വിട്ടൊഴിയാതെ ഡെങ്കിപ്പനി
text_fieldsപാലക്കാട്: കാലവർഷം പിന്നിട്ടെങ്കിലും ജില്ലയിൽ ഡെങ്കിപ്പനി വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ 33 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒക്ടോബർ ആദ്യവാരത്തെ കണക്കുകൾ പ്രകാരമാണിത്. രോഗലക്ഷണങ്ങളോടെ 60 പേർ ചികിത്സ തേടി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 22 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒക്ടോബറിൽ ഏഴുദിവസത്തിനിടെ 379 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1027 പേരാണ് ഇക്കാലയളവിൽ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
മേലാർകോട്, പട്ടാമ്പി, അലനല്ലൂർ, അമ്പലപ്പാറ, അനങ്ങനടി, ചളവറ, കൊടുവായൂർ, കോട്ടായി, മാത്തൂർ, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, ഒറ്റപ്പാലം, പാലക്കാട്, പുതുപ്പരിയാരം, പുതുനഗരം, ഷൊർണൂർ, തേങ്കുറിശ്ശി, വാണിയംകുളം, കോങ്ങാട്, കൊപ്പം, മുതുതല, തൃത്താല, കാവശ്ശേരി, തിരുവേഗപ്പുറ, ചെർപ്പുളശ്ശേരി, തൃക്കടീരി എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചത്.
കൊതുകു വഴി പടരുന്ന രോഗമായതിനാൽ പരിസരശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. കൊതുകിന്റെ ഉറവിടനശീകരണമാണ് പ്രധാനം. പെട്ടന്നുള്ള ഉയർന്ന പനി, കഠിനമായ തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, സന്ധികളിലും പേശികളിലും കടുത്ത വേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി ആരംഭിച്ച് രണ്ടോ അഞ്ചോ ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ചർമ്മ ചുണങ്ങ്, നേരിയ രക്തസ്രാവം (മൂക്കിൽ രക്തസ്രാവം, മോണയിൽ രക്തസ്രാവം) തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.