വയോജനങ്ങളിലെ ദഹനപ്രശ്നങ്ങളും പരിചരണവും
text_fieldsനമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷകങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ചെറു കണികകളാക്കി മാറ്റുന്ന അതി സങ്കീർണമായ പ്രക്രിയയാണ് ദഹനം.
ജനനസമയത്ത്, നമ്മുടെ സിസ്റ്റം ഒരു ‘പണി തീരാത്ത വീട്’ പോലെയാണ്. മുലപ്പാൽ പോലുള്ളവയെ ദഹിപ്പിക്കാനേ കഴിയൂ. എന്നാൽ, ആറു മാസം പ്രയാമാകുമ്പോഴേക്കും വലിയ ദഹനം ആവശ്യമില്ലാത്ത മൃദുവായ ആഹാരങ്ങൾ ദഹിപ്പിക്കാനുള്ള കഴിവ് കൈവരിക്കുന്നു.
ഒരു വയസ്സു മുതൽ രണ്ട് വയസ്സുവരെ ദഹന വ്യവസ്ഥ കുറച്ചുകൂടി വികാസം പ്രാപിക്കുന്നതിനാൽ പച്ചക്കറികൾ, മുട്ട, മത്സ്യം, ധാന്യങ്ങൾ മുതലായവ ദഹിപ്പിക്കാൻ കഴിയും. കൗമാരപ്രായമാകുന്നതോടെ ഫാറ്റുകൾ, പ്രോട്ടീൻ, അന്നജം എന്നിവയുടെ ആവശ്യകത വർധിക്കുന്നു. അപ്പോഴേക്കും ദഹന സിസ്റ്റം പൂർണ വളർച്ച പ്രാപിക്കുന്നു.
പ്രായപൂർത്തിയാകുന്നതോടെ ദഹന വ്യവസ്ഥ അതിന്റെ പരമാവധി ശക്തിപ്രാപിക്കുന്നു. എന്നാൽ, മധ്യ വയസ്സ് പിന്നിടുമ്പോൾ ദഹനപ്രവർത്തനങൾ നേരിയതോതിൽ കുറഞ്ഞുവരുന്നു.
പ്രായം കൂടുന്തോറും ദഹനരസങ്ങളുടെ ഉൽപാദനം കുറയുന്നു. ആമാശയത്തിലുണ്ടാകുന്ന ആസിഡിന്റെ അളവും കുടലുകളുടെ ചലനശേഷിയും കുറയുന്നു. ഇത് പലവിധ ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു.
നമ്മളിൽ പലരും ധരിച്ചുവെച്ചിരിക്കുന്നത് ദഹനം തുടങ്ങുന്നത് വയറ്റിൽനിന്നുമാണെന്നാണ്. എന്നാൽ, അല്ല. ആഹാരം നന്നായി ചവച്ചരച്ച് ഉമിനീരുമായി കൂടിച്ചേരുമ്പോൾ തന്നെ അന്നജങ്ങൾ ദഹനപ്രക്രിയക്ക് വിധേയമാകുന്നു. ദിവസവും ഏകദേശം അര ലിറ്റർ മുതൽ ഒന്നര ലിറ്റർ വരെ ഉമിനീരാണ് ശരീരം ഉൽപാദിപ്പിക്കുന്നത്.
അന്നജങ്ങളുടെ ദഹനത്തെ സഹായിക്കുന്നതോടൊപ്പം ആഹാരത്തെ അന്നനാളിയിലൂടെ ആമാശയത്തിലേക്ക് കടക്കുന്നതിന് വഴുവഴുപ്പുള്ളതാക്കി തീർക്കുകയുംചെയ്യുന്നു. ഒപ്പം അപകടകാരികളായ അണുക്കളെ നശിപ്പിക്കാനും കഴിവുണ്ട്.
അന്നനാളം വഴി ആമാശയത്തിലെത്തുന്ന ആഹാരം ഏകദേശം 4-5 മണിക്കൂറുകൾ തങ്ങിനിൽക്കുകയും കുറേശ്ശെ ചെറുകുടലിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.
ആമാശയത്തിൽ ദഹനരസങ്ങളും ആസിഡുമായി ചേർന്ന് കൂടുതൽ ദഹനം നടക്കുന്നു. കുറേശ്ശെ ചെറുകുടലിലെത്തുമ്പോൾ അത് പാൻക്രിയാസ് ഗ്രന്ഥിയിൽനിന്നും കരളിൽനിന്നും ഉണ്ടാകുന്ന സ്രവങ്ങളുമായി ചേർന്ന് അന്നജം, പ്രോട്ടീൻ, കൊഴുപ്പുകൾ എന്നിങ്ങനെ വിഘടിക്കപ്പെടുന്നു.
ചെറുകുടലിന് ഏകദേശം 6-7 മീറ്റർ നീളമുണ്ട്. ദിവസവും രണ്ടു ലിറ്ററോളം ദഹനരസം ചെറുകുടൽ ഉൽപാദിപ്പിക്കുന്നു. നീളം കൂടുതലാണെങ്കിലും ഒരു ഇഞ്ചോളം വ്യാസമേയുള്ളൂ ചെറുകുടലിന്. ദഹനത്തിനും അതിനുശേഷം പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടുന്നതിനുമായി ഏകദേശം 4-5 മണിക്കൂറുകൾ ആഹാരം ചെറുകുടലിൽ തങ്ങുന്നു.
ചെറുകുടലിലുള്ള നല്ല ബാക്ടീരിയകളും ദഹനത്തെ സഹായിക്കുന്നു. ദഹനശേഷം പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണംചെയ്യപ്പെടുകയും അവശിഷ്ടങ്ങൾ വൻകുടലിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു.
വൻകുടൽ അവശിഷ്ടങ്ങളിൽനിന്ന് ജലാംശം വലിച്ചെടുക്കുകയും വൻകുടലിലെ ബാക്ടീരിയകൾ വൈറ്റമിൻ ബി-12, ബി-2 എന്നിവ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ ആഹാരത്തിലടങ്ങിയിരിക്കുന്ന ഫൈബറുകൾ (നാരുകൾ) ബാക്ടീരിയയുടെ സഹായത്തോടെ ഭാഗികമായി ദഹനത്തിന് വിയേധമാകുകയും ചെയ്യുന്നു. ഇവയുടെ പ്രവർത്തന ഫലമായുണ്ടാകുന്ന കാർബൺഡൈ ഓക്സൈഡ്, ഹൈഡ്രജൻ, മിഥെയിൻ മുതലായ വാതകങ്ങൾ കീഴ്വായുവായി പുറന്തള്ളപ്പെടുന്നു.
മുതിർന്നവരിൽ ദഹന പ്രക്രിയ മന്ദഗതിയിലാകുന്നു. അതിനാൽ ആഹാരം ശരീരത്തിൽ കൂടുതൽ നേരം നിൽക്കുകയും മലബന്ധം, ഗ്യാസ് മുതലായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല, ആഹാരം കഴിച്ചാൽ ഒരുപാട് നേരം വയർ വീർത്തുനിന്ന് അസ്വസ്ഥതയുണ്ടാകുന്നു.
അന്നനാളത്തിന്റെ താഴത്തുള്ള പേശികൾക്ക് ശക്തിക്കുറവുണ്ടാകുന്നതുമൂലം, വയറ്റിനുള്ളിലെ ആസിഡ് തികട്ടി അന്നനാളത്തിൽ പ്രവേശിച്ച് നെഞ്ചരിച്ചിൽ ഉണ്ടാക്കുന്നു. ഒപ്പം വായ്ക്കുള്ളിൽ ഉമിനീരുൽപാദനവും വർധിക്കും.
പ്രായം കൂടുന്നതിനനുസരിച്ച് പോഷകങ്ങളുടെ ആഗിരണവും കുറയുന്നു. ഇത് വൈറ്റമിൻ ബി 12, കാൽസ്യം, ഫോളേറ്റ് മുതലായ പോഷകങ്ങളുടെ കുറവിന് കാരണമായേക്കാം. അതിനാൽ വിളർച്ച, എല്ലുകളുടെ ശക്തിക്കുറവ് മുതലായവക്ക് കാരണമാകും.
മുതിർന്നവർ മറ്റു പല മരുന്നുകളും കഴിക്കുന്നുണ്ടാകാം. ചിലതരം ബി.പി മരുന്നുകളും വേദന സംഹാരികളും മലബന്ധം വർധിപ്പിക്കും. പ്രായമായവരിൽ ഇടക്കിടക്ക് മലബന്ധവും വയറ്റിളക്കവും ഉണ്ടായാൽ വൻകുടലിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തണം. കൊളോണോസ്കോപ്പി ചെയ്യുന്നതുവഴി, പോളിപ്പ്, കാൻസർ, ഡൈവർടികുലാർ രോഗം മുതലായവ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാനാകും.
പരിപാലനം നേരത്തെ തുടങ്ങാം
ദഹന വ്യവസ്ഥയുടെ പരിപാലനം ബാല്യംതൊട്ട് തന്നെ തുടങ്ങേണ്ടതാണ്. അതിനാൽ ഏറ്റവും പ്രധാനം നല്ല പോഷകങ്ങളും നാരുകളും ധാരാളമുള്ള പച്ചക്കറികൾ, പയറുവർഗങ്ങൾ, ഫലങ്ങൾ മുതലായവ ധാരാളം ആഹാരത്തിൽ മൂന്നു നേരവും ഉൾപ്പെടുത്തുക എന്നതാണ്.
ഇത് പ്രായമാകുമ്പോൾ മലബന്ധം തടയുന്നതിനും ഡൈവേർട്ടികുലോസിസ് രോഗം ലഘൂകരിക്കുന്നതിനും സഹായിക്കും. വ്യായാമം ശീലമാക്കുക എന്നതാണ് മറ്റൊരു പ്രധാന ഉപാധി. ഇത് മലബന്ധത്തിന്റെയും വൻകുടൽ കാൻസറിന്റെയും സാധ്യത കുറക്കുന്നു. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ശീലമാക്കണം.
ദഹനവ്യവസ്ഥയെ ബാധിക്കുന്ന മരുന്നുകളുടെ ഉപയോഗം ഗണ്യമായി കുറക്കുക എന്നതാണ് മറ്റൊരു കാര്യം. പ്രത്യേകിച്ചും മലബന്ധമുണ്ടാക്കാൻ സാധ്യതയുള്ള മരുന്നുകൾ. പതിവ് ആരോഗ്യപരിശോധനകളിൽ ദഹനവ്യവസ്ഥയെയും ഉൾപ്പെടുത്തി രോഗങ്ങൾ കാലേക്കൂട്ടി കണ്ടെത്തി ചികിത്സിക്കുന്നതും പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.