ദുബൈയിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ; 38കാരിക്ക് പുതുജീവൻ
text_fieldsദുബൈ: എമിറേറ്റിന്റെ ആരോഗ്യ ചരിത്രത്തിൽ പുതുചരിത്രം കുറിച്ച് ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ദുബൈ ഹെൽത്ത് അതോറിറ്റിയാണ് (ഡി.എച്ച്.എ) നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായത് പുറത്തുവിട്ടത്. 38 കാരിയായ സ്ത്രീയാണ് കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയമായത്.
ദുബൈ കിങ്സ് കോളജ് ഹോസ്പിറ്റലിൽ നടന്ന ശാസ്ത്രക്രിയക്ക് മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ കുടുംബമാണ് കരൾ ദാനം ചെയ്തത്. കിങ്സ് കോളജ് ഹോസ്പിറ്റലിലെ ചീഫ് ട്രാൻസ്പ്ലാന്റ് സർജനും ക്ലിനിക്കൽ ലീഡും ദുബൈയിലെ ലിവർ ട്രാൻസ്പ്ലാന്റ് സർവിസസ് ഡയറക്ടറുമായ ഡോ. പാർഥി ശ്രീനിവാസന്റെ നേതൃത്വത്തിൽ നടന്ന സൂക്ഷ്മ ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ ബുധനാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ ഡി.എച്ച്.എ തന്നെയാണ് വിളിപ്പെടുത്തിയത്.
മഞ്ഞപ്പിത്തം, കാലുകളിലും വയറിലും നീർവീക്കം ഉൾപ്പെടെ ലക്ഷണങ്ങളുമായി ആറുമാസം മുമ്പാണ് രോഗി ചികിത്സ തേടിയിരുന്നത്. മരുന്ന് ഉപയോഗിച്ചിട്ടും മാറ്റമില്ലാതെ വന്നതോടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയും തുടർചികിത്സയും പൂർത്തിയാക്കിയശേഷം രോഗി ആശുപത്രി വിട്ടെന്നും നിലവിൽ ആരോഗ്യവാനാണെന്നും ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. തശ്ഫീൻ സാദിഖ് അലി പറഞ്ഞു.
കരൾദാനത്തിന് സന്നദ്ധമായ കുടുംബത്തിന്റെ ഉദാരതയാണ് ശരിയായ സമയത്ത് ശസ്ത്രക്രിയ നടത്താൻ വഴിതുറന്നതെന്നും അവരോട് വലിയ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരൾരോഗം ജീവന് ഭീഷണിയായ സാഹചര്യത്തിലാണ് രോഗി ആശുപത്രിയിലെത്തിയതെന്നും വിശദമായ പരിശോധനയിലാണ് കരൾമാറ്റ ശാസ്ത്രക്രിയ നിർദേശിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ശാസ്ത്രക്രിയക്കുശേഷം 48 മണിക്കൂർ ഐ.സി.യുവിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് റൂമിലേക്ക് മാറ്റി. തുടർന്ന് 10 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയശേഷമാണ് ആശുപത്രി വിട്ടത്.
അവയവമാറ്റ ശാസ്ത്രക്രിയക്ക് ശേഷമുള്ള മാനദണ്ഡങ്ങൾ രോഗിയോട് പാലിക്കാൻ നിർദേശിച്ചതായും ചരിത്രപരമായ വിജയത്തിന്റെ തുടർച്ച ഉറപ്പുവരുത്തുന്നത് പ്രധാനമാണെന്നും ഡോ. അലി കൂട്ടിച്ചേർത്തു.
ദുബൈയിലെ അവയവദാന നിരക്കിൽ ശ്രദ്ധേയമായ വർധനയുണ്ടായതായും മുൻവർഷത്തെ അപേക്ഷിച്ച് 2023ൽ 117.7 ശതമാനം വർധിച്ചതായും ഡി.എച്ച്.എ സി.ഇ.ഒ ഡോ. മർവാൻ അൽ മുല്ല പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അവയവദാതാക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.