പാലക്കാട് ജില്ലയിൽ വയറിളക്ക രോഗങ്ങൾ കൂടുന്നു
text_fieldsപാലക്കാട്: ജില്ലയില്‍ വയറിളക്ക രോഗങ്ങള്‍ വർധിക്കുന്നു. ഭക്ഷ്യവിഷബാധ, സൂക്ഷ്മജീവികളായ വൈറസ്, ബാക്ടീരിയ, ഫംഗസ് മുതലായവ കാരണവും മറ്റു രോഗങ്ങളുടെ ലക്ഷണമായും വയറിളക്കം ഉണ്ടാകാം. കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഷിഗല്ല, നോറോ, റോട്ടോ തുടങ്ങി അനേകം രോഗാണുക്കള്‍ ഉണ്ടാക്കുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമാണ് വയറിളക്കം. രോഗമുണ്ടാകുമ്പോള്‍ മലത്തില്‍ രക്തം ഉണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാതെ തുടക്കത്തില്‍ തന്നെ ചികിത്സ നടത്തണം.
വയറിളക്കംമൂലം ജീവന് നിലനില്ക്കാൻ ആവശ്യമായ ഘടകങ്ങളായ ജലവും ലവണങ്ങളും പോഷണങ്ങളും ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നു. തുടര്‍ച്ചയായ വയറിളക്കംമൂലം ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ഇത് പെട്ടെന്നുള്ള മരണത്തിന് കാരണമാകാം. അമിതമായ വയറിളക്കം, അമിതദാഹം, മയക്കം, കഴിഞ്ഞ ആറുമണിക്കൂറിനുള്ളില്‍ മൂത്രം ഒഴിക്കാതിരിക്കുക, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായും നാക്കും, താഴ്ന്ന ഉച്ചി തുടങ്ങിയ ലക്ഷണങ്ങള്‍ കുഞ്ഞുങ്ങളില്‍ കാണുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്. നിലവിലെ സാഹചര്യത്തിൽ ജനങ്ങള്‍ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
പ്രതിരോധിക്കാം, ഇങ്ങനെ
- വെള്ളം തിളപ്പിച്ചാറിയശേഷം മാത്രം കുടിക്കുക
- പഴകിയ ഭക്ഷണം ഒഴിവാക്കുക
- ഭക്ഷണപദാര്‍ഥങ്ങള്‍ എപ്പോഴും മൂടി വെക്കുക
- ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്ര വിസർജ്ജനശേഷവും കൈ സോപ്പ് ഉപയോഗിച്ച് കഴുകുക
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഈച്ച ശല്യം ഒഴിവാക്കുകയും ചെയ്യുക
- വയറിളക്കം തുടങ്ങിയാലുടൻ തന്നെ ഡോക്ടറെയോ ആരോഗ്യ പ്രവര്‍ത്തകരെയോ വിവരമറിയിക്കുക.
- വയറിളക്കം മൂലമുള്ള നിർജലീകരണം ഒഴിവാക്കാൻ ഒ.ആര്.എസ് ഉപയോഗിച്ചുള്ള പാനീയ ചികിത്സ ചെയ്യുക
- വയറിളക്കം ബാധിച്ച രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവ ഡിറ്റര്‍ജെന്റ് ഉപയോഗിച്ച് അണുവിമുക്തമാക്കണം.
- പരിചരിക്കുന്നവര്‍ സോപ്പ് ഉപയോഗിക്കാനും രോഗിയുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറ ധരിക്കാനും ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.