പ്രമേഹരോഗികൾക്കൊരു കൂട്ട്; സഹായിയായി ആപ്പുണ്ട്
text_fieldsദോഹ: പ്രമേഹബാധിതരുടെ ആരോഗ്യനിയന്ത്രണത്തിന്റെ ഭാഗമായി ഖത്തർ ഡയബറ്റിക് അസോസിയേഷൻ (ക്യു.ഡി.എ) പുറത്തിറക്കിയ മൊബൈൽ ആപ് ആഴ്ചകൾക്കുള്ളിൽതന്നെ വൻ സ്വീകാര്യത നേടി. ആഗസ്റ്റ് മൂന്നാം വാരം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഇതിനകം രണ്ടായിരത്തോളം പേർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതായി ഖത്തർ ഡയബറ്റിക് അസോസിയേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുല്ല അൽ ഹമഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
പുറത്തിറക്കി, ആദ്യത്തെ ഏതാനും ദിവസങ്ങളിൽതന്നെ ആയിരത്തോളം പേരാണ് ഡൗൺലോഡ് ചെയ്തത്. പ്രമേഹവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളുന്ന വിധത്തിലാണ് മൊബൈൽ ആപ് വികസിപ്പിച്ചത്. ആപ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്ത പ്രമേഹബാധിതരായ രോഗികൾക്ക് തങ്ങളുടെ സംശയങ്ങൾ ക്യു.ഡി.എയിലെ മെഡിക്കൽ സംഘവുമായി പങ്കുവെക്കുകയും ഉപദേശം തേടുകയും ചെയ്യാം.
ക്യു.ഡി.എയുടെ സേവനങ്ങൾ കൂടുതൽ ജനകീയമാക്കാനും സ്വദേശികളും താമസക്കാരുമായ ജനങ്ങളിലേക്ക് പ്രമേഹം സംബന്ധിച്ച ബോധവത്കരണം നൽകാനും ആപ്പിലൂടെ കഴിയുമെന്ന് ഡോ. അബ്ദുല്ല അൽ ഹമഖ് വിശദീകരിച്ചു. പ്രമേഹനിയന്ത്രിത സമൂഹത്തെ സൃഷ്ടിക്കുക എന്ന ക്യു.ഡി.എയുടെ വിവിധ പദ്ധതികളുടെ തുടർച്ചയായാണ് പ്രത്യേക മൊബൈൽ ആപ്പുകൾ അവതരിപ്പിച്ചത്. ഇംഗ്ലീഷിലും അറബിയിലുമായി സേവനം ലഭ്യമാണ്.
പ്രമേഹചികിത്സ തേടുന്നവർക്ക് ഉപദേശങ്ങളും ഓർമപ്പെടുത്തലുകളും വ്യായാമനിർദേശങ്ങളും തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന മികച്ചൊരു കൂട്ടുകാരനായാണ് ആപ്പിനെ വികസിപ്പിച്ചത്. രോഗികൾക്കു മാത്രമല്ല, പ്രമേഹത്തെ അറിയാനും മുൻകരുതലെടുക്കാൻ ഒരുങ്ങുന്നവർക്കുമെല്ലാം ഈ ആപ്പിൽ ഇടമുണ്ട്. ‘ക്യു.ഡി.എ’ എന്ന പേരിൽ ഐഫോണിലും ആൻഡ്രോയിഡ് ഫോണിലും ലഭ്യമായ ആപ്പിൽ ഉപഭോക്താക്കൾക്ക് പ്രമേഹ നിയന്ത്രണ സേവനങ്ങളെല്ലാം സ്വന്തമാക്കാൻ കഴിയും.
മൊബൈൽ നമ്പറും ക്യു.ഐ.ഡിയും പേരും ഇ-മെയിൽ വിലാസവും സഹിതം ആപ്പിൽ ജോയിൻ ചെയ്യാം. ടൈപ് വൺ, ടൈപ് 2 മുതൽ പ്രീഡയബറ്റിക് സ്റ്റേജ് വരെയുള്ള രോഗവിവരങ്ങൾ നൽകുന്നതിന് അനുസരിച്ച് ഉപയോക്താവിന് ആവശ്യമായ അറിവുകൾ ലഭ്യമാക്കും.
മെഡിക്കൽ ടീമുമായി ബന്ധപ്പെടാനുള്ള സൗകര്യം, ന്യൂട്രീഷ്യന്റെ ഉപദേശം, പ്രമേഹരോഗികൾക്ക് ആവശ്യമായ ഗ്ലൂക്കോമീറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ സ്റ്റോർ, ജിംനേഷ്യം വിവരങ്ങൾ, പ്രമേഹം സംബന്ധിച്ച വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം ലഭ്യമാവുന്നതാണ് ആപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.