മരുന്ന് വില: 50 ശതമാനം വരെ വർധിപ്പിക്കാൻ കമ്പനികൾ
text_fieldsതൊടുപുഴ: അവശ്യ ഉപയോഗത്തിന്‍റെ പട്ടികയിലുള്ള എണ്ണൂറോളം മരുന്നുകളുടെ മൊത്തവില 10.7 ശതമാനം വർധിപ്പിക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) തീരുമാനിച്ചെങ്കിലും ഫലത്തിൽ വിലവർധന ഇതിൽ ഒതുങ്ങില്ലെന്ന് സൂചന. എൻ.പി.പി.എയുടെ തീരുമാനത്തിന്‍റെ ചുവടുപിടിച്ച് മരുന്ന് നിർമാണത്തിനുപയോഗിക്കുന്ന വിവിധ ഘടക പദാർഥങ്ങളുടെ ചെലവ് കണക്കാക്കി ചില മരുന്നുകളുടെ വില 15 മുതൽ 50 ശതമാനം വരെ വർധിപ്പിക്കാനാണ് കമ്പനികളുടെ നീക്കം.
പാരസെറ്റമോൾ ഉൾപ്പെടെ സാധാരണ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന എണ്ണൂറോളം മരുന്നുകളുടെ വിലയാണ് ഏപ്രിൽ ഒന്നുമുതൽ വർധിപ്പിക്കുന്നത്. ഒറ്റയടിക്ക് ഇത്ര ഉയർന്ന വർധന ആദ്യമാണ്. നേരത്തേ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വർധിപ്പിച്ചിരുന്നത്. വിപണിയിൽ ലഭ്യമായ മരുന്നുകളിൽ 70 ശതമാനവും അവശ്യമരുന്നുകളുടെ പട്ടികയിൽപെടുന്നതാണ്. കോവിഡ് പ്രതിസന്ധിയും പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റവും മൊത്തവില സൂചികയുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വില വർധിപ്പിക്കാൻ മരുന്നുകമ്പനികൾ കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്തിയത്. വില വർധിപ്പിച്ചില്ലെങ്കിൽ ചില ജീവൻരക്ഷാ മരുന്നുകളുടെ ഉൽപാദനം നിർത്തിവെക്കുമെന്ന മുന്നറിയിപ്പും ഇവർ നൽകിയിരുന്നു.
തുടർന്ന് എൻ.പി.പി.എ പ്രഖ്യാപിച്ചത് 10.7 ശതമാനമാണെങ്കിലും ഇത് മരുന്നിന്‍റെ അടിസ്ഥാനവിലയിലെ വർധന മാത്രമാണെന്നും ഉൽപാദനത്തിനും വിപണനത്തിനും ആവശ്യമായ അനുബന്ധ ഘടകങ്ങളുടെ വിലയിലെ മാറ്റം കൂടി കണക്കിലെടുക്കുമ്പോൾ ചില മരുന്നുകൾക്ക് 50 ശതമാനം വരെ വർധിപ്പിക്കേണ്ടിവന്നേക്കാമെന്നുമാണ് കമ്പനികളുടെ വാദം.
അതേസമയം, ഇപ്പോൾ പ്രഖ്യാപിച്ച വിലവർധന എണ്ണൂറോളം മരുന്നുകൾക്കും ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരില്ല. ഇതിനകം ഉൽപാദിപ്പിച്ച പല മരുന്നുകളും സ്റ്റോക്കുള്ളതിനാൽ അത് നിലവിലെ വിലയ്ക്കാകും വിൽക്കുക ചിലത് കൂടുതൽ സ്റ്റോക്കുള്ളതിനാൽ മാസങ്ങളോളം വിലക്കയറ്റം ബാധിക്കാനിടയില്ല.
പ്രതിഷേധവുമായി ഫാർമസിസ്റ്റുകൾ
കൊച്ചി: അവശ്യമരുന്നുകളുടെ വില വർധിപ്പിക്കാനുള്ള നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ (എൻ.പി.പി.എ) നീക്കത്തിൽ പ്രതിഷേധവുമായി കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ. കോവിഡ് കാലത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങി 800ഓളം മരുന്നുകളുടെ വില കൂട്ടാനുള്ള തീരുമാനം ജനദ്രോഹപരമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ജീവിതകാലം മുഴുവൻ ഉപയോഗിക്കേണ്ട ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകൾക്ക് ഉൾപ്പെടെ 10 ശതമാനത്തിലേറെയാണ് വില വർധിപ്പിക്കുന്നത്. ഇതിനെതിരെ പ്രധാനമന്ത്രിക്ക് നിവേദനം അയച്ചതായും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.