ഡെങ്കി: നഗരത്തിലിറങ്ങി ആരോഗ്യപ്രവർത്തകർ
text_fieldsകാഞ്ഞങ്ങാട്: നഗരത്തിൽ വ്യാപാരികൾക്കിടയിൽ ഡെങ്കിപ്പനി പടർന്നതിൽ വൈകിയെങ്കിലും ഉണർന്ന് പ്രവർത്തിച്ച് ജില്ല ആരോഗ്യവിഭാഗം. ഡെങ്കിയുടെ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന്റെ വിവിധ കേന്ദ്രങ്ങളിൽ വ്യാപകമായ ശുചീകരണ പ്രവൃത്തി നടന്നു.
ബോധവത്കരണവും ശുചീകരണ പ്രവൃത്തിയുമായി അമ്പതോളം ആരോഗ്യ പ്രവർത്തകരാണ് നഗരത്തിലി റങ്ങിയത്. പഴയ ബസ് സ്റ്റാൻഡിന് പിറകുവശത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വ്യാപാരികൾക്കുമാണ് ഡെങ്കിപ്പനി പടർന്നത്. ഈ പ്രദേശങ്ങളിലാണ് ഉദ്യോഗസ്ഥർ വ്യാപക പരിശോധനയും ശുചീകരണ പ്രവൃത്തിയും നടത്തിയത്.
കെട്ടിടങ്ങളുടെ ഇടനാഴിയിൽ ഉൾപ്പെടെ മരുന്നുകൾ തെളിച്ചു. ഡെങ്കിപ്പനി ബാധിച്ചാൽ ചെയ്യേണ്ടത് സംബന്ധിച്ചുള്ള നോട്ടീസുകളും വ്യാപാരികൾക്ക് വിതരണം ചെയ്തു. 40ലേറെ പേർക്ക് ഡെങ്കിപ്പനി പിടിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ രോഗം പടരുന്നതിൽ ശമനമുണ്ടായിട്ടുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
ജില്ല ആരോഗ്യവിഭാഗം നേരിട്ടാണ് ശുചീകരണ പ്രവൃത്തി ഏറ്റെടുത്തത്. ഡെങ്കിപ്പനി പടർന്നത് വ്യാപാരികളെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. ജീവനക്കാർക്ക് ഡെങ്കിപ്പനി ബാധിച്ചതിനാൽ നഗരത്തിലെ ചില കടകൾ അടച്ചിട്ടത് ശനിയാഴ്ച 'മാധ്യമം' വാർത്തയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.