ലെപ്റ്റിൻ പറഞ്ഞാലും നിങ്ങൾ ഭക്ഷണം നിർത്തില്ലേ?
text_fieldsനിങ്ങളുടെ ശരീരം ലെപ്റ്റിനെന്നു പേരുള്ള ഈ ഹോർമോൺ പുറപ്പെടുവിക്കുന്നത് ഒരു സിഗ്നലായാണ്, ഭക്ഷണം കഴിക്കുന്നത് മതിയാക്കാനുള്ള സിഗ്നൽ. എന്നാൽ ചിലരിൽ ഈ സിഗ്നൽ മറികടക്കാനുള്ള പ്രേരണ സൃഷ്ടിക്കപ്പെട്ട്, ഭക്ഷണം കഴിക്കൽ തുടരുന്നുവെന്നും ഇതാണ് അമിതവണ്ണം അടക്കമുള്ള ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നതെന്നും വിദഗ്ധർ പറയുന്നു. .
‘‘അമിതവണ്ണമുള്ളവരിൽ ഭൂരിഭാഗവും ലെപ്റ്റിൻ റെസിസ്റ്റൻസ് ഉള്ളവരാണ്. ഈ ഹോർമോണിന്റെ മുന്നറിയിപ്പ് തിരിച്ചറിയാൻ കഴിയാതെ ഭക്ഷണം കഴിക്കൽ തുടരുന്നവരാണ് ഇത്തരക്കാർ’’ -പ്രമുഖ ഹെൽത്ത് കോച്ച് ഡോ. ഹർഷിനി ജെയ്ൻ പറയുന്നു.
ലെപ്റ്റിൻ റെസിസ്റ്റൻസ്
ശരീരത്തിലെ കൊഴുപ്പു കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ലെപ്റ്റിൻ ഹോർമോണിനോട് തലച്ചോറിന്റെ പ്രതികരണം കുറയുമ്പോഴുള്ള അവസ്ഥയാണ് ലെപ്റ്റിൻ റെസിസ്റ്റൻസ്. ‘‘ഒരു വ്യക്തിയുടെ ഊർജവിനിയോഗവും വിശപ്പും നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണാണ് ലെപ്റ്റിൻ’’ -മുംബൈ ഗ്ലെൻഈഗിൾസ് ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. മഞ്ജുഷ അഗർവാൾ വിശദീകരിക്കുന്നു.
ആരോഗ്യമുള്ള മെറ്റബോളിക് സമവിധാനമുള്ള ശരീരമാണെങ്കിൽ, ആവശ്യമായ ഊർജം കൊഴുപ്പായി സംഭരിച്ചുവെന്ന് തലച്ചോറിനെ ലെപ്റ്റിൻ ഹോർമോൺ ഉണർത്തും. ഇതോടെ വിശപ്പടങ്ങിയതായി തലച്ചോറിന് തിരിച്ചറിവുണ്ടാകുന്നു. അതിന്റെ ഫലമായി ഭക്ഷണം മതിയാകുന്നു. എന്നാൽ, ലെപ്റ്റിൻ പ്രതിരോധമുള്ളവരിൽ ഈ പ്രവർത്തനം നടക്കാതിരിക്കുകയും വിശപ്പ് തോന്നിക്കൊണ്ടിരിക്കുകയും ചെയ്യും. ഫലമോ, അമിത ഭക്ഷണവും അമിതവണ്ണവും-ഡോ. മഞ്ജുഷ പറയുന്നു.
ശരീരത്തെ ബാധിക്കുന്നതെങ്ങനെ?
ടൈപ് 2 പ്രമേഹം, കാർഡിയോവാസ്കുലാർ രോഗങ്ങൾ, അമിതവണ്ണം കൊണ്ടുള്ള നീർക്കെട്ട് തുടങ്ങിയ അവസ്ഥകൾ ലെപ്റ്റിൻ റെസിസ്റ്റൻസുമായി ബന്ധപ്പെട്ടു കിടക്കുന്നു. ‘‘ഉറക്കമില്ലായ്മ, മനോസമ്മർദം, ഹൈ പ്രോസസ്ഡ് ഭക്ഷണങ്ങൾ തുടങ്ങിയവ ഈ അവസ്ഥയെ രൂക്ഷമാക്കുമെന്നും ഡോ. മഞ്ജുഷ കൂട്ടിച്ചേർക്കുന്നു.
പരിഹാരമെന്ത് ?
ലെപ്റ്റിൻ പ്രതിരോധമെന്ന ശരീരത്തിന്റെ അവസ്ഥ മറികടക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശീലിക്കാം:
പ്രോസസ്ഡ് ഭക്ഷണങ്ങൾ ഒഴിവാക്കണം.
ദൈനംദിന വ്യായാമം.
8-9 മണിക്കൂർ ഉറക്കം അനിവാര്യം.
പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം പതിവാക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.