഒരു വ്യക്തിയുടെ ചിന്തകൾ, കണക്കുകൂട്ടൽ, ഭാഷാപ്രയോഗം, തീരുമാനങ്ങളെടുക്കൽ, വൈകാരിക നിയന്ത്രണം, സാമൂഹിക പെരുമാറ്റം എന്നിവയെ ഈ രോഗം പ്രതികൂലമായി ബാധിക്കും.
മറവിരോഗത്തിന് ഒന്നിലധികം വകഭേദങ്ങളുണ്ടെങ്കിലും ഇതു ബാധിച്ചവരിൽ പൊതുവായി കണ്ടുവരുന്ന ലക്ഷണങ്ങൾ ഏകദേശം സമാനമാണ്. വ്യക്തികളുടെ സ്വഭാവം, ജീവിത സാഹചര്യം എന്നിവയനുസരിച്ച് ലക്ഷണങ്ങളിൽ മാറ്റങ്ങളുണ്ടാകും. രോഗം ബാധിച്ചുകഴിഞ്ഞാൽ വ്യക്തി ക്രമേണ കിടപ്പിലാവുകയും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് നേരിടുകയും മലമൂത്ര വിസർജനത്തിന് നിയന്ത്രണമില്ലാതാവുകയും ചെയ്യും.
‘ഡിമെൻഷ്യ’യോട് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്ന വിഷാദരോഗം, ഡെലീറിയം തുടങ്ങിയ ചില രോഗങ്ങളുള്ളതിനാൽ ഈ രംഗത്ത് വിദഗ്ധനായ ഡോക്ടർക്ക് മാത്രമേ രോഗനിർണയം സാധ്യമാകൂ. ഇതിനായി എം.ആർ.ഐ സ്കാനിങ് പോലുള്ള ആധുനിക പരിശോധന മാർഗങ്ങൾ നിലവിലുണ്ട്. എന്നാൽ, രോഗത്തിന്‍റെ വേഗതയും തീവ്രതയും കുറക്കാനല്ലാതെ ഈ അവസ്ഥയെ പരിപൂർണമായി മാറ്റിയെടുക്കാനുള്ള മരുന്നുകൾ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
രോഗീപരിചരണത്തിലെ വെല്ലുവിളികൾ: ദൈനംദിന ജീവിതത്തിലെ ചില കാര്യങ്ങളിലെ മറവിയിൽ തുടങ്ങി പരാശ്രയം കൂടാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തവിധം ഗുരുതരാവസ്ഥയിലെത്തിക്കുന്ന ഘട്ടംവരെ നീണ്ടേക്കാവുന്ന ഈ രോഗവുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികളാണ് രോഗിയെ പരിചരിക്കുന്ന ബന്ധുക്കളടക്കമുള്ളവർ നേരിടേണ്ടിവരുക. അതുകൊണ്ട് ഇവർക്ക് ശാസ്ത്രീയമായ പരിശീലനം ആവശ്യമാണ്. ഇതിനായി ഡോക്ടർ, മനോരോഗ വിദഗ്ധൻ, മനഃശാസ്ത്രജ്ഞൻ, സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നിവരുടെ സഹായം വേണ്ടിവരും. ‘ഡിമെൻഷ്യ’ രോഗികൾ പ്രകടിപ്പിക്കുന്ന സ്വഭാവ-മാനസിക വൈകല്യങ്ങളാണ് പരിചരിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുക. രോഗികൾ പ്രകടിപ്പിക്കുന്ന സംശയരോഗം, കാര്യങ്ങൾ ചെയ്യുന്നതിലെ വേഗതക്കുറവ്, വീടുവിട്ടിറങ്ങിപ്പോകൽ, ആക്രമണ സ്വഭാവം തുടങ്ങിയവയാണിവ.
പൂർണമായ ബോധാവസ്ഥയിലും രോഗിക്ക് പരിസരബോധം നഷ്ടപ്പെടുക സാധാരണമായതിനാൽ രോഗിയെ പരിചരിക്കുന്നവർ ചില കാര്യങ്ങൾ മനസ്സിലാക്കണം. രോഗിയുടെ പെരുമാറ്റങ്ങൾ മനപ്പൂർവമല്ലെന്ന് തിരിച്ചറിയുക. വാസ്തവങ്ങളും യാഥാർഥ്യങ്ങളും രോഗികൾക്ക് മനസ്സിലാക്കാൻ കഴിയില്ല. എല്ലായ്പോഴും രോഗികൾ ഒരേപോലെ പെരുമാറാൻ സാധ്യതയില്ല. അതുകൊണ്ട് രോഗിയുമായി പരസ്പര ധാരണയോടെ ഒത്തുപോകാൻ കഴിയില്ല. രോഗിയുടെ പെരുമാറ്റവും പ്രവർത്തനങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കണം. രോഗികൾക്ക് അവരുടെ ആവശ്യങ്ങൾ പറയാനും അറിയിക്കാനും കഴിയാത്തതിനാൽ കണ്ടറിഞ്ഞ് ചെയ്യണം. പുതിയ ചുറ്റുപാടിലേക്ക് പോകേണ്ടിവരുമ്പോൾ രോഗിയുടെ കൂടെത്തന്നെനിന്ന് പിന്തുണ നൽകണം. പുതിയ അന്തരീക്ഷത്തിൽ പ്രതികരിക്കാനും പ്രവർത്തിക്കാനും രോഗിക്ക് കൂടുതൽ സമയം നൽകണം. ഭക്ഷണം കഴിക്കൽ, കുളിക്കൽ, ടോയ്ലറ്റിൽ പോകൽ തുടങ്ങിയവക്ക് നിർബന്ധിക്കരുത്.
പ്രാഥമിക ലക്ഷണങ്ങൾ
- വസ്തുക്കൾ വെച്ച സ്ഥലം, തീയതി, സമയം, വ്യക്തികളുടെ പേര് തുടങ്ങിയ കാര്യങ്ങൾ സ്ഥിരമായി മറന്നുപോവുക.
- ഒരേ ചോദ്യം വീണ്ടും ചോദിക്കുകയും ഒരേ അഭിപ്രായം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുക.
- സമീപകാലത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയാതെയാവുക.
- കാര്യങ്ങൾ പറഞ്ഞുതുടങ്ങിയശേഷം വിഷയവും സംസാരിച്ച കാര്യവും ഇടക്കുവെച്ച് മറന്നുപോവുക.
- പുറത്തിറങ്ങിയാൽ തിരിച്ചെത്താനുള്ള സ്ഥലവും സ്വന്തം വിവരങ്ങളും മറന്നുപോവുക.
- ഭക്ഷണത്തിനുശേഷം കഴിച്ചില്ലെന്ന മട്ടിൽ ആവശ്യപ്പെടുക.
- ബന്ധുക്കളെയും സ്ഥിരമായി കാണുന്നവരെയും തിരിച്ചറിയാതിരിക്കുക.
- പ്രാഥമിക കർമങ്ങളിലും ശരീര ശുചിത്വത്തിലും മറവിയും അശ്രദ്ധയും.
- അനുയോജ്യമല്ലാത്ത സമയത്തും സ്ഥലത്തും ലൈംഗിക പെരുമാറ്റം. സ്പഷ്ടമല്ലാത്ത, അർഥമില്ലാത്ത സംസാരം.
രോഗികൾക്കും പരിചരിക്കുന്നവർക്കും ലഭ്യമായ സേവനങ്ങൾ
രോഗികൾക്ക് ലഭ്യമാകുന്ന പകൽ സമയത്തെ ക്ലിനിക്കുകളിലെ പരിചരണം, വീടുകളിൽ എത്തിയുള്ള പരിചരണം, മെമ്മറി ക്ലിനിക്, പരിചരിക്കുന്നവർക്കുള്ള പരിശീലനം, ബോധവത്കരണം, ചികിത്സ സംബന്ധിച്ച വിവരങ്ങൾ എന്നിവ നൽകുന്നതിനായി നിരവധി സംവിധാനങ്ങൾ ഇന്ത്യയിലുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ’ (ARDSI). ഇതിന് കേരളത്തിൽ കൊച്ചിക്ക് പുറമെ കോഴിക്കോട്, കോട്ടയം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തന കേന്ദ്രങ്ങളുണ്ട്. www.ardsi.org എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.