ഇടുക്കി ജില്ലയിൽ ഡെങ്കിപ്പനി കൂടുന്നു; പകർച്ചവ്യാധികളെ പുറത്താക്കാൻ നടപടി
text_fieldsതൊടുപുഴ: പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി കേസുകൾ ജില്ലയിൽ പലയിടങ്ങളിലും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ട്. ഇതിനിടെ വേനൽമഴകൂടി എത്തിയതോടെ പകർച്ചവ്യാധികൾ വീണ്ടും പിടിമുറുക്കാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പകർച്ചവ്യാധികൾ തടയാനുള്ള നടപടികളും പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണമടക്കം പുരോഗമിക്കുകയാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ എൽ. മനോജ് പറഞ്ഞു.
ജില്ലയിൽ വിവിധ ഇടങ്ങളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ കൊതുക് നിർമാർജനത്തിന് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കേസുകൾ കൂടിയ പ്രദേശങ്ങളിൽ ഫോഗിങ്ങളും കുറഞ്ഞ ഇടങ്ങളിൽ സ്പ്രേയിങ്ങുമാണ് ഉദ്ദേശിക്കുന്നത്. വീടുകളിൽ ഡ്രൈഡേ ആചരിക്കാനും നിർദേശം നൽകി. വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാനിടയുള്ള വസ്തുക്കൾ നീക്കംചെയ്യണം. വെള്ളം സൂക്ഷിച്ചുവെക്കുന്ന വീപ്പകൾ, ബക്കറ്റുകൾ എന്നിവ മൂടിവെക്കുകയോ ഉപയോഗിച്ച് തീർക്കുകയോ ചെയ്യണം. കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ഇത്തരം ഇടങ്ങളിൽ കൊതുകുകൾ പെറ്റുപെരുകിയതായി കണ്ടെത്തിയിട്ടുണ്ട്.
പകർച്ചവ്യാധി സാധ്യത കൂടിയ സ്ഥലങ്ങൾ, കുറഞ്ഞ സ്ഥലങ്ങൾ എന്നിങ്ങനെ തരംതിരിച്ചാകും പ്രവർത്തനങ്ങൾ നടത്തുക. മുൻകാലങ്ങളിൽ ജില്ലയുടെ വിവിധ മേഖലകളിൽ പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യം ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിനാലാണ് പകർച്ചവ്യാധി പ്രതിരോധം ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. രോഗസാധ്യത കൂടുതലുള്ള സ്ഥലങ്ങൾ ഹോട്ട്സ്പോട്ടുകളാക്കി തിരിച്ച് നടപടി കെക്കൊള്ളുന്നുണ്ട്. പഞ്ചായത്തുകൾ, ആരോഗ്യം, തദ്ദേശ വകുപ്പ്, കൃഷി വകുപ്പ്, സാമൂഹികനീതി വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ സഹായത്തോടെയാകും പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.