കോവാക്‌സിനോ കോവിഷീല്‍ഡോ?; ഏതാണ് മികച്ച വാക്‌സിന്‍?
text_fieldsന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് രാജ്യത്ത് തുടരുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡുമാണ് നിലവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിട്ടുള്ളത്. റഷ്യയില്‍ നിന്നെത്തിച്ച സ്പുട്‌നിക് ഉള്‍പ്പെടെ മറ്റ് വാക്‌സിനുകള്‍ രാജ്യത്ത് ലഭ്യമാകാനിരിക്കുന്നതേയുള്ളൂ.
കോവാക്‌സിന്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുമ്പോള്‍, ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും അസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച് പുണെ ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്നതാണ് കോവിഷീല്‍ഡ്. ഏറെ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന കോവിഷീല്‍ഡ് കൂടുതല്‍ പേരും താല്‍പര്യപ്പെടുമ്പോള്‍ മറുവശത്ത്, കൊറോണ വകഭേദങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമായ വാക്‌സിനായി കോവാക്‌സിന്‍ വിലയിരുത്തപ്പെടുന്നു.
രണ്ട് വാക്‌സിനുകളും രണ്ട് ഡോസ് ആയി ആഴ്ചകളുടെ ഇടവേളകളില്‍ മുകളിലെ കൈ പേശികളില്‍ കുത്തിവെക്കുന്നു. രണ്ട് വാക്‌സിനുകളും ഫലപ്രദവും, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും, കൃത്യമായ രോഗപ്രതിരോധ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. എങ്കിലും, കൂടുതല്‍ ക്ലിനിക്കല്‍ ഡാറ്റ ലഭ്യമായതോടെ രണ്ട് വാക്‌സിനുകളെക്കുറിച്ചും പുതിയ നിരീക്ഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ കോവിഷീല്‍ഡിന് 70 ശതമാനം ഫലപ്രാപ്തിയാണ് പറഞ്ഞിരുന്നത്. എന്നാല്‍, രണ്ട് ഡോസും നല്‍കിയാല്‍ 90 ശതമാനം വരെ ഫലപ്രാപ്തി ലഭിക്കുന്നതായി പിന്നീട് നിരീക്ഷിക്കപ്പെട്ടു.
കോവിഡ് വാക്‌സിന്‍ മത്സരത്തിലേക്ക് വൈകി പ്രവേശിച്ച കോവാക്‌സിന്‍, ഫെബ്രുവരി അവസാനത്തോടെയാണ് പ്രധാന പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇടക്കാല ഫലങ്ങളും ക്ലിനിക്കല്‍ പഠനങ്ങളും അനുസരിച്ച് ഭാരത് ബയോടെക് വാക്‌സിന്‍ 78 ശതമാനം ഫലപ്രാപ്തി കൈവരിക്കുന്നതായി കണ്ടെത്തി. കൂടാതെ, ക്ലിനിക്കല്‍ തെളിവുകളും കോവാക്‌സിന്‍ 100 ശതമാനം വരെ രോഗ തീവ്രതയും മരണനിരക്കും കുറയ്ക്കുമെന്ന് സൂചിപ്പിക്കുന്നു.
കോവാക്‌സിനും കോവിഷീല്‍ഡും സംസ്ഥാനങ്ങള്‍ക്ക് സംഭരിക്കാന്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. താരതമ്യപ്പെടുത്തുമ്പോള്‍, കോവാക്‌സിന്‍ അല്‍പ്പം ചെലവേറിയതാണ്.
പുതിയ വകഭേദങ്ങളുടെ കണ്ടെത്തല്‍ വൈറസിനെ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ മാരകമാക്കുന്നു. ഈ സാഹചര്യത്തില്‍ കോവിഡ് വ്യാപനം പരാജയപ്പെടുത്താനും തടയാനുമുള്ള പ്രധാന മാര്‍ഗം വാക്‌സിനേഷന്‍ തന്നെയാണെന്ന് വിദഗ്ധര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.