പകർച്ചവ്യാധികൾ ഒഴിയുന്നില്ല; ജൂലൈയിൽ 74 മരണം
text_fieldsപാലക്കാട്: മഴ അൽപം ശമിച്ചെങ്കിലും സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഒഴിയുന്നില്ല. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ വിവിധ തരം പനികൾ ബാധിച്ച് ജൂലൈയിൽ മാത്രം 74 മരണങ്ങളാണുണ്ടായത്. ഇതിൽ കൂടുതൽ മരണം സംഭവിച്ചത് എലിപ്പനി ബാധിച്ചാണ്-27 പേർ.
ഇതിനുപുറമെ 22 മരണങ്ങൾ എലിപ്പനി ബാധിച്ചാണോയെന്ന് സംശയിക്കുന്നുമുണ്ട്. 440 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എച്ച്1എൻ1 ബാധിച്ച് 24 പേരും ഇക്കാലയളവിൽ മരിച്ചു.
ഡെങ്കിപ്പനി മൂലം ഏഴുപേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് എട്ടുപേരും വയറിളക്ക രോഗങ്ങൾമൂലം നാലുപേരും ചിക്കൻ പോക്സ് ബാധിച്ച് രണ്ടുപേരും മരിച്ചു.
നിപ, വെസ്റ്റ് നൈൽ എന്നിവ ബാധിച്ച് രണ്ടുപേർക്കും ജീവൻ നഷ്ടപ്പെട്ടു. 3805 പേർക്കാണ് കഴിഞ്ഞമാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 12 പേരുടെ മരണം ഡെങ്കി മൂലമാണോ എന്ന് സംശയമുണ്ട്.
ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ പനി, ഹെപ്പറ്റൈറ്റിസ്, എച്ച്1 എൻ1 എന്നിവ ബാധിച്ച് ഓരോ ആൾ വീതവും എലിപ്പനി ബാധിച്ച് രണ്ടു പേരും മരിച്ചു. ഈ വർഷം ഇതുവരെ 90 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. എച്ച്1എൻ1 ബാധിച്ച് 35 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 33 പേരും ഡെങ്കിപ്പനി മൂലം 29 പേരും മരിച്ചു.
വെസ്റ്റ് നൈൽ നാലുപേരുടെ ജീവനെടുത്തപ്പോൾ ചെള്ളുപനി ബാധിച്ച് അഞ്ചുപേരാണ് മരിച്ചത്. ഇതിനുപുറമെ പനി ബാധിച്ച് ഒമ്പതുപേരും മലേറിയ മൂലം ഒരാളും മരിച്ചു. 14 പേർ ചിക്കൻപോക്സ് മൂലവും മരിച്ചു.
വയറിളക്ക രോഗങ്ങൾ ഒമ്പത് പേരുടെ ജീവനെടുത്തു. റാബിസ് ബാധിച്ച് 13 പേർ മരിച്ചു. എ.ഇ.എസ് (അക്യൂട്ട് എൻസഫലിറ്റിസ് സിൻഡ്രോം) ബാധിച്ച് രണ്ടുപേർക്കും ജീവൻ പൊലിഞ്ഞു. ആഗസ്റ്റിൽ മൂന്നു ദിവസത്തിനിടെ 32,746 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.