ജാഗ്രത!; കാസർകോട് അതിഥിത്തൊഴിലാളികളില്‍ മന്തുരോഗം വർധിക്കുന്നു
text_fieldsകാസർകോട്: ജില്ലയില്‍ അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വർധിക്കുന്നതായി ആരോഗ്യവകുപ്പ്. ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റിന്റെ നേതൃത്വത്തില്‍ (ഡി.വി.സി.യു) നടക്കുന്ന പരിശോധനകളിലാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ അതിഥിത്തൊഴിലാളികളില്‍ മന്ത് രോഗത്തിന് കാരണമായ മൈക്രോ ഫൈലേറിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഈ വര്‍ഷം ഇതുവരെ 15619 പേരെ പരിശോധിച്ചതില്‍ 95 പേരിലാണ് രോഗകാരിയെ കണ്ടെത്തിയത്. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരിലാണ് രോഗബാധ കൂടുതല്‍. ബിഹാറില്‍ നിന്നുള്ള 36 പേര്‍ക്കും ഉത്തര്‍പ്രദേശില്‍നിന്നുള്ള 25 പേര്‍ക്കും രോഗബാധ കണ്ടെത്തി.
ജില്ലയില്‍ ഡിസ്ട്രിക്ട് മൈഗ്രന്റ് സ്ക്രീനിങ് ടീം, ഡിസ്ട്രിക്ട് വെക്ടര്‍ കണ്ട്രോള് യൂനിറ്റ്, പ്രാദേശിക അടിസ്ഥാനത്തില്‍ പി.എച്ച്.സി, സി.എച്ച്.സി താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള ഫീല്‍ഡ് വര്‍ക്കര്‍മാര്‍ എന്നിവരാണ് മന്ത് രോഗ നിര്‍ണയ പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. അതിഥിത്തൊഴിലാളികളെ പരിശോധിക്കാനായി മാത്രമുള്ള സംഘം 6122 പേരെ പരിശോധിച്ചതില്‍ 88 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാക്കിയുള്ള സംഘം പരിശോധിച്ചതില്‍ ഏഴ് പേരിലും രോഗബാധ കണ്ടെത്തി. അതിഥിത്തൊഴിലാളികള്‍ കൂടുതലുള്ള ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റുകളിലുമാണ് രോഗബാധ.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
ജില്ലയില്‍ ക്യൂലക്സ് കൊതുകുകള്‍ ധാരാളമുള്ളതിനാല്‍ അതിഥിത്തൊഴിലാളികളില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാനുളള സാധ്യത നിലനില്‍ക്കുന്നുണ്ട്. പോസിറ്റീവ് കണ്ടെത്തിയ എല്ലാവര്ക്കും ചികിത്സ ലഭ്യമാക്കി വരുകയാണ്. 12 ദിവസത്തെ ചികിത്സയിലൂടെ രോഗം പടരുന്നത് ഒഴിവാക്കി മൈക്രോ ഫൈലേറിയ വിരയെ ശരീരത്തില്‍ നിന്ന് നശിപ്പിച്ച് രോഗം ഭേദമാക്കാനാവും. കൂടുതല്‍ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഈ മേഖലകളില്‍ കൊതുകിന്റെ ശരീരത്തില്‍ മൈക്രോ ഫൈലേറിയ സാന്നിധ്യം കണ്ടെത്താനായി കൊതുകകളിലും പരിശോധന നടത്തും. രോഗനിവാരണത്തിനായി ഡി.ഇ.സി അല്‍ബന്‍ഡസോള്‍ ഗുളികകളും നല്‍കിവരുന്നുണ്ട്.
സ്കൂളുകളിലും പഞ്ചായത്തുകളിലും പരിശോധന; രോഗബാധയില്ല
ജില്ലയില്‍ തിരഞ്ഞെടുത്ത സ്കൂളുകളിലും പഞ്ചായത്തുകളിലും ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതില്‍ ആര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടില്ല. ട്രാന്സ്മിഷന് അസസ്മെന്റ് സര്‍വേയുടെ ഭാഗമായി തിരഞ്ഞെടുത്ത 30 സ്കൂളുകളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളില്‍ നടത്തിയ പരിശോധനയിലും ആര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടില്ല.
എന്താണ് മന്തുരോഗം
മനുഷ്യശരീരത്തിലെ ലസിക ഗ്രന്ഥികളിലും കുഴലുകളിലും ജീവിക്കുന്ന മന്ത് വിരയാണ് രോഗത്തിന് പ്രധാന കാരണം. ഇവയുടെ കുഞ്ഞുങ്ങളായ മൈക്രോഫൈലേറിയ രക്തത്തില്‍ കാണപ്പെടുന്നു. രോഗാണുവാഹകരുടെ രക്തം കുടിക്കുന്ന ക്യൂലക്സ്, മന്‍സോണിയ വിഭാഗം കൊതുകുകള്‍ രോഗം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പരത്തുന്നു. രോഗാണുക്കള്‍ ഉള്ളില്‍ കടന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക.
മന്തുരോഗ നിവാരണ പദ്ധതി
സംസ്ഥാനത്ത് എല്ലാ വര്‍ഷവും രണ്ട് വീതം ജില്ലകളില്‍ മന്തുരോഗ നിവാരണ പദ്ധതി (എലിമിനേഷന് ഓഫ് ലിംഫാറ്റിക് ഫൈലേറിയാസിസ്) നടപ്പാക്കി വരുകയാണ്. 2023 ല്‍ കാസര്‍കോട്, ആലപ്പുഴ ജില്ലകളിലാണ് മന്തു രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
ഇതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയിലാണ് നവംബറില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളില്‍ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.