ഡെങ്കിപ്പനി; ഇടുക്കിയിൽ അഞ്ച് പുതിയ ഹോട്ട്സ്പോട്ട്
text_fieldsതൊടുപുഴ: ജില്ലയില്‍ ആരോഗ്യവകുപ്പ് എല്ലാ ആഴ്ചയും നടത്തുന്ന പ്രതിവാര വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം അറക്കുളം ( വാര്‍ഡ് -7), പീരുമേട് (വാര്‍ഡ് -6), വണ്ടിപ്പെരിയാർ (വാര്‍ഡ് -11), കുമളി (വെള്ളാരംകുന്ന്), കരിമണ്ണൂര്‍ (മുളപ്പുറം) എന്നിവ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തി. ഹൈ റിസ്ക് പ്രദേശമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം സ്ഥലങ്ങളില്‍ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചികുന്‍ഗുനിയ എന്നിവക്കുള്ള സാധ്യത കൂടുതലായിരിക്കും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. മനോജ്, ജില്ല സര്‍വയ്ലന്‍സ് ഓഫിസര്‍ ഡോ. ജോബിന് ജി. ജോസഫ് എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അറക്കുളത്ത് പനി ബാധിച്ച് ചികിത്സയിലിരുന്ന ഡെയ്സി മരണപ്പെട്ടിരുന്നു. ഇവർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു.
രോഗപ്രതിരോധത്തിന് കൊതുക് വളരുന്ന സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ല എന്നുറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. വീടിനുള്ളിലും പുറത്തും അടുത്ത പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം, കളിപ്പാട്ടങ്ങള്‍, റബര്‍ ടാപ്പിങ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കമുക് പോളകള്‍, വീടിന്റെ സണ്‍ഷേഡുകള്‍, കുമ്പിള് ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഒരു സ്പൂണില്‍ താഴെ വെള്ളം ഒരാഴ്ച തുടര്‍ച്ചയായി കെട്ടി നിന്നാല്‍പോലും ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരും. ഇത് ഒഴിവാക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിച്ച് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാധികൾ ജില്ലയുടെ പലഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇവർ അറിയിച്ചു.
ശുചീകരണം പൂർത്തിയാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമുണ്ട്. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ജില്ലക്കകത്തുനിന്നും പുറത്തുനിന്നും എത്തുന്ന സഞ്ചാരികൾ മാലിന്യം വലിച്ചെറിഞ്ഞു പാതയോരങ്ങളും വനപ്രദേശങ്ങളും മലിനമാക്കുന്ന പ്രവണത അവസാനിപ്പിക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരെ പൊലീസ്, വനം വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവർ മുഖം നോക്കാതെ കർശന നടപടി കൈക്കൊള്ളണമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.