കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ ദുരിതം: രോഗികളേറെ; ഡോക്ടർമാരില്ല
text_fieldsകൊച്ചി: ജില്ലയിലെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിന് സാധാരണക്കാരുടെ ചികിത്സ കേന്ദ്രമായ കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ ഒഴിഞ്ഞുകിടക്കുന്നത് 31സ്ഥിരം ഡോക്ടർ തസ്തികകൾ. 20 ചികിത്സ വകുപ്പുകളിലായി 170പേർ വേണ്ടിടത്ത് 139 സ്ഥിരംഡോക്ടർമാരാണ് ആശുപത്രിയിലുള്ളത്.
ഏറ്റവും കൂടുതൽ ഡോക്ടർമാർ വേണ്ടതും കൂടുതൽ തസ്തികകളുള്ളതുമായ ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ഒഴിവേറെയും. 20പേർ വേണ്ടിടത്ത് ഇവിടെയുള്ളത് 14 പേരാണ്. ഫിസിയോളജി വിഭാഗത്തിൽ നാല്, ജനറൽ സർജറി, ഓർത്തോപീഡിക്സ്, സ്ത്രീരോഗ വിഭാഗം, റേഡിയോ ഡയഗ്നോസിസ്, കാർഡിയോളജി-രണ്ട്, ബയോകെമിസ്ട്രി, പാത്തോളജി, മൈക്രോബയോളജി, ഫോറൻസിക് മെഡിസിൻ, പൾമണറി മെഡിസിൻ, സൈക്യാട്രി, പീഡിയാട്രിക്സ്, ഇ.എൻ.ടി, അനസ്തേഷ്യോളജി, ദന്തരോഗവിഭാഗം, ന്യൂറോളജി-ഒന്ന് എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകളെന്ന് വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നു.
അനാട്ടമി, ഫാർമക്കോളജി, കമ്യൂണിറ്റി മെഡിസിൻ, ഡെർമറ്റോളജി, ഒഫ്താൽമോളജി, പെരിയോഡോണ്ടിക്സ്, നെഫ്രോളജി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ ഒഴിവൊന്നുമില്ല. 139 സ്ഥിരം ഡോക്ടർമാരെ കൂടാതെ ജൂനിയർ-സീനിയർ റെസിഡന്റ്സ് എന്നിവരുൾപ്പെടെ 53 ഡോക്ടർമാർ കരാർ അടിസ്ഥാനത്തിലും ജോലിചെയ്യുന്നുണ്ട്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അന്വേഷണത്തിനുള്ള മറുപടിയാണിത്.
അഞ്ച് ഡയാലിസിസ് യൂനിറ്റുകൾ പ്രവർത്തനരഹിതം
മെഡിക്കൽ കോളജിൽ ആകെ 25 ഡയാലിസിസ് യൂനിറ്റുകളുണ്ടെങ്കിലും പ്രവർത്തിക്കുന്നത് 20 എണ്ണം മാത്രമാണ്. അഞ്ചെണ്ണം കാലാവധി കഴിഞ്ഞതിനെ തുടർന്ന് പ്രവർത്തന രഹിതമായി കണ്ടം ചെയ്യാനുള്ള പട്ടികയിലാണെന്നും വിവരാവകാശ രേഖയുടെ മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു.
420 രൂപക്കാണ് മെഡിക്കൽ കോളജിൽ സാധാരണയായി ഓരോ ഡയാലിസിസും ചെയ്യുന്നത്. എന്നാൽ, ബി.പി.എൽ വിഭാഗം, കാരുണ്യ, കാസ്പ്, മെഡിസെപ്, ആരോഗ്യകിരണം തുടങ്ങിയ പദ്ധതികളിലുൾപ്പെട്ടവർക്ക് ഡയാലിസിസ് സൗജന്യമാണ്.
സി.സി.ആർ.സി ചെലവ് 449 കോടി
ഉപകരണങ്ങള്‍ ഉള്‍പ്പെടെ കൊച്ചി കാന്‍സര്‍ റിസര്‍ച് സെന്ററിനായി 449 കോടിയാണ് നിലവില്‍ ചെലവ് വരുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാകും ഉണ്ടാകുക. ഇറക്കുമതി ചെയ്യേണ്ടത് ഉള്‍പ്പെടെ 210 കോടിയുടെ ഉപകരണങ്ങള്‍ വേണ്ടിവരും. നിലവില്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ കെട്ടിടത്തിലാണ് കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കളമശ്ശേരിയിലെ മെഡിക്കല്‍ കോളജിന്റെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് 368 കോടി ചെലവില്‍ എട്ടുനിലയില്‍ 8.27 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് സജ്ജമാകുന്നത്.
നിർമാണം വേഗത്തിലാക്കാൻ കലക്ടറുടെ നിർദേശം
മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്പെഷാലിറ്റി ബ്ലോക്കിന്റെയും കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെയും നിർമാണ സൈറ്റുകള്‍ സന്ദര്‍ശിച്ച് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിർമാണ പുരോഗതി വിലയിരുത്തി.
നിർമാണം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിർദേശം നല്കി. സന്ദര്‍ശനശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നിര്‍വഹണ ഏജന്‍സികളെയും പങ്കെടുപ്പിച്ച് കലക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അടിയന്തര ഇടപെടലിനായി മന്ത്രി തലത്തില്‍ പ്രത്യേക യോഗം ഉടന്‍ ചേരും. വൈദ്യുതി, മെഡിക്കല്‍ ഗ്യാസ് സിസ്റ്റം, റൂഫിങ്, ലിഫ്റ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സമയക്രമവും യോഗത്തില്‍ നിശ്ചയിച്ചു.
പരമാവധി വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ ധാരണയായി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. പ്രതാപ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹന്‍, കൊച്ചിന് കാന്‍സര്‍ റിസര്‍ച് സെന്റര്‍ ഡയറക്ടര്‍ ഡോ. പി.ജി. ബാലഗോപാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.