പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കല്ലേ സൂക്ഷിക്കണം
text_fieldsനിങ്ങൾ സ്കൂളിലും ഓഫിസിലുമെല്ലാം കുടിവെള്ളം ശേഖരിച്ചുവെക്കുന്നത് പ്ലാസ്റ്റിക് കുപ്പിയിലാണോ? എങ്കിൽ ശ്രദ്ധിക്കണം. ഈ ശീലം നിങ്ങളിൽ രക്ത സമ്മർദം വർധിക്കാനിടയാക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ആസ്ട്രിയയിലെ ഡാന്യുബ് സർവകലാശാലയിലെ മെഡിസിൻ വിഭാഗം ഗവേഷകർ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. ഗവേഷണ ഫലം ‘മൈക്രോ പ്ലാസ്റ്റിക്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആരോഗ്യ ഗവേഷണ മേഖലയിൽ മൈക്രോ പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. പ്ലാസ്റ്റിക്കില്‍നിന്ന് വിഘടിക്കുന്ന ചെറുപ്ലാസ്റ്റിക് പദാര്‍ഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. അഞ്ച് മില്ലിമീറ്ററില്‍ താഴെ വലുപ്പമുള്ള ഇവയുടെ സാന്നിധ്യം അന്തരീക്ഷത്തിൽ വല്ലാതെയുണ്ട്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമൊക്കെ മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച ഗവേഷണങ്ങൾ ഒരുപാടുണ്ട്.
സൂക്ഷ്മ പ്ലാസ്റ്റിക്കുകളായതിനാൽ അവക്ക് എളുപ്പത്തിൽ മനുഷ്യകോശങ്ങളിലേക്കും രക്തത്തിലേക്കും കടന്നുചെല്ലാനാകും. എത്രത്തോളമെന്നാൽ, മാതാവിന്റെ പ്ലാസന്റവഴി ഗർഭസ്ഥശിശുവിലേക്ക് വരെ മൈക്രോ പ്ലാസ്റ്റിക്കുകൾ എത്തുന്നതിനെക്കുറിച്ച് വരെ ആധികാരിക പഠനങ്ങളുണ്ട്. രക്തപ്രവാഹത്തിൽ മൈക്രോ പ്ലാസ്റ്റിക്കുകൾ കലർന്നാൽ അത് രക്തസമ്മർദത്തിനിടയാക്കും. അതുകൊണ്ടുതന്നെ, പ്ലാസ്റ്റിക് കുപ്പികളിൽ ശേഖരിച്ച കുടിവെള്ളം അപകടകാരിയാണെന്നാണ് ഗവേഷകർ പറയുന്നത്. മൈക്രോപ്ലാസ്റ്റിക് ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുറക്കുകയും പൈപ്പ് വെള്ളം തിളപ്പിച്ചോ ഫിൽറ്റർ ചെയ്തോ ഉപയോഗിക്കണമെന്നും ഗവേഷകർ നിർദേശിക്കുന്നു. മൈക്രോപ്ലാസ്റ്റിക്കുക്കൾ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കുന്നതിനെക്കുറിച്ച് അടുത്തിടെ പഠനം പുറത്തുവന്നിരുന്നു.
മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം മുലപ്പാലിൽ വരെ സ്ഥിരീകരിച്ച സംഭവങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് വൻഭീഷണിയാകുന്ന ഈ വില്ലനെ കരുതിയിരിക്കണമെന്നാണ് ആരോഗ്യ ഗവേഷകരുടെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.