ഡോക്ടർ-രോഗി ബന്ധം: പുതിയ മാർഗരേഖയുമായി മെഡിക്കൽ കമീഷൻ
text_fieldsപാലക്കാട്: ഡോക്ടർമാർക്ക് പുതിയ ധാർമിക മാർഗരേഖയുമായി ദേശീയ മെഡിക്കൽ കമീഷൻ. എൻ.എം.സി പുറത്തിറക്കിയ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ (പ്രഫഷനൽ കണ്ടക്ട്) കരട് റെഗുലേഷൻസ് 2022ന്‍റെ ഭാഗമാണ് പുതിയ എത്തിക്‌സ് കോഡ് പുറത്തിറക്കിയത്. ഡോക്ടർമാർ സഹാനുഭൂതി, സത്യസന്ധത, നീതി തുടങ്ങിയ ധാർമിക തത്വങ്ങൾ പാലിക്കണം. പദവി ദുരുപയോഗം ചെയ്യരുത്.
ബാഹ്യസമ്മർദങ്ങളിൽനിന്ന് മുക്തമായി മനസ്സാക്ഷിയും ധാർമികതയും അനുസരിച്ച് പ്രവർത്തിക്കണം. രോഗിയുടെ ഉത്തമ താൽപര്യം മനസ്സിൽ സൂക്ഷിച്ച് അനുകമ്പയോടെ പരിചരണം ഉറപ്പുവരുത്തണം. രോഗിയുടെ അവകാശങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കുകയും വ്യക്തമായി ആശയവിനിമയം നടത്തുകയും വേണം. എല്ലാ പ്രഫഷനൽ ഇടപെടലുകളിലും സത്യസന്ധതയും സുതാര്യതയും പുലർത്തണം. രഹസ്യസ്വഭാവവും സ്വകാര്യതയും സംരക്ഷിക്കുകയും വിവേചനമില്ലാതെ എല്ലാവരെയും പരിഗണിക്കുകയും വേണം. അടിയന്തര ഘട്ടങ്ങളിൽ ചികിത്സിക്കാൻ വിസമ്മതിക്കരുത്. ലിംഗം, വംശം, മതം, ജാതി തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിവേചനമരുത്. ഒരു രോഗിയെയും ഉപേക്ഷിക്കാൻ പാടില്ല.
വൈദ്യശാസ്ത്രത്തിൽ സൂചിപ്പിക്കാത്ത ചികിത്സകൾ നടത്തുകയോ രോഗികളെ പീഡിപ്പിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യരുത്. മറ്റു ആരോഗ്യ വിദഗ്ധരുടെ ഭാഗത്തുനിന്ന് രോഗിക്ക് ഹാനികരമായേക്കാവുന്ന അനാശാസ്യ പ്രവൃത്തികൾ, വഞ്ചന, സത്യസന്ധതയില്ലായ്മ, കഴിവില്ലായ്മ, ചൂഷണം, തെറ്റായ പെരുമാറ്റം എന്നിവയുണ്ടായാൽ അത് റിപ്പോർട്ട് ചെയ്യാൻ മടിക്കരുത്. അത്തരം സാഹചര്യങ്ങളിൽ രോഗിയുടെ താൽപര്യത്തിന് മുൻഗണന നൽകണം. വാണിജ്യ ആവശ്യങ്ങൾക്കോ വ്യക്തിഗത നേട്ടങ്ങൾക്കോ വേണ്ടി ഏതെങ്കിലും മരുന്നിന്‍റേയോ മെഡിക്കൽ ഉൽപ്പന്നത്തിന്‍റേയോ അംഗീകാരത്തിലോ പ്രൊമോഷനിലോ ഡോക്ടർമാർ ഏർപ്പെടരുതെന്നും മരുന്നു-മെഡിക്കൽ ഉപകരണ കമ്പനികൾ, വാണിജ്യ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് സമ്മാനങ്ങൾ, യാത്ര-താമസ സൗകര്യം, ധനസഹായം തുടങ്ങിയ ആനുകൂല്യങ്ങൾ സ്വീകരിക്കാൻ പാടില്ലെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.