കോവിഡിനേക്കാൾ മാരകമായേക്കാം ‘ഡിസീസ് എക്സ്’; വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
text_fieldsലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് ഇപ്പോഴും പൂർണമായി വിട്ടുമാറിയിട്ടില്ലെങ്കിലും വൈറസിനെ മനസ്സിലാക്കി അതിനൊപ്പം ജീവിക്കാൻ പഠിക്കുക എന്ന തലത്തിലേക്ക് ജനങ്ങളും മാറിയിട്ടുണ്ട്. നാലു വർഷത്തോളമായി വൈറസിനെ തടുക്കാനുള്ള രോഗപ്രതിരോധ മാർഗങ്ങളെല്ലാം ആരോഗ്യ വിദഗ്ധർ ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിക്കുള്ള സാധ്യതയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. 'ഡിസീസ് എക്സ്' എന്ന മഹാമാരിയാണ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. ഈ രോഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ മുൻഗണന രോഗങ്ങളുടെ പട്ടികയിൽ ഡിസീസ് എക്‌സിനെയും ഉൾപ്പെടുത്തിയതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു.
കോവിഡിനേക്കാൾ മാരകവും വ്യാപനശേഷിയുള്ള ഡിസീസ് എക്സിനെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണം എന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. ഡിസീസ് എക്സിനെക്കുറിച്ച് ലോകാരോഗ്യസംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 76-ാമത് ആഗോള ആരോഗ്യ സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇതിനെക്കുറിച്ച് പരാമർശമുള്ളത്.
വൈറസിന്റെ തീവ്രതയും രോഗവ്യാപനവും പ്രതിരോധവും കണക്കിലെടുത്ത് മുൻഗണന കൊടുക്കേണ്ട രോഗങ്ങളുടെ പട്ടികയാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. കോവിഡ് 19, ക്രിമിയൻ കോംഗോ ഹെമറേജിക് ഫീവർ, എബോള, ലാസ ഫീവർ, നിപ, സിക... ഇവയിൽ ഏറ്റവും ഒടുവിലത്തേതാണ് ഡിസീസ് എക്സ്. രോഗകാരിയെക്കുറിച്ച് വ്യക്തതയില്ലാത്തതു കൊണ്ടാണ് രോഗത്തിന് ഡിസീസ് എക്സ് എന്ന പേരു നൽകിയിരിക്കുന്നത്.
ആഗോളതലത്തിൽ തന്നെ പടർന്നുപിടിച്ചേക്കാവുന്ന ഈ രോഗം വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നത് ആകാമെന്നാണ് പറയുന്നത്. ഇതിന് ഫലപ്രദമായ ചികിത്സ ഉണ്ടായിരിക്കില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. അതിനാൽ തന്നെ ഡിസീസ് എക്സ് രൂപപ്പെട്ടാൽ അത് വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നു തുടങ്ങി ഏതു വിധേനയാണെങ്കിലും വാക്സിനുകളുടെയും മതിയായ ചികിത്സയുടെയും അഭാവം നേരിടുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
ഡിസീസ് എക്സിന്റെ തീവ്രതയെക്കുറിച്ചു പറയുമ്പോഴും രോഗത്തെക്കുറിച്ചുള്ള വ്യക്തത ഇല്ലായ്മയാണ് പ്രധാന ആശങ്ക. 2018ലാണ് ലോകാരോഗ്യസംഘടന ആദ്യമായി ഡിസീസ് എക്സ് എന്ന പദം ഉപയോഗിക്കുന്നത്. ഒരു വർഷത്തിനു പിന്നാലെ കോവിഡ് 19 എന്ന വൈറസ് ഉടലെടുക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. അന്നും ഡിസീസ് എക്സിനെക്കുറിച്ച് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ജൂണിൽ ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധരും ഡിസീസ് എക്സ് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു. ലണ്ടനിലെ മലിനജലത്തിൽ നിന്നു ശേഖരിച്ച സാമ്പിളിൽ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തുകയും, മങ്കിപോക്സ്, ലാസ ഫീവർ, പക്ഷിപ്പനി തുടങ്ങിയവ അടുത്ത കാലങ്ങളിലായി കൂടുതൽ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്. വൈറൽ മഹാമാരികളെ സ്ഥിരീകരിക്കാനുള്ള കാലതാമസം കുറക്കാനും വാക്സിനുകളും ഫലപ്രദമായ ചികിത്സയും ഉടനടി ലഭ്യമാക്കാനുമാണ് ലോകാരോഗ്യ സംഘടന ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.