ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതിജാഗ്രത
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രത്യേക യജ്ഞം നടത്താന്‍ ആരോഗ്യ, തദ്ദേശ ഭരണ വകുപ്പുകളുടെ തീരുമാനം.
തദ്ദേശഭരണ മന്ത്രി എം.വി. ഗോവിന്ദന്‍റെയും മന്ത്രി വീണ ജോര്‍ജിന്‍റെയും നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മഴക്കാലം വരുന്നതിന് മുമ്പുതന്നെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി.
കൊതുകിന്‍റെ ഉറവിട നശീകരണം നടത്താന്‍ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് പ്രത്യേക യജ്ഞത്തിന്‍റെ ഭാഗമായി ഡ്രൈ ഡേ ആചരിക്കും.
വീടുകളില്‍ ഞായറാഴ്ചകളിലും സ്‌കൂളുകളില്‍ വെള്ളിയാഴ്ചകളിലും സ്ഥാപനങ്ങളില്‍ ശനിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം. വീടും സ്ഥാപനവും പരിസരവും ശുചിയാക്കണം. കൊതുക് മുട്ടയിടാതിരിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ജില്ലകളും റിപ്പോര്‍ട്ട് ചെയ്യുന്ന പകര്‍ച്ചവ്യാധിക്കനുസരിച്ച് കര്‍മപദ്ധതി തയാറാക്കണം. കലക്ടര്‍മാര്‍ അതിന് നേതൃത്വം നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ ജാഗ്രത കലണ്ടറനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകുജന്യ, ജന്തുജന്യ, ജലജന്യ രോഗങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കണം. ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അതിജാഗ്രത വേണം. മലിനജലവുമായും മണ്ണുമായും സമ്പര്‍ക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം. എന്തെങ്കിലും പകര്‍ച്ച വ്യാധികള്‍ ഒരു പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്താല്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
വാര്‍ഡ്തല സമിതികള്‍ ഊര്‍ജിതമാക്കി ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍ ഓപറേഷന്‍സ്, കലക്ടര്‍മാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ല സര്‍വയലന്‍സ് ഓഫിസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.