‘എൻഡോസൾഫാൻ ഇരകൾ’ 2011 വരെയുള്ളവർ മാത്രം: വിവാദ സമയപരിധിയുമായി ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളായി പരിഗണിക്കുന്നത് 2011 വരെയുള്ളവരെ മാത്രമായി പരിമിതപ്പെടുത്തി ആരോഗ്യവകുപ്പ് മാർഗരേഖ. ആനുകൂല്യങ്ങൾക്കടക്കം അർഹരെ കണ്ടെത്തുന്നതിന് തയാറാക്കിയ മാർഗരേഖയിലാണ് സമയപരിധി പരാമർശിച്ചിരിക്കുന്നത്. എൻഡോസൾഫാൻ പ്രയോഗം സംസ്ഥാനത്ത് നിരോധിച്ച് ഗസറ്റ് വിജ്ഞാപനമിറക്കിയത് 2005 ഒക്ടോബർ 25 നാണ്. പഠനങ്ങൾ അനുസരിച്ച് എൻഡോസൾഫാൻ ആഘാതം ആറ് വർഷംവരെ നീളാമെന്നും നിരോധിച്ച സമയംമുതൽ കണക്കാക്കിയാൽ 2011 ഒക്ടോബർ 25 വരെയേ വിഷസാന്നിധ്യമുണ്ടാകൂ എന്നുമാണ് ആരോഗ്യവകുപ്പിന്റെ വാദം.
ഇത് മുന്നിൽ വെച്ചാണ് എൻഡോസൾഫാൻ പ്രയോഗം ആരംഭിച്ച 1980 മുതൽ 2011 ഒക്ടോബർവരെ കാലയളവിൽ എൻഡോസൾഫാൻ ബാധിത മേഖലകളിൽ ജീവിച്ചവരെയും ഗർഭാവസ്ഥയിലുണ്ടായിരുന്നവരെയും മാത്രം ഇരകളുടെ പരിധിയിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയത്.
നാല് തലമുറകളിൽവരെ എൻഡോസൾഫാന്റെ ആഘാതമുണ്ടാകുമെന്ന ഡോ. രവീന്ദ്രനാഥ ഷാന്ബാഗ് അടക്കമുള്ളവരുടെ പഠനങ്ങൾ ചൂണ്ടിക്കാട്ടുമ്പോഴാണ് സമയപരിധി നിശ്ചയിച്ചുള്ള സർക്കാർ നീക്കം. ഇക്കാലയളവിലുള്ള രോഗബാധിതരെ എൻഡോസൾഫാൻ ഇരകളെന്ന് സ്ഥിരീകരിക്കുന്നതിന് രണ്ടുതരം പരിശോധന രീതികളാണ് മാർഗരേഖയിൽ ഉൾപ്പെടുത്തിരിക്കുന്നത്. സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഡോക്ടറുടെ പരിശോധനയാണ് ഇതിലൊന്ന്.
വിവിധ സ്പെഷാലിറ്റികളിലെ വിദഗ്ധരുൾപ്പെടുന്ന പാനലിന്റ വിശദ പരിശോധനയാണ് രണ്ടാമത്തേത്. ഫിസിഷൻ, പീഡിയാട്രിഷ്യൻ, ന്യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഫിസിക്കൽ മെഡിക്കൽ സ്പെഷലിസ്റ്റ് എന്നിവരടങ്ങുന്നതും ജില്ലതലത്തിൽ രൂപവത്കരിക്കുന്നുതുമാണ് ഈ പാനൽ.
2017 ൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ എൻഡോസൾഫാൻ ബാധിതരെന്ന് കണ്ടെത്തിയിട്ടും പിന്നീട് ഒഴിവാക്കപ്പെട്ട 1030 പേർ ഡിസംബറിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങാനിരിക്കെയാണ് വിവാദമാകുന്ന സമയപരിധി നിർണയം. 2017 ഏപ്രിലിൽ നടന്ന ക്യാമ്പിൽ 1905 പേർ ഇരകളെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് പട്ടിക 287 പേർ മാത്രമാക്കി ചുരുക്കി. പലവിധ പ്രക്ഷോഭങ്ങൾക്കൊടുവിൽ 76 പേരെക്കൂടി ചേർത്തു. എന്നാൽ, കുട്ടികളെല്ലാം അപ്പോഴും ഒഴിവാക്കപ്പെട്ടു.
2019 ൽ ദയാബായി അടക്കം പങ്കെടുത്ത സെക്രട്ടേറിയറ്റ് സമരത്തെതുടർന്നാണ് 511 കുട്ടികളെക്കൂടി പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ തയാറായത്. അപ്പോഴും 1031 പേർ പുറത്താണ്. ഇവരാണ് തലസ്ഥാനത്തേക്ക് വീണ്ടും സമരത്തിനെത്തുന്നത്. 2010 ലെ ക്യാമ്പിൽ 4152 ഉം 2011 ൽ 1318 ഉം 2013 ൽ 348 ഉം പേരെയാണ് ഇരകളാണ് കണ്ടെത്തിയത്. അനുപാതികമായി തുടർവർഷങ്ങളിൽ എണ്ണം കുറയണമെന്ന നിലപാടാണ് ഇത്തരത്തിൽ പട്ടിക കുറയ്ക്കലിന് കാരണമെന്നാണ് സമരസമിതിയുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.