ആരോഗ്യമുള്ള ശ്വാസകോശത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കാം...
text_fieldsലോകത്ത് വർധിച്ചുവരുന്ന രോഗങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് ശ്വാസകോശ അർബുദം അഥവാ 'ലങ് കാൻസർ'. കണക്കുകൾ പ്രകാരം 2018ൽ മാത്രം പത്തര ലക്ഷത്തിലധികം പേരാണ് ശ്വാസകോശ അർബുദത്തെ തുടർന്ന് മരിച്ചിട്ടുള്ളത്.
സിഗരറ്റ്‍ വലിച്ചൂതി വിടുന്ന പുക ശ്വസിക്കുന്നത്, വായു മലിനീകരണം എന്നിവ ശ്വാസതടസത്തിനിടയാക്കുകയും പൾമണറി ഫൈബ്രോസിസ് (പിഎഫ്) പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്നു.
ചെറുപ്പം മുതലേ ശ്വാസകോശാരോഗ്യം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. സമീകൃതാഹാരം ശ്വാസകോശാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആരോഗ്യമുള്ള ശ്വാസകോശം ജീവിതം മികച്ചതാക്കും. ശ്വാസകോശാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ...
1. കുരുമുളക്
വിറ്റമിൻ സിയാൽ സമ്പുഷ്ടമാണ് കുരുമുളക്. ആന്‍റി ഓക്സിഡന്‍റായ ഇവ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തും. പുകവലി മൂലം ശ്വാസകോശത്തിനുണ്ടാകുന്ന കേടുപാടുകൾ ഒരു പരിധി വരെ കുറക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു.
2. മഞ്ഞൾ
മഞ്ഞളിലെ കുർക്കുമിൻ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മഞ്ഞൾ കഴിക്കുന്നത് ശ്വാസകോശത്തിലെ വീക്കം കുറക്കാനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
3. ചീര
ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ചീര. ചീരയിൽ ഉയർന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകളും ആന്‍റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറക്കാൻ സഹായിക്കുന്നു.
4. ബ്രോക്കോളി
ഉയർന്ന അളവിൽ വിറ്റാമിൻ സി, വിറ്റമിൻ ബി-9, ആന്‍റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി. ശരീര കോശങ്ങളിലുണ്ടാകുന്ന എല്ലാ കേടുപാടുകളെയും ഇവ പ്രതിരോധിക്കുന്നു. ബ്രോക്കോളി കഴിക്കുന്നത് ശ്വാസകോശ അർബുദത്തെ വരെ തടയാൻ സഹായിക്കുന്നു.
5. വെളുത്തുള്ളി
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശ്വസനവ്യവസ്ഥയിലുൾപ്പെടെ ശരീരത്തിലുണ്ടാകുന്ന വീക്കം കുറക്കാനും വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളി പതിവായി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധകളും മറ്റ് ശ്വാസകോശ രോഗങ്ങളും കുറക്കാൻ സഹായിക്കും.
6. ഇഞ്ചി
ഇഞ്ചി ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കുന്നു. കൂടാതെ ഹൈപ്പർ ഓക്സിയ മൂലമുള്ള ഗുരുതരമായ പ്രശ്നങ്ങളിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇഞ്ചി ചായ കുടിക്കുകയോ ഭക്ഷണത്തിൽ പുതിയ ഇഞ്ചി ചേർക്കുകയോ ചെയ്യുന്നത് ശ്വസനവ്യവസ്ഥയിലെ വീക്കം കുറക്കാനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ഈ ഭക്ഷണങ്ങൾക്ക് പുറമേ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മെച്ചപ്പെട്ട ശ്വാസകോശാരോഗ്യത്തിനുള്ള ചില നുറുങ്ങുകൾ ഇതാ..
1. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ശ്വാസകോശ അർബുദത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. അതിനാൽ പുകവലി പൂർണമായും ഒഴിവാക്കണം.
2. പതിവ് വ്യായാമം ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറക്കാനും സഹായിക്കും. എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കുന്നതും മിതമായ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
3. വീടുകളിലും സ്ഥാപനങ്ങളിലും വായുമലിനീകരണം കുറക്കുന്നതിന് എയർ പ്യൂരിഫയർ വെക്കുക. പതിവായി കൈകൾ കഴുകുക, മുഖത്ത് തൊടുന്നത് ഒഴിവാക്കുക എന്നീ മുൻകരുതലുകൾ ശ്വാസകോശരോഗങ്ങളുടെ സാധ്യത ഒരു പരിധിവരെ കുറക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ശ്വാസകോശാരോഗ്യം സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.