ഡെങ്കിപ്പനി ബാധിതർ വർധിച്ചു; പാലക്കാട് ജില്ലയിൽ പ്ലേറ്റ് ലെറ്റ് ക്ഷാമം
text_fieldsപാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ പ്ലേറ്റ് ലെറ്റിന് ക്ഷാമം. ദിനംപ്രതി നിരവധി പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. 12 ദിവസത്തിനിടെ 68 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഡെങ്കി ബാധിതർക്ക് രക്തത്തിൽ പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുമെന്നതിനാൽ ഇവ കയറ്റിയാൽ മാത്രമേ വേഗം സുഖം പ്രാപിക്കൂ. എന്നാൽ ജില്ലയിലെ ബ്ലഡ് ബാങ്കുകളിൽ രക്തം എത്തുന്നത് കുറവായതിനാൽ പ്ലേറ്റ് ലെറ്റ് കിട്ടാനില്ല. സ്വമേധയാ രക്തം ദാനം ചെയ്യുന്നവർ കുറവാണ്. അങ്ങനെ വരുന്നവരിൽ അസുഖങ്ങളുണ്ടെങ്കിൽ രക്തം ശേഖരിക്കാൻ സാധിക്കില്ല.
ജലദോഷം ഉണ്ടെങ്കിൽ പോലും രക്തം എടുക്കില്ല. സ്വമേധയാ രക്തം നൽകുന്നവർ കുറഞ്ഞതിനൊപ്പം ചെറുപ്പക്കാർക്കിടയിൽ ടാറ്റൂ സംസ്കാരം വളർന്നതും രക്തദാനത്തിന് തിരിച്ചടിയായതായി ബ്ലഡ് ഡൊണേഷൻ കേരള ജില്ല സെക്രട്ടറി ആർ. സതീഷ് പറഞ്ഞു. ടാറ്റൂ അടിച്ചാൽ ഒരുവർഷം വരെ രക്തദാനം നടത്താനാവില്ല. നിലവിൽ പകർച്ചാവ്യാധികളും പടരുന്നതിനാൽ രക്തം കിട്ടാൻ പ്രയാസമായി. ജില്ല ആശുപത്രി, കോഓപറേറ്റിവ് ആശുപത്രി, സൂര്യ ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലാണ് രക്തം ശേഖരിച്ച് സൂക്ഷിച്ചുവക്കാറുള്ളത്. ഒരാഴ്ച വരെയാണ് രക്തം സൂക്ഷിച്ചുവക്കുക.
ക്ഷാമം ഉള്ളതിനാൽ ഡെങ്കി, പ്രസവം, അപകടം തുടങ്ങി അടിയന്തരഘട്ടങ്ങളിൽ രക്തം എത്തിക്കാൻ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും സതീഷ് പറഞ്ഞു. കഴിഞ്ഞദിവസം നടത്തിയ രക്തദാന ക്യാമ്പിൽ 40 പേർ പങ്കെടുത്തെങ്കിലും അസുഖങ്ങൾമൂലം 30 പേരുടെ രക്തം എടുക്കാനായില്ല. ബോധവത്കരണ കാമ്പയിനുകൾ നടത്തുന്നുണ്ടെങ്കിലും രക്തദാനത്തിന് താൽപര്യമുള്ളവർ കുറവാണ്.
നിലവിൽ എല്ലാ ഗ്രൂപ്പുകളിലുള്ള രക്തത്തിനും ക്ഷാമമുണ്ട്. പ്ലേറ്റ് ലെറ്റുകൾ കയറ്റാൻ വൈകുന്നത് ഡെങ്കിപ്പനി ഭേദമാകാൻ കാലതാമസം ഉണ്ടാക്കും. പ്ലേറ്റ് ലെറ്റിനായി രോഗികളുടെ സമാനഗ്രൂപ്പുള്ള ആളുകളെ തേടി അലയേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.