പ്രമേഹത്തിന് കടിഞ്ഞാണിടാം
text_fieldsനിലവിൽ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണത്തിലുള്ള വർധനയനുസരിച്ച് സമീപ വർഷങ്ങളിൽതന്നെ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് കണക്കാക്കുന്നത്. പ്രമേഹവും അനുബന്ധ രോഗാവസ്ഥകളും കൂടുതൽ പേരിൽ കണ്ടുവരുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. പ്രമേഹത്തിന്റെ സങ്കീർണമായ അവസ്ഥകളിലൊന്നാണ് ഡയബറ്റിക് ന്യൂറോപ്പതി. പ്രമേഹം ഞരമ്പുകളെ നേരിട്ട് ബാധിക്കുന്ന അവസ്ഥയാണിത്.
അമിതമായ പ്രമേഹമുള്ളവരുടെ രക്തത്തിൽ ചില രാസമാറ്റങ്ങൾ നടക്കുകയും അത് ഞരമ്പുകളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യും. കൂടാതെ ഞരമ്പുകളിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളിൽ തടസ്സമുണ്ടാകുന്നതും ഡയബറ്റിക് ന്യൂറോപ്പതിക്ക് കാരണമാകുന്നു.
രോഗത്തെ പ്രതിരോധിക്കാം
പ്രമേഹം ബാധിച്ച ഏത് പ്രായക്കാരിലും ഡയബറ്റിക് ന്യൂറോപ്പതിക്ക് സാധ്യതയുണ്ട്. ശരീരത്തിൽ ഏതുഭാഗത്തും ബാധിക്കാൻ സാധ്യതയുള്ളതിനാൽതന്നെ പ്രമേഹം നിയന്ത്രിച്ചുകൊണ്ട് രോഗാവസ്ഥയെ പ്രതിരോധിക്കുകയാണ് വേണ്ടത്. ഇതിനായി പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.
കാലിലെ സ്പർശനം കുറയുമ്പോൾ മുറിവുകൾ സംഭവിക്കുന്നത് അറിയാതെ പോകുകയും ഇത് ഡയബറ്റിക് ഫൂട്ട് എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം. അതിനാൽ, കാലിൽ എന്തെങ്കിലും കാരണങ്ങൾകൊണ്ട് മുറിവുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാൽവിരലുകൾക്കിടയിലും മുറിവുകളോ വ്രണങ്ങളോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. കാലുകൾ മുഴുവനായി മറയുന്ന, അടിവശത്ത് മൃദുവായ പ്രതലമുള്ള ചെരിപ്പുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
ഡയബറ്റിക് ന്യൂറോപ്പതിയിൽനിന്ന് രക്ഷനേടാൻ കാലിലേക്കുള്ള രക്തയോട്ടം വർധിക്കുന്നത് നല്ലതാണ്, ഇതിന് തടസ്സം സൃഷ്ടിക്കുന്ന പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. കൃത്യമായ ഭക്ഷണ ക്രമീകരണം, ആവശ്യത്തിനുള്ള വ്യായാമം എന്നിവ പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായകമാണ്.
അതുകൊണ്ടുതന്നെ മരുന്നുകൾക്കൊപ്പം ജീവിതശൈലി ക്രമീകരിച്ചുകൊണ്ട് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും.കൃത്യമായ ഇടവേളകളിൽ പ്രമേഹനില പരിശോധിക്കാനും മറക്കരുത്. ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയാൽ ഉടൻതന്നെ ചികിത്സ തേടാൻ മടിക്കരുത്.
ലക്ഷണങ്ങൾ
രോഗം ബാധിച്ച ഞരമ്പുകളെ ആശ്രയിച്ച് ഡയബറ്റിക് ന്യൂറോപ്പതിയുടെ ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടാകും. സാമാന്യം വലിയ ഞരമ്പുകളെ ബാധിക്കുകയാണെങ്കിൽ സ്പർശനശേഷിയെ ബാധിക്കും. കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാം. നടക്കുമ്പോൾ സ്പോഞ്ച് പോലുള്ള വസ്തുവിൽ നടക്കുന്നതുപോലെ അനുഭവപ്പെടാം.
ശരീരചലനം, പൊസിഷൻ എന്നിവ മസ്തിഷ്കത്തെ അറിയിക്കുന്ന ഞരമ്പുകളെ ബാധിക്കുകയാണെങ്കിൽ ശരീരത്തിന്റെ സന്തുലനം നഷ്ടമാകുന്ന അവസ്ഥയുണ്ടാകും. ശരീരത്തിന്റെ ബാലൻസ് നഷ്ടമാകുന്ന അവസ്ഥ ഏറെ പ്രയാസമുണ്ടാക്കും.
പേശികളിലേക്കുള്ള ഞരമ്പുകളെ ബാധിച്ചാൽ കാൽ, ഇടുപ്പ് തുടങ്ങിയ ഭാഗങ്ങളിൽ ബലക്കുറവ് അനുഭവപ്പെടും. വളരെ ചെറിയ ഞരമ്പുകളെ ബാധിക്കുന്ന അവസ്ഥ ഓട്ടോണമി ന്യൂറോപ്പതി എന്നറിയപ്പെടുന്നു. ഹൃദയത്തിലേക്കുള്ള ഞരമ്പുകളെ ബാധിച്ചവരിൽ ഹൃദയമിടിപ്പ്, രക്തസമ്മർദം എന്നിവയിൽ വ്യത്യാസമുണ്ടാകാം.
ചെറുകുടലിലേക്കുള്ള ഞരമ്പുകളെ ബാധിക്കുകയാണെങ്കിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടാം. മലബന്ധം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും അനുഭവപ്പെടാം.
രോഗാവസ്ഥ ഗുരുതരമാകുന്ന ചിലരിൽ മൂത്രാശയത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും മൂത്രം നിയന്ത്രിച്ചു നിർത്താനാകാത്ത അവസ്ഥയുമുണ്ടാകും. പുരുഷന്മാരിൽ ലൈംഗിക ഉദ്ധാരണക്കുറവ്, സ്ത്രീകളിൽ ലൈംഗികതാൽപര്യം കുറയുക തുടങ്ങിയ അവസ്ഥകളുമുണ്ടാകാം.
ഒറ്റപ്പെട്ട ഞരമ്പുകളെ ബാധിക്കുന്ന സാഹചര്യത്തിൽ ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ മാത്രം പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്. മുഖത്തേക്കും കണ്ണിലെ കൃഷ്ണമണിയിലേക്കുമുള്ള ഞരമ്പുകളെ ഇത് ബാധിക്കാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നവരിൽ വശങ്ങളിലേക്ക് നോക്കാനുള്ള കഴിവ് നഷ്ടപ്പെടും.
സാധാരണ നീളംകൂടിയ ഞരമ്പുകളിൽ ഡയബറ്റിക് ന്യൂറോപ്പതി ബാധിക്കുകയാണെങ്കിൽ വളരെപ്പെട്ടെന്നുതന്നെ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.
സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ & ഡയബെറ്റോളജിസ്റ്റാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.