ഉള്ളിയും കല്ലുപ്പും കഴിച്ചാൽ കോവിഡ് മാറുമോ...? സത്യമിതാണ്
text_fieldsകോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഭീതി വിതച്ച് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും ഡോക്ടർമാരുമെല്ലാം ജനങ്ങൾക്ക് ഔദ്യോഗികമായി ധാരാളം മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകുന്നുണ്ട്. കോവിഡ് വൈറസിന്‍റെ അപകടങ്ങളിൽ നിന്നും രക്ഷനേടാൻ ആയുർവേദ ഡോക്ടർമാരും വീടുകളിൽ നിന്ന് ചെയ്യാവുന്ന കാര്യങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയിരുന്നു.
വിറ്റാമിൻ സിയുടെ കലവറയായ നെല്ലിക്ക കഴിക്കാനും തുളസിയില ഹെർബൽ ചായയായും അല്ലാതെയും സേവിച്ചാൽ ചുമ, തുമ്മൽ പോലുള്ള രോഗലക്ഷണങ്ങളിൽ നിന്ന് രക്ഷനേടാമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അതുപോലെ മഞ്ഞളും കോവിഡ് കാലത്ത് ഉപയോഗിക്കാവുന്ന ഔഷധമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
എന്നാൽ, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം കോവിഡ് പ്രതിരോധ ഔഷധങ്ങളിൽ കയറിക്കൂടിയ ഒന്നാണ് ഉള്ളിയും കല്ലുപ്പും. രണ്ടും ഒരുമിച്ച് കഴിച്ചാൽ, കോവിഡ് ബാധ മാറുമെന്നാണ് പല സന്ദേശങ്ങളിലായി പ്രചരിക്കപ്പെടുന്നത്. എന്താണതിന്‍റെ വാസ്തവം...? നമുക്ക് പരിശോധിക്കാം...
ലോകാരോഗ്യ സംഘടനയുടെ വെബ് സൈറ്റിലോ ഔദ്യോഗികമായ മറ്റേതെങ്കിലും രേഖകളിലോ അതിനെ പിന്തുണക്കുന്ന തരത്തിലുള്ള പരാമർശങ്ങളൊന്നും തന്നെയില്ല. പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഉള്ളിയെയും കല്ലുപ്പിനെയും വെച്ചുള്ള അവകാശവാദങ്ങളുടെ വസ്തുത പരിശോധിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ ഡോട്ട് കോം പുറത്തുവിട്ട ഒരു ഫാക്ട് ചെക്ക് റിപ്പോർട്ടിൽ, പറയുന്നത് ഉള്ളിയും ഉപ്പും കഴിച്ചാൽ കോവിഡ് മാറുമെന്ന സന്ദേശം തീർത്തും അടിസ്ഥാന രഹിതമെന്നാണ്. വിദഗ്ധരോട് അഭിപ്രായം തേടിയതിന് ശേഷമായിരുന്നു അവർ വാർത്ത പുറത്തുവിട്ടത്. പ്രചാരണങ്ങൾ തീർത്തും വ്യാജമാണെന്നും യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാത്ത ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും വിദഗ്ധർ നിർദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.