വിഷാദരോഗം വേണം, മികച്ച പരിചരണം
text_fieldsശാരീരിക അസ്വസ്ഥതകൾക്ക് അഥവ രോഗങ്ങൾക്ക് ചികിത്സതേടുന്നവരാണ് എല്ലാവരും. എന്നാൽ, മനസ്സിന്റെ അസ്വസ്ഥതകളും വിഷമങ്ങളും ആരോടുംപറയാതെ കൃത്യമായ ചികിത്സചെയ്യാതെ വിഷാദരോഗത്തിലേക്ക് വീഴുന്നവരുടെ എണ്ണം കൂടിവരുകയാണ്. ശാരീരികമായ ആരോഗ്യം പോലെതന്നെ വളരെ പ്രാധാന്യമുള്ളതാണ് മാനസികാരോഗ്യം. അത് സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് ലോകാരോഗ്യ സംഘടന ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി പ്രഖ്യാപിച്ചത്. വിഷാദരോഗം ഒരു മൂഡ് ഡിസോഡർ ആണെന്ന് പറയാം. മാനസികമായ അസ്വസ്ഥതകളാണ് അനുഭവപ്പെടുന്നതെങ്കിലും വിഷാദരോഗം തലച്ചോറിനെയാണ് ബാധിക്കുന്നത്. പ്രായഭേദമന്യേ കണ്ടുവരുന്ന ഒരു അവസ്ഥയായി വിഷാദരോഗം മാറിയിട്ടുണ്ട്.
വിഷാദരോഗം പലവിധത്തിൽ
ഏകമുഖ വിഷാദം, ദ്വിമുഖ വിഷാദം, മെലങ്കോലിക് ഡിപ്രഷൻ, എടിപ്പിക്കൽ ഡിപ്രഷൻ, സൈകോട്ടിക് ഡിപ്രഷൻ, പോസ്റ്റ് പാർട്ടം ഡിപ്രഷൻ
ലക്ഷണങ്ങൾ
പലകാരണങ്ങൾ കൊണ്ടുണ്ടാകുന്ന വിഷാദം എന്ന അവസ്ഥ വ്യക്തിയിൽ വിശപ്പിലായ്മ, ക്ഷീണം, ദൈനംദിന കാര്യങ്ങളിൽ അലസത, ദേഷ്യം, നിരാശ, ഉറക്കമില്ലായ്മ, അല്ലെങ്കിൽ അമിതമായ ഉറക്കം, പഠനത്തിലോ ജോലിയിലോ ഉള്ള ശ്രദ്ധക്കുറവ്, ഒന്നിലും താൽപര്യമില്ലായ്മ, സ്വയം ഉപദ്രവിക്കുക എന്നിങ്ങനെയുള്ള പ്രകടമായ ലക്ഷണങ്ങൾ കാണാം.
വിഷാദരോഗം ആയുർവേദത്തിൽ: ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥയിലാണ് ഒരു മനുഷ്യൻ ആരോഗ്യവാനായിരിക്കുന്നത്. ഇതോടൊപ്പം ശരീരത്തിലും ശരീരകലകളിലും ഉൽപാദിപ്പിക്കപ്പെടുന്ന ഊർജത്തിന്റെ സന്തുലിതാവസ്ഥ, ശാരീരിക മാലിന്യങ്ങളുടെ ശരിയായ നിർഗമനം, പഞ്ചേന്ദ്രിയങ്ങളുടെ ശരിയായ പ്രവർത്തനം, പ്രസന്നമായ ആത്മാവും മനസ്സും എന്നിവയെല്ലാം കൂടിച്ചേരുമ്പോഴാണ് ആരോഗ്യം കൈവരുന്നത്. ഇതിൽ ഏതെങ്കിലും ഒരുഘടകത്തിന്റെ അസ്വാഭാവികത രോഗത്തിന് കാരണമാകും.
മനസ്സിന്റെ ഗുണങ്ങളാണ്- സത്വം, രജസ്സ്, തമസ്സ്. നല്ല ഗുണങ്ങളുടെ സംയോഗമാണ് സത്വം-ആത്മനിയന്ത്രണം, അറിവ്, ശരിതെറ്റുകളുടെ വേർതിരിച്ചറിയൽ തുങ്ങിയവ ഉൾക്കൊള്ളുന്നു.
രജോഗുണത്തിൽ- ഹിംസ, അസൂയ, ചലനം, അധികാരം, ആഗ്രഹം, ആശങ്ക തുടങ്ങിയ സ്വഭാവങ്ങൾ ഉൾക്കൊള്ളുന്നു. തമോ ഗുണത്തിൽ ആലസ്യം, നിഷ്ക്രിയത, മന്ദത, അലസത, ഉറക്കം തുടങ്ങിയവയും ഉണ്ടാകുന്നു. സത്വ രജോ തമോ ഗുണങ്ങളിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ മാനസിക പ്രശ്നങ്ങൾക്ക് കാരണമാവുന്നു.
വിഷാദരോഗം എങ്ങനെ കുറക്കാം
കൃത്യമായ ചികിത്സയിലൂടെയും ജീവിതചര്യയിലൂടെയും വിഷാദരോഗം മാറ്റാൻ കഴിയും. ചിട്ടയായ വ്യായാമം, മിതവും ലളിതവുമായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുക, കുടുംബാംഗങ്ങൾ അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പം ഒഴിവുസമയങ്ങൾ ചെലവഴിക്കുക, യാത്ര പോകുക, ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക, ലഹരി ഉപേക്ഷിക്കുക, വായന ശീലമാക്കുക, രാത്രി ഉറങ്ങി രാവിലെ നേരത്തെ എഴുന്നേൽക്കുക എന്നിവ വിഷാദരോഗങ്ങൾ കുറക്കാൻ സഹായിക്കും.
കാരണങ്ങൾ
രോഗങ്ങൾ ബാധിക്കുക, ജോലി നഷ്ടപ്പെടുക, സാമ്പത്തിക ബുദ്ധിമുട്ടുകൾ, പ്രിയപ്പെട്ടവരുടെ വിയോഗം, ഒറ്റപ്പെടലുകൾ, ആകുലതകൾ, വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന ഉലച്ചിലുകൾ, വിദ്യാർഥികളിൽ മാർക്ക് കുറയുക, ഏതെങ്കിലും വിധത്തിലുള്ള തിക്താനുഭവങ്ങൾ, നിരാശകൾ എന്നിവകൊണ്ട് വിഷാദരോഗം വരാം. പ്രകൃതിദുരന്തവും കോവിഡ് പോലെയുള്ള മഹാമാരികൾവരെ വിഷാദരോഗത്തിന് കാരണമാകുന്നത് നമ്മൾ കണ്ടു.
സ്ത്രീകളിൽ പ്രസവാനന്തരവും ആർത്തവ വിരാമത്തിനോടടുത്തും ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ വിഷാദരോഗത്തിന് കാരണമാകാറുണ്ട്. ഇതിൽ പ്രസവശേഷം ഉണ്ടാകുന്ന വിഷാദരോഗം അമ്മക്കും കുഞ്ഞിനും വളരെ അപകടകരമാണ്. സിറോട്ടോണിൻ, നോർ എപിനെഫ്രിൻ എന്നീ രാസപരിവാഹകരുടെ വിന്യാസത്തിലും പ്രവർത്തനത്തിലുമുള്ള കുറവാണ് വിഷാദരോഗത്തിന്റെ അടിസ്ഥാനം.
ചികിത്സകൾ
ആയുർവേദ ചികിത്സയിലൂടെ വിഷാദരോഗം മാറ്റാനും മനസ്സിന്റെ ഗുണമായ സത്വ ഗുണത്തെ കൂട്ടാനും കഴിയുന്നതാണ്. ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിക്കേണ്ടത് ആവശ്യമാണ്. രോഗത്തിന്റെ അവസ്ഥയനുസരിച്ച് കല്യാണകം കഷായം, ദ്രാക്ഷാദി കഷായം തുടങ്ങിയ കഷായപ്രയോഗങ്ങളും ഘൃതയോഗങ്ങളും മാനസമിത്രം മുതലായ ഗുളികകളും ഫലപ്രദമാണ്. രോഗിയുടെ അവസ്ഥയനുസരിച്ച് തലക്കെണ്ണയും ഉപയോഗിക്കേണ്ടത് ആവശ്യമാണ്. ഇതുകൂടാതെ നസ്യം, ശിരോവസ്തി, ധാര, തളം, തലപൊതിച്ചിൽ, മുതലായ ബാഹ്യചികിത്സകളും രോഗാവസ്ഥക്ക് അനുസരിച്ച് യോഗ, ധ്യാനം തുടങ്ങിയവയും ചെയ്യാവുന്നതാണ്. പിന്നീട് വരാതിരിക്കാൻ ആവശ്യമായ ചിട്ടയായ ജീവിതചര്യയും ഡോക്ടറുടെ നിർദേശപ്രകാരം തുടരേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.