തൃക്കാക്കരയിലെ ഡെങ്കി വ്യാപനം; ആരോഗ്യവിഭാഗം നെട്ടോട്ടത്തിൽ
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭയിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്ന സാഹചര്യത്തിൽ കൊതുകുകളെ നാടുകടത്താൻ നഗരസഭ. ചൊവ്വാഴ്ച മുതൽ കൂടുതൽ ഡെങ്കു ബാധിത വാർഡുകളിൽ ഫോഗിങ് നടത്തി കൊതുകുകളെ തുരത്താനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. തൃക്കാക്കരയിൽ നൂറിലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ‘മാധ്യമം’ ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെയാണ് നഗരസഭ അടിയന്തര യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ഇടച്ചിറയിൽ രണ്ടര വയസ്സുകാരി ദുർഗ മനോജ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഇടച്ചിറ വാർഡിലെ കുഴിക്കാട്ടുമൂലയിലെ സ്വകാര്യ ഫ്ലാറ്റിലെ ശുചീകരണ തൊഴിലാളികൾ ഒന്നടങ്കം ഡെങ്കി ബാധിതരായി ചികിത്സയിലായ വിവരം നഗരസഭ ആരോഗ്യ വിഭാഗം അറിഞ്ഞമട്ടില്ല.
വിവരം ജില്ല മെഡിക്കൽ ഓഫിസറെപ്പോലും അറിയിച്ചിട്ടില്ല. കിഴക്കൻ മേഖലയായ ഇടച്ചിറ, ഇൻഫോ പാർക്ക് പരിസരങ്ങളിലും പടിഞ്ഞാറൻ മേഖലയിലെ ചില വാർഡിലും രോഗവ്യാപനം നിയന്ത്രിക്കാൻ നഗരസഭ ഒരു ഇടപെടലും നടത്തിയിട്ടില്ല. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും ഇഴയുകയാണ്. നഗരസഭയിലെ കൊതുക് നശീകരണത്തിനായി നിയോഗിച്ചിട്ടുള്ള തൊഴിലാളികളെ മറ്റ് ജോലികൾക്കാണ് ഉപയോഗിക്കുന്നത്.
രാത്രികാല നിരീക്ഷണം ഇല്ല
നഗരസഭ ആരോഗ്യവിഭാഗം അധികൃതർ നടത്തിയിരുന്ന രാത്രികാല നിരീക്ഷണമില്ലാതായതോടെ കാക്കനാട്ടെ പാതയോരങ്ങളിൽ മാലിന്യം നിറയുന്നു. രാത്രികാലങ്ങളിൽ ഹോട്ടൽ, കാറ്ററിങ് മാലിന്യങ്ങൾ നിറച്ചെത്തുന്ന വാഹനങ്ങൾ പിടികൂടാൻ നഗരസഭ കൗൺസിലർമാരടക്കമുള്ളവർ രാത്രികാല പരിശോധനകൾക്ക് ഇറങ്ങിയിരുന്നു.
കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കറുകളടക്കം ഒട്ടേറെ വാഹനങ്ങൾ അക്കാലത്ത് പിടികൂടി നടപടി സ്വീകരിക്കുകയും ചെയ്തു. പരിശോധനകൾ പുലർച്ചവരെ നീണ്ടതിനാൽ നഗരസഭക്ക് പുറത്ത് നിന്നുള്ള മാലിന്യവണ്ടികൾ ഒരെണ്ണംപോലും തൃക്കാക്കരയിലേക്ക് എത്തിയിരുന്നില്ല. എന്നാൽ, നഗരസഭയിലെ 43 ഡിവിഷനിലും ഇപ്പോൾ രാത്രികാല നിരീക്ഷണവും പരിശോധനകളും നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.