ഉയർന്ന പ്രോട്ടീൻ അസ്ഥികളെ ദുർബലമാക്കുമോ?
text_fieldsമസിലുകൾ പെരുപ്പിക്കാൻ ഉയർന്ന അളവിൽ പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർക്ക് മുന്നറിയിപ്പ്. ഇത് നിങ്ങളുടെ എല്ലുകളെ ദുർബലമാക്കിയേക്കാം. കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിങ്ങനെ അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്ന ഘടകങ്ങൾക്ക് പഴങ്ങളിലും പച്ചക്കറികളിലും നിന്നാണ് മതിയായ പോഷകങ്ങൾ ലഭിക്കുന്നത്.
എന്നാൽ, ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങളിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും അളവ് പരിമിതമാണ്. ഇത് അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലോവ്നീത് ബത്ര പറയുന്നു. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങളുടെ അസിഡിറ്റി സ്വഭാവം കൂടുതൽ കാത്സ്യം പുറംതള്ളാനും ഇടയാക്കും.
എന്നാൽ, വിവിധ സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സുകൾ ഉപയോഗിച്ച് ഭക്ഷണക്രമം വൈവിധ്യവത്കരിക്കുന്നത് അസ്ഥികളുടെ ആരോഗ്യം നിലനിർത്താനുതകുമെന്ന് ഗുരുഗ്രാം പറാസ് ഹെൽത്തിലെ ഡയറ്ററ്റിക്സ് വിഭാഗം ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യൻ നീലിമ ബിഷ്ത് ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം പിന്തുടരുന്നവർ അസ്ഥികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകാൻ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം.
വ്യായാമത്തിൽ ഏർപ്പെടുന്നതും ആവശ്യത്തിന് വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. എന്നിരുന്നാലും, ശരീരത്തിന് അനുയോജ്യമായ പ്രോട്ടീൻ ആവശ്യകത കണ്ടെത്താൻ ഹെൽത്ത് കെയർ പ്രഫഷണലോ ഡയറ്റീഷ്യനോ ആയി കൂടിയാലോചിക്കുന്നതാണ് നല്ലത്.
അതേസമയം, ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് പ്രോട്ടീൻ കൂടിയേ തീരൂ. മതിയായ അളവിൽ പ്രോട്ടീൻ ലഭിച്ചില്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ, വിളർച്ച തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.